ചങ്ങനാശേരി: നഗരസഭ വെറും നോക്കുകുത്തിയായി മാറുന്നു. നഗരസഭാ കൗണ്‍സിലില്‍ എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പില്‍ വരുത്തുന്നില്ല. മാലിന്യം റോഡില്‍ നിക്ഷേപിക്കുന്നവര്‍ക്കെതിരെ നടപടി, അലഞ്ഞുതിരിയുന്ന കന്നുകാലികളെ റോഡില്‍ കണ്ടാല്‍ പിടിച്ചുകെട്ടുമെന്നുള്ള പ്രഖ്യാപനം, പ്ലാസ്റ്റിക് വില്പന തടയുന്നതും പുകയില ഉല്പന്നങ്ങള് വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി കൗണ്‍സിലില്‍ തീരുമാനിച്ചുവെങ്കിലും ഇവയൊന്നും നടപ്പില്‍ വരുത്താന്‍ കഴിയാതെ നഗരസഭ നോക്കുകുത്തിയായി മാറുകയാണ്. നഗരത്തിലും ബസ്റ്റാന്റുകളിലും മാലിന്യം കൂമ്പാരമായി മാറുന്നു. പെരുന്ന നമ്പര്‍-2 ബസ്റ്റാന്റിലും, നമ്പര്‍ 1 ബസ്റ്റാന്റിലും സ്വകാര്യ ഹോസ്പിറ്റലിനു മുന്നിലും പെരുന്ന ഗവ.എല്‍പി സ്കൂളിനു സമീപവും മാലിന്യം കുമിഞ്ഞുകൂടുകയാണ്. പുകയില ഉല്പന്നങ്ങളും കട്ടികുറഞ്ഞ പ്ലാസ്റ്റിക് ബാഗുകളും വ്യാപാരസ്ഥാപനങ്ങളില്‍ തകൃതിയായി നടക്കുന്നു. രോഗഗ്രസ്ഥയായ പശുവിനെ കശാപ്പുചെയ്ത് മാംസംവിറ്റ സംഭവത്തിനുശേഷം നഗരത്തില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന കന്നുകാലികളെ കണ്ടാല്‍ നഗരസഭ പിടിച്ചുകെട്ടുമെന്നും ലേലം ചെയ്യുമെന്നും പ്രഖ്യാപനം നടത്തിയിരുന്നു.
എന്നാല്‍ കഴിഞ്ഞ രണ്ടാഴ്ചയായി നഗരത്തിലൂടെ പശുക്കള്‍ അലഞ്ഞുതിരിഞ്ഞു നടക്കാന്‍ തുടങ്ങിയിട്ടും നഗരസഭാധികൃതര്‍ കണ്ടില്ലെന്നു നടിക്കുന്നു. പെരുന്ന നമ്പര്‍-2 ബസ്റ്റാന്റുകളില്‍ സ്ഥാപിച്ചിട്ടുള്ള ഇരിപ്പിടങ്ങളില്‍ മൂട്ട ശല്യം വര്‍ദ്ധിച്ചതോടെ യാത്രികര്‍ കസേരകളില്‍ ഇരിക്കാറില്ല. ബസ്റ്റാന്റിലെ ഓടയ്ക്കു മൂടിയില്ലാത്തതുമൂലം അപകടസാധ്യത വളരെ കൂടുതലാണ്. ഇതിനെ സംബന്ധിച്ച് നിരവധി തവണ പരാതി നല്‍കിയിട്ടും നഗരസഭ നടപടികളാരംഭിച്ചിട്ടില്ല. ബസ്റ്റാന്റിനുള്ളിലെ ലൈറ്റുകള്‍ പലതും പ്രകാശിക്കാത്തതു കാരണം ഇവിടെ രാത്രികാലങ്ങളില്‍ സാമൂഹ്യവിരുദ്ധരുടെ ശല്യം ഏറിവരുന്നതായും പരാതിയുണ്ട്. അയ്യപ്പന്മാരുടെ തിരക്കേറുന്ന സാഹചര്യത്തില്‍ ബസ്റ്റാന്റുകളിലും നഗരത്തിലും വൈദ്യുതി നിലയ്ക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും പോലീസിന്റെ സേവനം കൂടുതലായി ഉണ്ടാകണമെന്നുള്ള ആവശ്യം ശക്തമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: