രാജ്യത്ത് സൂക്ഷിച്ചിരിക്കുന്ന എന്‍ഡോസള്‍ഫാന്‍ രണ്ടുവര്‍ഷം കൂടി ഉപയോഗിക്കണമെന്നാണ് സുപ്രീംകോടതി നിയോഗിച്ച വിദഗ്ദ്ധ സമിതി ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഈ രണ്ടുവര്‍ഷത്തിനകം എന്‍ഡോസള്‍ഫാന്‍ നിര്‍മിക്കാനുള്ള അസംസ്കൃത വസ്തുക്കളുടെയും നിലവിലുള്ള എന്‍ഡോസള്‍ഫാന്റെയും ശേഖരം ഘട്ടംഘട്ടമായി നിര്‍മാര്‍ജ്ജനം ചെയ്യാം എന്ന് ശുപാര്‍ശ ചെയ്യുന്ന സമിതി എന്‍ഡോസള്‍ഫാന്‍ പുതുതായി നിര്‍മിക്കാനോ ഇറക്കുമതി ചെയ്യാനോ അനുവദിക്കരുതെന്നും നിര്‍ദ്ദേശിച്ചു. ദല്‍ഹിയില്‍ കഴിഞ്ഞ ദിവസം സമിതി നടത്തിയ തെളിവെടുപ്പില്‍ ഒന്‍പത് വിദഗ്ദ്ധരില്‍ ഒരാള്‍ മാത്രമാണ് എന്‍ഡോസള്‍ഫാനെ എതിര്‍ത്തത്. എന്‍ഡോസള്‍ഫാന്‍ ഉപയോഗം സുപ്രീം കോടതി 2011 ല്‍ പൂര്‍ണമായി നിരോധിച്ചിരുന്നു. കെട്ടിക്കിടക്കുന്ന 1090 മെട്രിക് ടണ്‍ എന്‍ഡോസള്‍ഫാന്‍ നശിപ്പിക്കാന്‍ കോടികള്‍ ചിലവുവരുമെന്നുള്ളതിനാലാണ് ഘട്ടംഘട്ടമായി ഉപയോഗിച്ച് ശേഖരം തീര്‍ക്കാന്‍ സമിതി നിര്‍ദ്ദേശിക്കുന്നത്. എന്നാല്‍ ഏത് സംസ്ഥാനത്തിനും സ്വന്തം നിലയില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കാമെന്നും സമിതി കൂട്ടിചേര്‍ക്കുന്നു. ആരോഗ്യമന്ത്രാലയം ഡയറക്ടര്‍ ജനറലിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത് സമിതി വാദം കേട്ടത് പക്ഷപാതപരമായിരുന്നു എന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. കേരളത്തിന് അനുവദിച്ചത് വെറും 10 മിനിറ്റ് മാത്രമാണ് എന്‍ഡോസള്‍ഫാന്‍ ഹാനികരമാണെന്ന് കേരളം ഉള്‍പ്പെടെ ഒരു സംസ്ഥാനവും പറഞ്ഞില്ലെന്നാണ് സമിതി റിപ്പോര്‍ട്ട്.
വിദഗ്ദ്ധ സമിതി കേരളത്തിന്റെ അഭിപ്രായം ചോദിച്ചില്ലെന്നാണ് കേരള സര്‍ക്കാരിന്റെ വാദം. എന്‍ഡോസള്‍ഫാന്‍ കേരളത്തിലും കര്‍ണാടകത്തിലും നിരോധിക്കണമെന്നും കേരളം ആവശ്യപ്പെട്ടത് ഈ സംസ്ഥാനങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യസാധനങ്ങള്‍ എന്‍ഡോസള്‍ഫാന്‍ തളിച്ചവയായതിനാലാണ്. എന്‍ഡോസള്‍ഫാന്‍ മാരകമാണെന്ന് ആരും പറഞ്ഞില്ലെന്ന് സമിതി അവകാശപ്പെടുമ്പോഴും കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ ഉപയോഗ ഇരകളുടെ ആവാസ കേന്ദ്രമാണല്ലോ. സുപ്രീംകോടതി അഞ്ചുചോദ്യങ്ങള്ക്കാണ് ഉത്തരം തേടിയത്. അര്‍ബുദ സാധ്യത, ഹോര്‍മോണ്‍ വ്യതിയാനം, അംഗവൈകല്യം, പ്രത്യുല്‍പ്പാദന നാഡി പ്രശ്നങ്ങള്‍ എന്നിവയാണത്. ഇതിനുള്ള ജീവിക്കുന്ന ഉത്തരങ്ങള്‍ കാസര്‍കോട് ഉണ്ടായിട്ടും സമിതി കേരളത്തോട് അഭിപ്രായം ചോദിച്ചില്ല.
മറ്റു സംസ്ഥാനങ്ങള്‍ മറുപടി എഴുതി നല്‍കിയെങ്കിലും കേരളം നിശ്ശബ്ദത പാലിച്ചതിന്റെ പരിണിത ഫലമാണ് ഈ ശുപാര്‍ശ. ഇന്ത്യ സ്റ്റോക്ഖോം-റോട്ടര്സാം കണ്‍വെന്‍ഷനുകളില്‍ ഒപ്പിട്ട രാജ്യമായതിനാല്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗം നിര്‍ത്താന്‍ ബാധ്യസ്ഥമാണ്. വിദഗ്ദ്ധ സമിതി പറയുന്ന മറ്റൊരു കാര്യം കീടനാശിനി ഉപയോഗം ഭക്ഷ്യസുരക്ഷയ്ക്കും ഉല്‍പ്പാദന വര്‍ധനവിനും ഒഴിച്ചുകൂടാന്‍ വയ്യാത്തതാണെന്നാണ്. അതിനാലാണ് ഘട്ടം ഘട്ടം ഉപയോഗം നിര്‍ദ്ദേശിക്കുന്നതും. സര്‍ക്കാര്‍ നയം എന്‍ഡോസള്‍ഫാന്‍ നിരോധനമാണെന്ന് കൃഷി മന്ത്രി പറയുമ്പോഴും മറ്റു സംസ്ഥാനങ്ങള്‍ ചെയ്തപോലെ എന്തുകൊണ്ട് രേഖാമൂലം എഴുതി അറിയിച്ചില്ല എന്ന ചോദ്യം അവശേഷിക്കുന്നു.
കേന്ദ്രമാകട്ടെ ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കുന്നതുമില്ല. ആറാഴ്ച മുന്‍പാണ് സമിതിയെ നിയോഗിച്ചത്. ഈ സമിതി കേരളത്തെയാണ് സമീപിക്കേണ്ടിയിരുന്നതെന്നും കൃഷിമന്ത്രി വാദിക്കുന്നു. നാല്പത്തിയഞ്ച് ലക്ഷം ടണ്‍ എന്‍ഡോസള്‍ഫാന്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ ഉപയോഗിക്കപ്പെടുമ്പോള്കാസര്കോഡ് ഇനിയും ആവര്‍ത്തിക്കുമെന്നുറപ്പാണ്. എന്ത് വിലകൊടുത്തും എന്‍ഡോസള്‍ഫാന്‍ ഉപയോഗത്തെ എതിര്‍ക്കുമെന്നും കേരളം പറയുന്നു. ഈ സമിതി റിപ്പോര്‍ട്ടും ലക്ഷ്യമിടുന്നത് കോര്‍പ്പറേറ്റ് പ്രീണനമാണെന്ന സംശയം ഉയരുന്നത് തുടര്‍ ഉപയോഗം മൂലം കമ്പനിക്ക് 4000 കോടി രൂപ ലഭ്യമാകുമെന്നുള്ളതിനാലാണ്.
ജീവന്‍കൊണ്ട് പന്താടുന്ന രാക്ഷസ നിയമമാണിന്ന് സമിതി ശുപാര്‍ശ ചെയ്യുന്നത്. കാസര്‍കോട്ടുള്ള എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കും ഇപ്പോള്‍ ദുരിതാശ്വാസം നല്‍കിവരുന്നുണ്ട്. ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍ക്ക് അഞ്ചുലക്ഷം രൂപ ധനസഹായം നല്കിവരുന്നുമുണ്ട്. ഒരു കീടനാശിനിയെ ഒറ്റപ്പെടുത്തിയുള്ള നിരോധനം ന്യായീകരിക്കത്തക്കതല്ലത്രെ. എല്ലാ കീടനാശിനികളും ആരോഗ്യപ്രശ്നം ഉണ്ടാക്കുമ്പോള്‍ എന്‍ഡോസള്‍ഫാന്‍ നിരോധനം യുക്തിസഹമല്ല എന്നും വിദഗ്ദ്ധ സമിതി ചൂണ്ടിക്കാട്ടുന്നു. കേരളം നിലപാട് വ്യക്തമാക്കി ഈ റിപ്പോര്‍ട്ടിനെ ശക്തമായി എതിര്‍ക്കേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: