കൊല്ലം: കൊല്ലം-നാഗര്‍കോവില്‍ മെമു സര്‍വീസ് ഡിസംബര്‍ അവസാനത്തോടെ സര്‍വീസ് ആരംഭിക്കുമെന്ന് തിരുവനന്തപുരം റെയില്‍വേ ഡിവിഷനല്‍ മാനേജര്‍ രാജേഷ് അഗര്‍വാള്‍ അറിയിച്ചു. മെമു സര്‍വീസ് തുടങ്ങാന്‍ ജീവനക്കാരുടെ കുറവുണ്ടെന്ന് പറയുന്നത് തെറ്റാണ്. കൊല്ലത്തെ മെമു ഷെഡിന്റെ പണി പൂര്‍ത്തിയായി കഴിഞ്ഞതിനാല്‍ പാലക്കാട് നിന്നും റേക്കുകള്‍ എത്തിക്കുന്നതോടെ സര്‍വീസ് തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
ലോക്കോ പെയിലറ്റുമാര്‍ക്കായി റെയില്‍വേ കമ്മ്യൂനിറ്റി ഹാളില്‍ നടത്തിയ സുരക്ഷാ സെമിനാറില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് രാജേഷ് അഗര്‍വാള്‍ മാധ്യമ പ്രവര്‍ത്തകരോട് ഇക്കാര്യം വ്യക്തമാക്കിയത്.
ഈ മാസം സംസ്ഥാനത്ത് റെയില്‍വേ ഗേറ്റ് കീപ്പര്‍മാരെ ആക്രമിച്ച നാലു കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ജീവനക്കാര്‍ക്ക് മര്‍ദ്ദനേല്‍ക്കുന്ന സ്ഥിതിയാണെങ്കില്‍ എല്ലാ റെയില്‍വേ ഗേറ്റുകളും പൂട്ടിയിടേണ്ട സ്ഥിതിയാണെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാനത്തെ എല്ലാ ആളില്ലാ ലെവല്‍ ക്രോസുകളിലും ഘട്ടം ഘട്ടമായി ഗേറ്റ് കീപ്പറുമാരെ നിയമിക്കുമെന്ന് സതേണ്‍ റെയില്‍വേ ചീഫ് സേഫ്റ്റി ഓഫിസര്‍ എസ് അനന്തരാമന്‍ അറിയിച്ചു.
സുരക്ഷയുടെ കാര്യത്തില്‍ ജനങ്ങള്‍ തന്നെയാണ് മുന്‍കൈ എടുക്കേണ്ടത്. ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരമുള്ള കേരളത്തില്‍പ്പോലും സുരക്ഷയുടെ കാര്യത്തില്‍ ജനങ്ങള്‍ ബോധവാന്‍മാരല്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: