കോട്ടയം: ഹൈക്കോടതിയും ട്രൈബ്യൂണലും അനധികൃതമെന്ന് വിധിച്ച സ്വര്‍ഗ്ഗീയ വിരുന്നിന്റെ നാഗമ്പടത്തെ ഷെഡ് ഉടന്‍ പൊളിച്ചുമാറ്റണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു. 1987-ല്‍ നാഗമ്പടം ഡെവലപ്മെന്റ് സ്കീമില്‍പ്പെടുത്തി മാറ്റി ഇട്ടിരുന്ന സ്ഥലത്ത്, സ്ഥിരമോ താല്ക്കാലികമോ ആയ യാതൊരു നിര്‍മ്മാണ പ്രവര്‍ത്തനവും പാടില്ല എന്ന് നിയമമിരിക്കേ, ഇതിനെയൊക്കെ അവഗണിച്ചുകൊണ്ട് കോട്ടയം നഗരസഭ സ്വര്‍ഗ്ഗീയവിരുന്ന് അധികൃതര്‍ക്ക് താല്കാലിക ഷെഡിന് ആറുമാസത്തേക്ക് അനുമതി നല്‍കുകയും പലതവണ പുതുക്കി നല്‍കുകയും ചെയ്തു.
വിവരാവകാശ നിയമപ്രകാരം 2009 മുതല്‍ ഷെഡ് അനധികൃതമാണെന്ന് മറുപടി നല്കിയ നഗരസഭ ഹിന്ദുഐക്യവേദിയുടെ പ്രക്ഷോഭത്തെതുടര്‍ന്ന് 2011 നവംബര്‍ 2ന് പൊളിച്ചുമാറ്റാന്‍ ഉത്തരവ് നല്കി. എന്നാല്‍ സ്വര്‍ഗ്ഗീയവിരുന്നുകാരുടെ സ്വാധീനത്തിന് വഴങ്ങി 2012 ഫെബ്രുവരി 29ന് നിയമത്തെ വെല്ലുവിളിച്ച് ആറുമാസത്തേക്കു കൂടി ഷെഡിന് നഗരസഭ പ്രവര്‍ത്തനാനുമതി നല്കി. കലക്ടറുടെ അനുമതിയില്ലാതെ പ്രവര്‍ത്തിച്ച സ്വര്‍ഗ്ഗീയവിരുന്നിനെതിരെ ഹിന്ദു ഐക്യവേദി ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയും ജൂലൈ 31ന് ഹൈക്കോടതി സ്വര്‍ഗ്ഗീയ വിരുന്നിന്റെ പ്രവര്‍ത്തനം നിരോധിച്ചു. എന്നാല്‍ ആഭ്യന്തരമന്ത്രിയുടെ സമ്മര്‍ദ്ദം ഉണ്ട് എന്ന കാരണം പറഞ്ഞ കളക്ടര്‍ ആഗസ്റ്റ് 28 വരെ പ്രാര്‍ത്ഥനയ്ക്ക് അനുമതി നല്കി. ആഗസ്റ്റ് 28ന് കാലാവധി തീരുന്നതിനു മുന്‍പ് വീണ്ടും നഗരസഭ ഷെഡിന്റെ കാലാവധി പുതുക്കി നല്‍കിയതിനെ ഹിന്ദുഐക്യവേദി ട്രൈബ്യൂണലില്‍ ചോദ്യം ചെയ്യുകയും പുതുക്കിയ നടപടി അസാധുവാക്കുകയും ചെയ്തു. 2012 നവംബര്‍ 7ന് ഷെഡിന് നഗരസഭ അനുമതി നല്‍കിയത് നിയമവിരുദ്ധമാണെന്നുള്ള വിധി ട്രൈബ്യൂണലില്‍ ഉണ്ടായ സ്ഥിതിക്ക് നാഗമ്പടത്തെ ഷെഡ് ഉടന്‍ പൊളിച്ചുമാറ്റണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു.
അനധികൃതമാണെന്ന വിധി വന്നിട്ടും, നിരവധി പരാതികള്‍ നല്‍കിയിട്ടും ക്രിസ്ത്യന്‍ ആരാധനാലയം എന്ന ബോര്‍ഡ് പ്രദര്‍ശിപ്പിച്ച് ഷെഡ് നിലനിര്‍ത്തിയിരിക്കുന്നത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്. പരാതികള്‍ ലഭിച്ചിട്ടും നടപടിയെടുക്കാത്ത കളക്ടര്‍ സ്വര്‍ഗ്ഗീയവിരുന്നുകാരോടുള്ള വിധേയത്വം പരസ്യമായി പ്രകടിപ്പിക്കുകയാണ്. നിരവധി കേസുകളില്‍ പ്രതികളായ സ്വര്‍ഗ്ഗീയവിരുന്നുകാരോടുള്ള കളക്ടറുടെ വഴിവിട്ട ബന്ധം അന്വേഷിച്ച് കളക്ടര്‍ക്കെതിരെ നടപടി എടുക്കണമെന്നും ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു. ഹൈക്കോടതി സ്വര്‍ഗ്ഗീയ വിരുന്നിന്റെ പ്രവര്‍ത്തനം നിരോധിച്ചപ്പോള്‍ സ്വര്‍ഗ്ഗീയവിരുന്നിനെ സംരക്ഷിക്കാന്‍ കളക്ടര്‍ താല്കാലികമായി അനുമതി നല്‍കിയത് വന്‍പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഹിന്ദു ഐക്യവേദി കളക്ടറുടെ ബംഗ്ലാവിലേക്കും, ആഭ്യന്തരമന്ത്രിയുടെ കോട്ടയം ഓഫീസിലേക്കും മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. ഷെഡിന്റെ പ്രവര്‍ത്തനം ട്രൈബ്യൂണല്‍ നിരോധിച്ചെങ്കിലും സ്പോര്‍ട്സ് കൗണ്‍സിലിന്റെ മൈതാനം നിയമങ്ങളെ മറികടന്ന് വാടകയ്ക്ക് എടുത്ത് സ്ഥിരം ഷെഡ്ഡ് നിര്‍മ്മിച്ച് സ്വര്‍ഗ്ഗീയവിരുന്ന് മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ നിര്‍ബാധം തുടരുകയാണ്. ഇതിനെതിരെ പരാതി നല്‍കിയിട്ടും യാതൊരു നടപടിയും എടുക്കാത്തത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. ഹൈക്കോടതി നിരോധിച്ച സ്വര്‍ഗ്ഗീയവിരുന്നിന് സംരക്ഷണം നല്‍കാനാണ് കളക്ടറും സ്പോര്‍ട്സ് കൗണ്‍സിലും തീരുമാനിക്കുന്നതെങ്കില്‍ ഉടന്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും ഹിന്ദു ഐക്യവേദി മുന്നറിയിപ്പ് നല്കി.
2009ല്‍ എസ്എന്‍ഡിപിയുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ആറുമാസത്തിനകം സ്ഥലം വിട്ടോളാം എന്ന് അന്നത്തെ കളക്ടറോട് സമ്മതിച്ച സ്വര്‍ഗ്ഗീയവിരുന്നുകാരുടെ ഷെഡ് നിലനിര്‍ത്തുകയും ട്രൈബ്യൂണല്‍ വിധി വന്നിട്ടും ഷെഡ്ഡ് പൊളിച്ചുമാറ്റാതിരിക്കുകയും പോലീസിനെക്കൊണ്ട് കള്ള റിപ്പോര്‍ട്ട് തയ്യാറാക്കി സ്ഥിരനിര്‍മ്മാണത്തിന് പിന്‍വാതിലിലൂടെ അനുമതി നല്‍കാനുള്ള വഴിവിട്ട നീക്കങ്ങള്‍ നടത്തുന്നതിനെതിരേയും ബഹുജനപ്രക്ഷോഭത്തിന് ഉടന്‍ രൂപം നല്‍കുമെന്നും ഹിന്ദുഐക്യവേദി ജില്ലാ സംഘടനാ സെക്രട്ടറി എം.വി.ഉണ്ണികൃഷ്ണന് മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: