മന്ത്രിമാര്‍ പോലീസ് ഉദ്യോഗസ്ഥന്മാരെ പരസ്യമായി ശാസിക്കുന്നത് മലയാള രാഷ്ട്രീയ സിനിമകളിലെ പതിവ് രംഗമാണ്.സുരേഷ് ഗോപിയാണ് പോലീസ് ഉദ്യോഗസ്ഥനായി അഭിനയിക്കുന്നതെങ്കില്‍ ശാസനയ്ക്ക് ശേഷമാണ് രംഗം കൊഴുക്കുക. ഉരുളയ്ക്ക് ഉപ്പേരി എന്നപോലെ മന്ത്രിക്ക് മറുപടി പറഞ്ഞ് തൊലി ഉരിക്കുന്ന തട്ടുപൊളിപ്പന്‍ ‘ഡയലോഗ്’ കേട്ട് കാണികള്‍ കൈയടിക്കും, കോള്മയിര് കൊള്ളും. ‘കമ്മീഷണര്‍’ സിനിമയിലെ ‘ഓര്‍മയുണ്ടോ ഈ മുഖം’ എന്നു തുടങ്ങുന്ന സുരേഷ് ഗോപിയുടെ ഇത്തരം ഒരു രംഗത്തെ തുടര്‍ന്നുള്ള ‘ഡയലോഗ്’ ഇന്നും മിമിക്രിക്കാര് അനുകരിക്കാറും ആവര്‍ത്തിക്കാറുമുണ്ട്. പക്ഷെ അതൊക്കെ തിരശീലയില്‍ മാത്രം. ‘കമ്മീഷണറും’ ‘കിംഗു’മൊക്കെ സുരേഷ് ഗോപിയുടേയും മമ്മൂട്ടിയുടേയും വെറും വേഷങ്ങള്‍ മാത്രം. അതുപോലെയുള്ള ഐപിഎസുകാരും ഐഎഎസുകാരും നമുക്കിടയില്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ജനം ആത്മാര്‍ത്ഥമായി ആഗ്രഹിച്ചുപോവാറുണ്ട്. അത്തരക്കാര്‍ക്ക് ഋഷിരാജ് സിംഗിന്റേയും രാജു നാരായണ സ്വാമിയുടേയും അനുഭവമാവും ഉണ്ടാവുകയെന്നത് ജനത്തിനറിയാം. വെറുതെ ഈ മോഹങ്ങള്‍ എന്നറിയുമ്പോഴും വെറുതെ മോഹിക്കാന്‍ ജനത്തിന് മോഹം. അത്രമാത്രം.
കേരളം ഭരിക്കുന്ന ഒരു മന്ത്രി കഴിഞ്ഞ ദിവസം ഒരു പോലീസ് ഉദ്യോഗസ്ഥനെ ആകാശവും ഭൂമിയും തൊടീക്കാതെ പൊതുജനമധ്യത്തില്‍ വച്ച് ശാസിക്കുന്ന ഒരു രംഗം തന്മയത്വത്തോടെ കാഴ്ചവച്ചു. സിനിമാറ്റിക് രംഗമായിരുന്നെങ്കിലും സിനിമയിലായിരുന്നില്ലെന്ന് മാത്രം. സുരേഷ് ഗോപിയോ മമ്മൂട്ടിയോ മോഹന്‍ലാലോ അല്ലാത്തതിനാലും, രംഗം കഴിഞ്ഞാല്‍ യൂണിഫോം അഴിച്ചുവക്കാനാവത്തതിനാലും പാവം പോലീസ് ഉദ്യോഗസ്ഥന് പ്രതിഷേധിക്കുകയോ പ്രതികരിക്കുകയോ ചെയ്തില്ല. മന്ത്രിയുടെ മണിപ്രവാളം മുഴുവന്‍ അച്ചടക്കത്തോടെ ‘അറ്റന്‍ഷനാ’യി നിന്ന് ‘സര് സര്’ മൂളി കേട്ടു കൊണ്ടേയിരുന്നു. മന്ത്രിക്ക് മതിയായപ്പോള്‍ കൂടി നിന്ന ജനത്തെ നോക്കി എന്തൊക്കയോ നേടിയെന്ന ഭാവത്തോടെ വിജയശ്രീലാളിതനായി സ്റ്റേറ്റ് കാറില്‍ കയറി ഡോര്‍ വലിച്ചടച്ച് അദ്ദേഹം സ്ഥലം വിട്ടു.
പതിവിന് വിപരീതമായി ചാനലുകളുടെ ക്യാമറകളില്‍ ആ ദൃശ്യം പതിഞ്ഞില്ല. അതുകൊണ്ട് വളപട്ടണം പോലീസ് സ്റ്റേഷനിലെ കെ.സുധാകരന്റെ പ്രകടനം പോലെ വേണ്ടത്ര ‘പബ്ലിസിറ്റി’ കിട്ടിയില്ല മന്ത്രിയുടെ കലക്കന്‍ പെര്‍ഫോര്‍മന്‍സിന്. എന്നാല്‍ അവിടെ എവിടെയോ മറഞ്ഞുനിന്ന ഒരു പ്രാദേശിക പ്രസ് ഫോട്ടോഗ്രാഫര്‍ ആ രംഗം ക്ലിക്ക് ചെയ്തു. വലിയ വിശദീകരണമോ വാര്‍ത്തയോ കൂടാതെ ആ ചിത്രം കഴിഞ്ഞദിവസം ‘ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്’ പ്രസിദ്ധീകരിച്ചു. ആയിരം വാചകങ്ങളെക്കാള്‍ വാചാലമാണ് ആ ചിത്രം.
ലക്ഷണമൊത്ത ഒരു ന്യൂസ് ഫോട്ടോ. അജ്ഞാതനായ ആ ഫോട്ടഗ്രാഫറെ അഭിനന്ദിക്കാതെ വയ്യ. അത്രയേറെ വാര്‍ത്ത തുളുമ്പുന്നതാണ് ആ ചിത്രം.
കേരളത്തിന്റെ ഭരണം തങ്ങളാണ് നടത്തുന്നതെന്ന മുസ്ലീംലീഗ് മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ വിവാദമിളക്കി വിട്ട മലപ്പുറം പ്രസംഗത്തില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ അത് തീര്‍ക്കുന്നതായിരുന്നു ലീഗിന്റെ തന്നെ വിദ്യാഭ്യാസ മന്ത്രി അബ്ദു റബ്ബിന്റെ പോലീസ് ഉദ്യോഗസ്ഥനോടുള്ള പരസ്യമായ പ്രവൃത്തി. ഇരിങ്ങാലക്കുടയിലായിരുന്നു സംഭവം. മന്ത്രി റബ്ബ് ഒരു സാംസ്ക്കാരിക സമ്മേളനത്തില്‍ സംബന്ധിക്കാനായി തിങ്കളാഴ്ച ചാവക്കാട് നിന്ന് ഇരിങ്ങാലക്കുടയ്ക്ക് കുതിച്ചു. പതിവുപോലെ പോലീസ് അകമ്പടിയും പെയിലറ്റ് വാഹനവുമൊക്കെയായി തന്നെയായിരുന്നു മന്ത്രിയുടേയും അനുചരന്മാരുടേയും യാത്ര. പക്ഷെ സമ്മേളനവേദിയിലെത്താന്‍ അരമണിക്കൂര്‍ വൈകി. അതിനുകാരണം പെയിലറ്റ് വാഹനത്തിന് ചെറുതായൊന്ന് വഴി തെറ്റിയതാണ്. അതിനുത്തരവാദി പെയിലറ്റ് വാഹനത്തില്‍ സഞ്ചരിച്ചിരുന്ന സബ് ഇന്‍സ്പെക്ടര്‍. സമ്മേളന സ്ഥലത്തെത്തി തിടുക്കത്തില്‍ വേദിയിലേക്ക് കടന്നിരുന്ന മന്ത്രി തന്റെ പ്രസംഗത്തില്‍ പോലീസിന്റെ അനാസ്ഥ മൂലമാണ് താന്‍ അരമണിക്കൂര്‍ വൈകിയപ്പോയതെന്ന് പറയാന്‍ മറന്നില്ല. തിരുവഞ്ചൂരിന്റെ പോലീസിനെപ്പറ്റി പറയാന്‍ കിട്ടിയ അവസരം മുസ്ലീംലീഗ് മന്ത്രി പാഴാക്കിയില്ലെന്നു സാരം. അതും തിരുവഞ്ചൂരിന്റെ മകളുടെ വിവാഹസല്‍ക്കാരത്തില്‍ പങ്കെടുത്ത് മടങ്ങുന്ന മാര്‍ഗമധ്യേ.
പൊതുയോഗത്തില്‍ പോലീസിന്റെ പിടിപ്പുകേടിനെപ്പറ്റി പറഞ്ഞതുകൊണ്ട് മാത്രം തൃപ്തനായില്ല മന്ത്രി റബ്ബ്. അദ്ദേഹത്തിന് ആ സബ് ഇന്‍സ്പെക്ടറെ പൊതുജന മധ്യത്തില്‍ വച്ച് തന്നെ പത്ത് പറഞ്ഞ് അവിടെ കൂടിയവരെ ഒന്ന് ‘ഇമ്പ്രസ്’ ചെയ്യണമെന്നുണ്ടായിരുന്നു. അതുകൊണ്ട് ചടങ്ങ് കഴിഞ്ഞ് യാത്രയാവുന്നതിന് കാറില്‍ കയറുന്നതിന് മുമ്പ് എസ്ഐയെ ആളയച്ച് മന്ത്രി വിളിച്ചു വരുത്തി. പരമ്പരാഗത സല്യൂട്ട് പോരെന്ന് കരുതി തൊഴുകൈകളോടെ പഞ്ചപുച്ഛമടക്കി മുന്നില്‍ നിന്ന എസ്ഐയില് കാക്കികുപ്പായത്തോടുള്ള മമത പോലും കാട്ടാതെ മന്ത്രി ശകാരവര്‍ഷം ചൊരിഞ്ഞു. മതിയാവോളം പറഞ്ഞ് അരിശം തീര്‍ത്ത് ഡോറടച്ച് കാര്‍ സ്റ്റാര്ട്ടാക്കുന്നതുവരെ തൊഴുകൈകളോടെ തന്നെ നിന്നു ആ ഹതഭാഗ്യന്. ഒരക്ഷരം ഉരിയാടാതെ. സിനിമാ ഭാഷയില്‍ പറഞ്ഞാല്‍ ഫ്രീസ് ചെയ്ത ആ രംഗമാണ് ‘ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്’ പ്രസിദ്ധീകരിച്ച ശ്രദ്ധേയമായ ചിത്രം. ജനത്തിന്റെ സഹതാപരംഗം അവിടെയൊക്കെ അലയടിച്ചു. അതോടൊപ്പം അധികാരം കാട്ടിയ മന്ത്രിയോട് ജനത്തിന്റെ പരമപുച്ഛവും.
മന്ത്രിമാരുടെ പെയിലറ്റ് വാഹനങ്ങള്‍ക്ക് വഴി തെറ്റുന്നത് ഇതാദ്യമല്ല. അനുവദനീയമല്ലെങ്കില്‍ കൂടി കേരളത്തില്‍ അനേകം വിവിഐപികളെ ഇങ്ങനെ പോലീസുകാര്‍ വഴി തെറ്റിച്ചതായും വട്ടം കറക്കിയതായും വാര്‍ത്തകള്‍ ഉണ്ടായിട്ടുണ്ട്. പ്രതിരോധമന്ത്രി ആന്റണി മുതല്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ് വരെ ഇങ്ങനെ വഴിമാറി യാത്ര ചെയ്യേണ്ടി വന്നവരില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ മുസ്ലീംലീഗ് മന്ത്രിയ്ക്ക് വഴി തെറ്റിയപ്പോള്‍ കണ്ടതുപോലൊരു തത്സമയ ആക്ഷന്‍, സാക്ഷാല്‍ മന്ത്രിയില്‍നിന്ന് നേരിട്ടു തന്നെ, ഇതാദ്യമായിട്ടാണ്. അതാണ് മന്ത്രി ഇബ്രാഹിം കുഞ്ഞ് അറിഞ്ഞോ അറിയാതെയോ പറഞ്ഞത് കേരളത്തില്‍ ഭരണം നടത്തുന്നത് മുസ്ലീംലീഗാണെന്ന്. ഇനിയെങ്കിലും കണ്ണൂള്ളവര്‍ കാണട്ടെ! കാതുള്ളവര്‍ കേള്‍ക്കട്ടെ!
>> ഹരി എസ്. കര്‍ത്താ
പ്രതികരിക്കാൻ ഇവിടെ എഴുതുക: