യുണൈറ്റഡ്നേഷന്‍സ്: ലോകവ്യാപകമായി വധശിക്ഷ നിര്‍ത്തലാക്കണമെന്ന് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ആവശ്യപ്പെട്ടു. മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി അജ്മല്‍ കസബിനെ തൂക്കിലേറ്റിയതിന് തൊട്ടുപിറകെയാണ് ബാന്‍ കി മൂണ്‍ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്. വധശിക്ഷക്ക് മൊറോട്ടോറിയം ഏര്‍പ്പെടുത്തുന്നതിനുള്ള പ്രമേയം പൊതുസഭയില്‍ പാസാക്കിയതിന് നന്ദി പറഞ്ഞുകൊണ്ടാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്.
ഇന്ത്യയും, യുഎസും, ചൈനയും ഉള്‍പ്പെടെ 39 രാജ്യങ്ങളാണ് യുഎന്‍ പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്തത്. 110 രാഷ്ട്രങ്ങള്‍ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ 36 രാഷ്ട്രങ്ങള്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു. 150 രാഷ്ട്രങ്ങള്‍ വധശിക്ഷയില്‍ നിന്ന് വിട്ട് നില്‍ക്കുകയോ, താല്‍ക്കാലികമായി വിട്ട് നില്‍ക്കുകയോ ചെയ്തിട്ടുണ്ട്. 2007 ല്‍ ചേര്‍ന്ന യുഎന്‍ സമ്മേളനത്തിലാണ് ആദ്യമായി ഇക്കാര്യം മുന്നോട്ട് വെച്ചത്. ഇതിനുശേഷം വധശിക്ഷക്ക് അനുകൂലമായി ലോകരാജ്യങ്ങള്‍ നിലപാട് സ്വീകരിച്ചത് വലിയ കാര്യമാണെന്ന് ബാന്‍ കി മൂണ്‍ പറഞ്ഞു.
അടുത്ത തവണ മൊറോട്ടോറിയം അവതരിപ്പിക്കുമ്പോള്‍ ലോകരാഷ്ട്രങ്ങള്‍ അതിനെ പിന്തുണക്കണമെന്നും ബാന്‍ കി മൂണ്‍ ആവശ്യപ്പെട്ടു. ഇന്ത്യയില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് 17 പേരാണ് ഉള്ളത്. അഫ്സല് ഗുരുവിന്റേതടക്കമുള്ള 17 ദയാഹര്‍ജികളാണ് തൂരുമാനമെടുക്കാനുള്ളത്. അഫ്സല് ഗുരുവിന്റേതടക്കം ഏഴ് ദയാഹര്‍ജികള്‍ പുന:പരിശോധിക്കുവാന്‍ രാഷ്ട്രപതി ആഭ്യന്തരമന്ത്രാലയത്തിന് അയച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: