യഥാര്‍ത്ഥ വേദാന്തമതം ഉത്ഭവിക്കുന്നത് വിശിഷ്ടാദ്വൈതവാദം മുതല്ക്കാണ്. കാര്യം കാരണത്തില്‍ നിന്ന് ഭിന്നമല്ല. കാരണത്തിന്റെ രൂപാന്തരമാണ് എന്നാണ് അതിലെ സിദ്ധാന്തം. ജഗത്ത് കാര്യവും ഈശ്വരന് അതിന്റെ കാരണവുമാണെങ്കില്‍ ജഗത്ത് ഈശ്വരന് തന്നെ. മറ്റൊന്നാവുക വയ്യ. ജഗത്തിന്റെ നിമിത്തകാരണവും ഉപാദാനകാരണവും ഈശ്വന്‍; സ്രഷ്ടാവും സൃഷ്ടിസാധനവും ഈശ്വരന്. ഈ സിദ്ധാന്തമാണ് ഈ വാദത്തിനടിസ്ഥാനം. നിങ്ങളുടെ ഭാഷയില്‍ സൃഷ്ടി എന്ന അര്‍ത്ഥത്തിലുള്ള ‘ക്രിയേഷന്’ എന്ന പദത്തിന് സമാനപദം സംസ്കൃതഭാഷയിലില്ല. ‘ക്രിയേഷന്’ ശൂന്യത്തില് നിന്നുളവാകലാണെന്ന് പാശ്ചാത്യരായ നിങ്ങള്‍ വിശ്വസിക്കുംപോലെ ഇന്ത്യയിലെ ഒരു മതശാഖക്കാരും വിശ്വസിക്കുന്നില്ല. ഒരു കാലത്ത് ചുരുക്കം ചിലര്‍ക്ക് ആ വിശ്വാസം ഉണ്ടായിരുന്നിരിക്കാം. പക്ഷേ, ആ വാദം വേഗത്തില്‍ അവസാനിച്ചു. ഇപ്പോള്‍ ആ വിശ്വാസം ആര്ക്കുമുള്ളതായറിയില്ല. സൃഷ്ടിപദംകൊണ്ട് ഞങ്ങള്‍ മനസിലാക്കുന്നത്, മുമ്പുണ്ടായിരുന്നതിനെ പുറത്തേക്ക് നീട്ടുക എന്നതാണ്. ഈ മതപ്രകാരം ജഗത്ത് ഈശ്വരന് തന്നെ. ജഗദുപാദാന കാരണം ഈശ്വരന്. ‘ഊര്‍ണനാഭി സ്വദേഹത്തില്‍ നിന്ന് നൂലെടുത്ത് വല കെട്ടുംപോലെ ആ വസ്തുവില്‍ നിന്ന് സര്‍വജഗത്തും ഉത്ഭവിച്ചിരിക്കുന്നു’ എന്ന് വേദങ്ങളില്‍ കാണുന്നു.
സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: