സ്വന്തം ലേഖകന്‍
എരുമേലി: ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമായി ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കുന്ന ശബരിമല തീര്‍ത്ഥാടകര്‍ക്ക് ക്ഷേത്രം മേല്‍ശാന്തി ഇലപ്രസാദം നല്‍കരുതെന്ന എരുമേലി ക്ഷേത്രത്തിന്റെകൂടി ചുമതലയുള്ള മുണ്ടക്കയം ദേവസ്വം ഡെപ്യൂട്ടി കമ്മീഷണറുടെ നിര്‍ദ്ദേശം വിവാദമാകുന്നു.
കഴിഞ്ഞദിവസം ഡപ്യൂട്ടി കമ്മീഷണര്‍ പി.ആര്.ബാലചന്ദ്രന് നേരിട്ടെത്തിയാണ് ക്ഷേത്രം മേല്‍ശാന്തിയോട് ഇലപ്രസാദം തീര്‍ത്ഥാടകര്‍ക്ക് നല്‍കരുതെന്ന് ആവശ്യപ്പെട്ടത്. മേല്‍ശാന്തിമാര്‍ നല്കുന്ന പ്രസാദത്തിന് തീര്‍ത്ഥാടകര്‍ ദക്ഷിണ നല്‍കുന്നതിലൂടെ ദേവസ്വം ബോര്‍ഡിന്റെ കാണിക്കയിനത്തിലുള്ള വരുമാനം കുറയുമെന്നതാണ് ഇലപ്രസാദത്തിന് വിലക്കേര്‍പ്പെടുത്താന്‍ കാരണമായത്. സംഭവം സംബന്ധിച്ച് ശാന്തിക്കാര്‍ അന്വേഷിച്ചപ്പോള്‍ രണ്ടുദിവസത്തിനകം തീരുമാനം അറിയിക്കാമെന്നും ഡപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞതായും ശാന്തിക്കാര്‍ പറഞ്ഞു.
എന്നാല്‍ ക്ഷേത്രശ്രീകോവിലിനു മുന്നില്‍നിന്നും തൊഴുതു വണങ്ങുന്ന തീര്‍ത്ഥാടകരെ മാറ്റിവിടാനും, മേല്‍ശാന്തിമാരെക്കൊണ്ട് ദക്ഷിണ വാങ്ങാതിരിപ്പിക്കാനുമായി ശ്രീകോവിലിനു തൊട്ടുമുന്നിലായി ജീവനക്കാരെയും ദേവസ്വം ബോര്‍ഡ് നിയോഗിച്ചിട്ടുണ്ട്. ഇതിനുപുറമെയാണ് ഇലപ്രസാദം തീര്‍ത്ഥാടകര്‍ക്ക് നല്‍കരുതെന്ന് ചൂണ്ടിക്കാട്ടി ഡപ്യൂട്ടി കമ്മീഷണര്‍തന്നെ രംഗത്തെത്തിയിരിക്കുന്നത്. കീറിയെടുത്ത വാഴയിലയില്‍ ചന്ദനവും, ഭസ്മവും, പൂക്കളും, കുങ്കുമവും വച്ച് അര്‍ച്ചന ചെയ്തും മറ്റുമായി നല്കുന്ന ഇലപ്രസാദം തയ്യാറാക്കുന്നത് ശാന്തിക്കാര്‍ മാത്രമാണ്. ദേവസ്വം ബോര്‍ഡിന് യാതൊരുവിധ ചിലവും ഇല്ല. പക്ഷെ ശ്രീകോവിലിലിരിക്കുന്ന തിരുമേനിമാര് ദക്ഷിണ വാങ്ങാതിരിക്കാന്‍ ജീവനക്കാരെ തന്നെ നിയമിച്ചതിനു തൊട്ടുപിറകെ വിലക്കേര്‍പ്പെടുത്തിയ നടപടി തീര്‍ത്ഥാടകരോടുള്ള വെല്ലുവിളിയാണെന്നും നാട്ടുകാര്‍ പറഞ്ഞു.
ശബരിമല തീര്‍ത്ഥാടനകാലമായതിനാല്‍ നാട്ടുകാരായവരുടെ തിരക്ക് കുറയുകയും പ്രസാദവിതരണം അനിശ്ചിതത്വത്തിലെത്തിയതോടെ മേല്‍ശാന്തിമാരും പ്രതിസന്ധിയിലായിരിക്കുകയാണ്. തീര്‍ത്ഥാടകരുടെ സംഘത്തിലെ ഗുരുസ്വാമിമാരാണ് മിക്കപ്പോഴും മേല്‍ശാന്തിമാരുടെ കയ്യില്‍നിന്നും ഇലപ്രസാദം വാങ്ങാറുള്ളത്. പ്രസാദവിതരണത്തിനും മറ്റ് പൂജകള്‍ക്കുമായി മേല്‍ശാന്തിമാരുടെ നേതൃത്വത്തില്‍ നിരവധി ശാന്തിക്കാരാണ് മിക്കക്ഷേത്രങ്ങളിലും എത്തി ജോലിചെയ്യുന്നത്.
എരുമേലി ക്ഷേത്രത്തില്‍ മാത്രമല്ല ദേവസ്വം ബോര്‍ഡിന്റെ ശബരിമല തീര്‍ത്ഥാടകരെത്തുന്ന ക്ഷേത്രങ്ങളിലെല്ലാം ഇലപ്രസാദം നല്കുമ്പോള് എരുമേലിയില്‍ മാത്രം തടഞ്ഞുകൊണ്ടുള്ള ദേവസ്വം ഡെപ്യൂട്ടിയുടെ തീരുമാനം വ്യാപക പ്രതിഷേധത്തിന് വഴിയൊരുക്കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: