ഗാസാസിറ്റി: ആക്രമണം രൂക്ഷമായ ഗാസയില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വരുമെന്ന ശുഭസൂചനകള്‍ കാറ്റില്‍പ്പറത്തി ഇന്നലെ ഇസ്രയേല്‍ വീണ്ടും വ്യോമാക്രമണം നടത്തി. ഒരാഴ്ച്ചയായി തുടരുന്ന ഏറ്റുമുട്ടല്‍ അവസാനിപ്പിക്കാന്‍ ശ്രമങ്ങള്‍ തുടരവെയാണ് വീണ്ടും ആക്രമണം ആരംഭിച്ചത്. ഇന്നലെയുണ്ടായ ആക്രമണത്തില്‍ ഇരുപതിലധികം പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. രണ്ട് ഇസ്രയേലുകാര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഗാസയില്‍ വെടിനിര്‍ത്തല്‍ ഉടന്‍ നടപ്പാക്കുമെന്ന് ഇസ്രയേല്‍ പലസ്തീന് ഉദ്യോഗസ്ഥര്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇതിന് തൊട്ടുപിറകെയാണ് ആക്രമണമുണ്ടായത്. ഹമാസുമായി വെടിനിര്‍ത്തല്‍ കാരാര്‍ നടപ്പിലാക്കാന്‍ തയ്യാറാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും അദ്ദേഹം അറിയിച്ചിരുന്നു. വെടിനിര്‍ത്തല്‍ സംബന്ധിച്ച് ഇതുവരെ ഉടമ്പടികളൊന്നും ഉണ്ടായിട്ടില്ല. എന്നാല്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് മൂസാ അബു മര്‍സോക് കീ്റോയില്‍ പറഞ്ഞു. ഏറ്റവും അടുത്തുതന്നെ വെടിനിര്‍ത്തല്‍ നിലവില്‍ വരുമെന്നും ഹമാസ് നേതാവ് പറഞ്ഞു.
ഈജിപിത് പ്രസിഡന്റ് മുഹമ്മദ് മുര്‍സിയും വെടിനിര്‍ത്തല്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്നും അറിയിച്ചു. ഗാസാ മുനമ്പില്‍ ഇസ്രയേല്‍ സേന നടത്തിയ വ്യോമാക്രമണത്തില്‍ മൂന്നു പലസ്തീന് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഗാസയില്‍ ഇസ്രയേലും ഹമാസ് പോരാളികളും തമ്മിലുള്ള രക്തരൂക്ഷിത ഏറ്റുമുട്ടലിനു താത്കാലിക വിരാമമായെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് ആക്രമണം നടന്നത്.
അല്‍ അഷ്കാ ടിവിയുടെ കാമറാമാന് ഉള്‍പ്പെടെയുള്ള മൂന്നു മാധ്യമപ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറിനു നേരെയാണ് ആക്രമണമുണ്ടായത്. ഒരാഴ്ച്ചയായി തുടരുന്ന ഏറ്റുമുട്ടലില്‍ ഇതുവരെ 128 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ 54 പേര് കുട്ടികളാണ്. 1500 ഓളം മിസെയില്‍ ആക്രമണങ്ങളാണ് ഇസ്രയേല്‍ ഇതുവരെ നടത്തിയത്. ജറുസലേമില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി കൂടിക്കാഴ്ച്ച നടത്തിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ് വെടിനിര്‍ത്തല്‍ സംബന്ധിച്ച ചര്‍ച്ചകള്‍ ഉടന്‍തന്നെ ഉണ്ടാകുമെന്നും രണ്ട് ദിവസത്തിനകംതന്നെ ഗാസയില്‍ സമാധാനം പുന:സ്ഥാപിക്കാന്‍ കഴിയുമെന്നും ഉറപ്പ് നല്കി. ഇതിന് അനുകൂലമായി ഈജിപ്തും പലസ്തീനും പ്രതികരിച്ചപ്പോള്‍ ചര്‍ച്ചകളിലൂടെ സഹകരിക്കാന്‍ തയ്യാറല്ലെന്ന നിലപാടാണ് ഇസ്രയേല്‍ സ്വീകരിച്ചത്. ചര്‍ച്ചകള്‍ അസാധ്യമാണെന്ന് ഇസ്രയേല്‍ വക്താവ് അറിയിച്ചതോടെ സമാധാന ശ്രമങ്ങളെ എതിര്‍ക്കുന്നത് ഇസ്രയേല്‍ മാത്രമാണെന്ന് ഹമാസ് കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: