കൊച്ചി: അതീവഗുരുതരമായ സ്ഥിതിവിശേഷത്തിലേക്ക് നയിക്കുന്ന പ്രമേഹരോഗാന്ധതക്കെതിരെ (ഡയബെറ്റിക് റെറ്റിനോപ്പതി) മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് നേത്രരോഗവിദഗ്ധരുടെ മുന്നറിയിപ്പ്.
തക്കസമയത്ത് ചികിത്സ ലഭിച്ചാല്‍ ഗുരുതരമായ റെറ്റിനോപ്പതിയുള്ളവരില് 90 ശതമാനം പേരുടെയും അന്ധതതടയാന് കഴിയുമെന്ന് കൊച്ചി അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ നേത്രരോഗ വിഭാഗം പ്രൊഫസറും വിട്രിയോറെറ്റിനല്‍ സര്‍ജറി വിഭാഗം മേധാവിയുമായ ഡോ.ഗോപാല്‍ എസ്.പിള്ള വ്യക്തമാക്കി. പ്രമേഹരോഗബാധിതരെ നിത്യമായ അന്ധതയിലേക്ക് നയിക്കുന്ന ഡയബെറ്റിക് റെറ്റിനോപ്പതിയെന്ന മാരകരോഗം രാജ്യത്ത് പെരുകിവരുന്നതായുള്ള വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രോഗത്തെക്കുറിച്ചുള്ള അജ്ഞതമൂലം പലരും കാഴ്ചനശിച്ചശേഷമാണ് പരിശോധനക്ക് വിധേയരാകുന്നതും ചികിത്സ തേടിയെത്തുന്നതും.
അതുകൊണ്ട്തന്നെ ശരിയായ ബോധവല്‍ക്കരണത്തിലൂടെ മാത്രമേ ഈ സങ്കീര്‍ണ്ണതയും അതുണ്ടാക്കുന്ന അന്ധതയും തടയാന്‍ കഴിയുകയുള്ളുവെന്ന് അദ്ദേഹം ജന്മഭൂമിയോടു പറഞ്ഞു. പ്രമേഹരോഗികളുടെ കണ്ണില്‍ കാണപ്പെടുന്ന വാസ്കുലര്‍ എന്‍ഡോത്തീലിയല്‍ ഗ്രോത്ത് ഫാക്ടര്‍ എന്ന പ്രത്യേകതരം രാസവസ്തുവിന്റെ അമിതമായ സാന്നിധ്യം മൂലമുണ്ടാകുന്ന റെറ്റിനോപ്പതി കണ്ടുപിടിക്കാന്‍ പല വിധത്തിലുള്ള പരിശോധനകള്‍ ഇന്ന് ഉണ്ട്. രോഗിയുടെ ദൂരക്കാഴ്ച, സമീപക്കാഴ്ച തുടങ്ങിയവയുടെ പരിശോധന, കണ്ണില്‍ മരുന്നൊഴിച്ച് കൃഷ്ണമണി വികസിപ്പിച്ച് റെറ്റിനയുടെ പരിശോധന, ലൈറ്റടിച്ച് വലുതാക്കി കാണിക്കുന്ന ലെന്‍സിന്റെ സഹായത്തോടെ കണ്ണിനകം പരിശോധിക്കുന്ന ഒഫ്താല്‍മോസ്കോപ്പി, റെറ്റിനയുടെ ഡിജിറ്റല്‍ ചിത്രങ്ങളെടുത്ത് വ്യതിയാനങ്ങള്‍ പരിശോധിക്കുന്ന റെറ്റിനല്‍ ഫോട്ടോഗ്രഫി, കണ്ണിനകത്തെ ദ്രാവക സമ്മര്ദ്ദമളക്കുന്ന ടോണോമെട്രി തുടങ്ങിയ പരിശോധനകള്‍ ഇന്ന് ലഭ്യമാണ്. രോഗബാധിതരിലെ ദുര്‍ബലമായ രക്തക്കുഴലുകള്‍ പൊട്ടുന്ന അവസ്ഥയിലുള്ള പ്രോലിഫെറേറ്റീവ് റെറ്റിനോപ്പതി, മാക്കുലാര്‍ എഡിമ (കാഴ്ചയുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗത്തുണ്ടാകുന്ന നീര്‍വീക്കം) എന്നിവയുള്ളവര്‍ക്ക് ആവശ്യമെങ്കില്‍ ഫ്ലൂറസിന്‍ ആഞ്ജിയോഗ്രഫി എന്ന പരിശോധനയും വേണ്ടിവരും. ഈ പരിശോധനയില്‍ ഡൈ കയ്യിലെ ഞരമ്പില്‍ കുത്തിവെച്ചശേഷം റെറ്റിനയുടെ ചിത്രം എടുക്കുന്നു. ദ്രാവകം ഒലിച്ചിറങ്ങുന്ന രക്തനാഡികളും രക്തപ്രവാഹം കുറവുള്ള ഭാഗങ്ങളും, പൊട്ടിയ രക്തനാഡികളുമെല്ലാം വ്യക്തമായി കാണാന്‍ ഇത് സഹായിക്കും. ഈ പരിശോധനയില്‍ ലഭിക്കുന്ന ചിത്രങ്ങള്‍ രോഗത്തെപ്പറ്റി വ്യക്തമായ ധാരണ നല്കുന്നവയാണ്. ചിലര്‍ക്ക് ഈ പരിശോധനാ സമയം, ഓക്കാനം, ശരീരം പുകച്ചില്‍, ചൊറിച്ചില്‍ തുടങ്ങിയവ ഉണ്ടാകാം. മൂത്രത്തിന് നിറവ്യത്യാസം കാണുന്നതും ഇതിന്റെ ഒരു പാര്‍ശ്വഫലമാണ്. അത്യപൂര്‍വ്വമായി ഗുരുതരമായ അലര്‍ജിയുമുണ്ടാകാം.
റെറ്റിനയുടെ അവസ്ഥ മനസ്സിലാക്കാന്‍ സഹായിക്കുന്ന മറ്റൊരു പരിശോധനയാണ് ഒപ്റ്റിക്കല്‍ കൊഹെറന്‍സ് ടോമോഗ്രഫി (ഒസിടി) ഇത് കണ്ണിന്റെ ഒരു തരം സ്കാനിംഗ് ആണ്. റെറ്റിനയുടെ തടിപ്പ് അളക്കാനും ചികിത്സകൊണ്ട് അത് കൂടുന്നുവോ, കുറയുന്നുവോ എന്നെല്ലാം മനസ്സിലാക്കാനും ഇത് സഹായിക്കും. കാഴ്ചക്കുറവിന്റെ മറ്റുചില കാരണങ്ങള്‍ കണ്ടുപിടിക്കാനും ഇത് സഹായകമാണ്.
ചികിത്സാ രീതികള്‍ ഇവയാണ്: ഇന്‍ട്രാ വിട്രിയല് ഇന്ജക്ഷന് വിഇജിഎഫ് നെ പ്രതിരോധിക്കുന്ന മരുന്നുകള്‍ കണ്ണിന്റെ ഉള്ളിലേക്ക് കുത്തിവെയ്ക്കുന്നു. ലേസര്‍ ചികിത്സ- കൊഴുപ്പും നീരും വരുന്ന ഭാഗങ്ങളെ ലേസര്‍ ചെയ്ത് അടയ്ക്കുന്നു. ഇതിന് ഫോക്കല്‍ മാക്കുലാര്‍ ലേസര്‍ എന്നു പറയുന്നു. പാന്‍ റെറ്റിനല്‍ ഫോട്ടോകൊയാഗുലേഷന് (പിആര്‍പി)- പുതുതായി ഉണ്ടാകുന്ന രക്തക്കുഴലുകളെ കരിച്ചു കളയുന്ന രീതിയാണിത്. രണ്ട് ആഴ്ച ഇടവിട്ട് 4-5 ഘട്ടങ്ങളായിട്ടാണ് ഇത് ചെയ്യുന്നത്. വിട്രക്ടമി ശസ്ത്രക്രിയ- സങ്കീര്‍ണമായ ശസ്ത്രക്രിയാ രീതിയാണിത്. രക്തക്കുഴലുകള്‍ പൊട്ടി രക്തം കൂടുതല്‍ കണ്ണില്‍ ഇറങ്ങുകയോ അല്ലെങ്കില്‍ ഞരമ്പില്‍ വലിവ് ഉണ്ടാകുകയോ ചെയ്യുമ്പോഴാണ് ഈ ശസ്ത്രക്രിയ നടത്തുന്നത്.
വിഇജിഎഫ് പ്രതിരോധത്തിനായി പ്രധാനമായും മൂന്നു മരുന്നുകളാണ് ഇന്നു ലോകത്തു നിലവിലുള്ളത്. റെറ്റിനോപ്പതിയിലും ഇതേപോലുള്ള പ്രമേഹ സംബന്ധമായ നേത്രരോഗങ്ങള്‍ക്കും വളരെ ഫലപ്രദമായ ഔഷധങ്ങളാണ് അവാസ്റ്റിന്, ലൊസ്ന്റീസ്, മാക്കുജന് എന്നിവയെന്നും ഡോ.ഗോപാല്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: