കൊട്ടാരക്കര: സാധാരണക്കാരനു നീതി കിട്ടാനുള്ള ഏക ആശ്രയം കോടതികളാണെന്നും ഈ സംവിധാനത്തിന് സാധാരണക്കാരുടെ ആഗ്രഹത്തിനൊത്ത് പ്രവര്‍ത്തിക്കുവാന്‍ കഴിയുന്നുണ്ടോ എന്നതു സംശയമാണെന്നും ഹൈക്കോടതി ജഡ്ജി എസ്. സിരിജഗന്‍ അഭിപ്രായപ്പെട്ടു. കൊട്ടാരക്കരയില്‍ പുതുതായി നിര്‍മ്മിച്ച കോടതി സമുച്ചയത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ജുഡീഷ്യറിയുടേയോ വക്കീലന്മാരുടേയോ കുഴപ്പം മൂലമല്ല മറിച്ച് സംവിധാനത്തിന്റെ കുഴപ്പമാണ്.
സംസ്ഥാനത്ത് ഏറ്റവും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന വകുപ്പാണ് നിയമവകുപ്പ് എന്നിട്ടും കേസുകള്‍ കൂടിക്കൂടി വരുന്നു. കീഴ്കോടതികളില്‍ പത്തുലക്ഷത്തോളം കേസുകളും ഹൈക്കോടതികളില്‍ ഒരുലക്ഷത്തോളം കേസുകളും കെട്ടിക്കിടക്കുകയാണ്. ഇതിന്റെ കാരണം തീര്‍പ്പാക്കുന്ന കേസുകളേക്കാള്‍ കൂടുതല്‍ കേസുകള്‍ ഫയല്‍ ചെയ്യപ്പെടുന്നു എന്നതാണ്. എത്ര കേസുകള്‍ കെട്ടിക്കിടക്കുന്നു എന്നു തിരക്കുന്നവര്‍ എത്ര കേസുകള്‍ തീര്‍പ്പാക്കുന്നു എന്ന് തിരക്കുന്നില്ല. ജനസംഖ്യയ്‌ക്ക് അനുസരിച്ച് കോടതികള്‍ ഇല്ല, കെട്ടിടവും സ്റ്റാഫുമില്ല, ഇതു ജുഡീഷ്യറിയുടെ കുഴപ്പമല്ല സര്‍ക്കാരാണ് ചെയ്യേണ്ടത്. ജില്ലാ ജഡ്ജി പി.ഡി. രാജന്‍ അധ്യക്ഷത വഹിച്ചു. അഡ്വ. പി.അയിഷാപോറ്റി എംഎല്‍എ, ജില്ലാ കളക്ടര്‍ പി.ജി. തോമസ്, മുന്‍ സിജെഎം സന്തോഷ്കുമാര്‍, പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എം. ലീല, ഉദയകുമാരി, അഡ്വ. സതീഷ്ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് പി. ഭുവനചന്ദ്രബാബു സ്വാഗതവും സെക്രട്ടറി അഡ്വ. ഷൈന്‍പ്രഭ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: