മുണ്ടക്കയം: ശബരിമല തീര്‍ത്ഥാടനകാലത്ത് ഹൈറേഞ്ച് മേഖലയിലുണ്ടാകുന്ന അപകടങ്ങള്‍ തടയുവാന്‍ പെരുവന്താനം പോലീസിന്റെ നേതൃത്വത്തില്‍ 18 പേര് അടങ്ങുന്ന പ്രത്യേക സംഘം തയ്യാര്‍.
ഇടുക്കി ജില്ലയുടെ കവാടമായ മുണ്ടക്കയം കല്ലേപാലം മുതല്‍ മുറിഞ്ഞപുഴവരെയുള്ള ഭാഗത്താണ് ശബരിമല തീര്‍ത്ഥാടനകാലത്ത് അപകടം ഉണ്ടാകുന്ന പ്രധാന സ്ഥലങ്ങള്‍. ഒരു തീര്‍ത്ഥാടനകാലത്ത് 25ല്‍ ഏറെ അപകടങ്ങള്‍ ഉണ്ടാവുക. ഇതില്‍ നിരവധി ജീവനും നഷ്ടപ്പെട്ടിട്ടുണ്ട്. ഇതിന് ഒരു പരിധിവരെ കാരണം മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വാഹനം ഓടിച്ചുവരുന്ന ഡ്രൈവര്‍മാര്‍ ഉറങ്ങുന്നതും റോഡിലെ ഭയങ്കര വളവുകളും ആണ്. ഇതിനെ തടയുക എന്ന ലക്ഷ്യത്തോടെയാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 18 പേര് അടങ്ങുന്ന ഈ സംഘം പ്രവര്‍ത്തനം ആരംഭിച്ചത്. ശബരിമല തീര്‍ത്ഥാടനകാലം അവസാനിക്കുന്നതുവരെ ഈ സംഘത്തിന്റെ പ്രവര്‍ത്തനം ഉണ്ടാകും.
കല്ലേപാലം മുതല്‍ മുറിഞ്ഞപുഴവരെയുള്ള അപകട വളവുകളിലും പ്രധാന ജംഗ്ഷനിലും ഇവര്‍ രാത്രിപകലെന്ന വ്യത്യാസമില്ലാതെ ഉണ്ടാകും. രാത്രിസമയങ്ങളില്‍ വരുന്ന തീര്‍ത്ഥാടന വാഹനങ്ങള്‍ പരിശോധിച്ച് അയ്യപ്പന്മാര്ക്ക് ശരിയായ വഴിപറഞ്ഞുകൊടുത്ത് അപകടസാധ്യതയുള്ള സ്ഥലങ്ങളെപറ്റി ബോധവല്കരണം നല്‍കിയശേഷമാണ് പറഞ്ഞയയ്ക്കുക. ഈ സംഘത്തില്‍ പ്രവര്‍ത്തിക്കുന്ന 18 പേര്‍ക്ക് മറ്റ് ശബരിമല ഡ്യൂട്ടി ഒന്നും തന്നെയില്ല. തീര്‍ത്ഥാടനത്തിന് തിരക്ക് വര്‍ദ്ധിക്കുന്നതനുസരിച്ച് ഈ സംഘത്തിലേക്ക് കൂടുതല്‍ ആളുകളെ നിയമിക്കുമെന്നും രാത്രിസമയങ്ങളില്‍ ഈ സ്ഥലങ്ങളിലൂടെ ബൈക്ക് പെട്രോളിംഗ് കര്‍ശനമാക്കിയിരിക്കുകയാണ്. പെരുവന്താനം എസ്ഐ റ്റി.ഡി.സുനില്‍കുമാര്‍, പയസ് കെ.തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: