കൊച്ചി: കൊച്ചി മെട്രോയുടെ നിര്മ്മാണച്ചുമതലയില്നിന്നും ദല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനെയും ഇ. ശ്രീധരനെയും ഒഴിവാക്കാനുള്ള നീക്കം അഴിമതിക്ക് കളമൊരുക്കാനാണെന്ന് ബിജെപി അഖിലേന്ത്യാ സെക്രട്ടറി കിരിത് സോമയ്യ. സുതാര്യമായ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടന്നാല്‍ കമ്മീഷന് കൈപ്പറ്റാനും മറ്റുമുള്ള അവസരം ലഭിക്കില്ല. ഇതാണ് മറിച്ച് ചിന്തിക്കാന്‍ കോണ്‍ഗ്രസുകാരെ പ്രേരിപ്പിക്കുന്നത്. എന്നാല്‍ മെട്രോ പോലെ സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ട പദ്ധതികള്‍ സ്വകാര്യ കമ്പനികളെ ഏല്‍പ്പിച്ചാല്‍ പദ്ധതി വൈകാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൊച്ചി മെട്രോ റെയിലിനുവേണ്ടി ബിജെപി എറണാകുളം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച നാല് ദിവസത്തെ സത്യഗ്രഹ സമരം വൈറ്റിലയില്‍ ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു കിരിത് സോമയ്യ.
വധേരയുടെ അഴിമതി മൂടിവെക്കാനുള്ള വ്യഗ്രതയിലാണ് കോണ്‍ഗ്രസ് നേതൃത്വം. വെറും ലക്ഷങ്ങളുമായി ബിസിനസ് രംഗത്തിറങ്ങിയ സോണിയാഗാന്ധിയുടെ മരുമകന്റെ ആസ്തി ഇപ്പോള്‍ 3000 കോടിയിലാണെത്തിനില്ക്കുന്നത്. ഭരണത്തിന്റെ തണലില്‍ നടക്കുന്ന അഴിമതിയുടെ കമ്മീഷനാണ് അക്കൗണ്ടുകളിലേക്ക് ഒഴുകുന്നത്. പല ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ക്കും കോടിക്കണക്കിന് ഡോളറിന്റെ സ്വിസ്ബാങ്ക് അക്കൗണ്ടുകളാണുള്ളതെന്നും വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അഴിമതിക്കെതിരെയുള്ള പോരാട്ടത്തില്‍ ബിജെപി രാജ്യത്തെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നും കിരിത് സോമയ്യ പറഞ്ഞു.
ഉദ്ഘാടനച്ചടങ്ങില്‍ ബിജെപി എറണാകുളം ജില്ലാ പ്രസിഡന്റ് അഡ്വ. പി.ജെ.തോമസ് അധ്യക്ഷത വഹിച്ചു. മെട്രോ റെയില്‍ നിര്‍മ്മാണം ഡിഎംആര്‍സിയുടെയും ഇ. ശ്രീധരന്റെയും മേല്‍നോട്ടത്തില്‍ നിര്‍മ്മിക്കണമെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മറ്റും ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നത്. എന്നാല്‍ സര്‍ക്കാര്‍ നയത്തിന് എതിരായി പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥനെ പദവിയില്‍ തുടരാനും അനുവദിച്ചിരിക്കുന്നു. ഇത് ഇരട്ടത്താപ്പും ജനാധിപത്യവിരുദ്ധവുമാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന് പറഞ്ഞു.
പാര്‍ലമെന്റ് സമ്മേളനത്തിന് തൊട്ടുമുമ്പ് പാക് തീവ്രവാദി അജ്മല്‍ കസബിനെ തൂക്കിലേറ്റിയതും അഴിമതിയില്‍ മുങ്ങിക്കുളിച്ച സര്‍ക്കാരിനെ രക്ഷിക്കാനുള്ള തന്ത്രങ്ങളുടെ ഭാഗമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. എ.കെ. ആന്റണി കേരളത്തിലെത്തി നടത്തിയ വിവാദ പ്രസ്താവന മാധ്യമശ്രദ്ധ തിരിക്കാന്‍ വേണ്ടിയുള്ള അടവായിരുന്നു. കൊച്ചി മെട്രോ റെയില്‍ കേരളത്തിന്റെ മുഴുവന്‍ ആവശ്യമാണെന്നും ഇതിനായി പാര്‍ട്ടി ജനങ്ങളുടെ താല്‍പര്യത്തിനൊപ്പംനിന്ന് പോരാടുമെന്നും അദ്ദേഹംപറഞ്ഞു.
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പി.എം. വേലായുധന്, ശ്യാമള എസ്. പ്രഭു, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എം.എന്‍. മധു, എന്‍.പി. ശങ്കരന്‍കുട്ടി, സംസ്ഥാന, ജില്ലാ, മണ്ഡലം ഭാരവാഹികളായ അഡ്വ. നസീര്‍, അഡ്വ. സാബുവര്‍ഗീസ്, ജിജി ജോസഫ്, സഹജാ ഹരിദാസ്, ലതാഗംഗാധരന്, ബ്രഹ്മരാജ്, ടി.പി. മുരളീധരന്, പുരുഷോത്തമന്, സി.ജി. രാജഗോപാല്‍, നെടുമ്പാശ്ശേരി രവി, വി.ആര്. വിജയകുമാര്‍, ഗോപി, സുരേഷ്, ബാബുരാജ് തുടങ്ങിയവരും പ്രവര്‍ത്തകരും പങ്കെടുത്തു. സത്യഗ്രഹം 24 വരെ തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: