കോട്ടയം: ജനങ്ങളുടെ പൊതുവായ താല്പര്യം ഉള്‍ക്കൊണ്ടുകൊണ്ട് വികസന പദ്ധതികള്‍ തയാറാക്കണമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നിര്‍ദേശിച്ചു. കോട്ടയം എം.ടി. സെമിനാരി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പന്ത്രണ്ടാം പഞ്ചവത്സരപദ്ധതിയുടെ ഭാഗമായുള്ള ജില്ലാ പഞ്ചായത്തിന്റെ 2012-13 വര്‍ഷത്തെ വികസന സെമിനാര്‍ ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആവശ്യസമയത്ത് ജനങ്ങള്‍ക്ക് ഉപകരിക്കുന്ന രീതിയില്‍ പദ്ധതികള്‍ തായാറാക്കണം. അവയുടെ നടത്തിപ്പില്‍ ജനപിന്തുണ ഉറപ്പാക്കണം. പദ്ധതികള്‍ക്ക് അനുമതി നല്‍കുന്നതിലും നിര്‍വ്വഹണത്തിലും കാലതാമസം ഒഴിവാക്കുന്നതിനും പുതിയ ഉയരങ്ങള്‍ താണ്ടുന്നതിനും ശ്രമിക്കണം.
ചില കേന്ദ്രങ്ങളിലെങ്കിലും ഗ്രാമസഭകള്‍ വ്യക്തിഗത ആനുകൂല്യങ്ങള്‍ സ്വന്തമാക്കുന്നതിനു വേണ്ടി മാത്രമുള്ള വേദികളായി മാറിയിരിക്കുന്നു. ഇത്തരം ഗ്രാമസഭകളില്‍ വികസനത്തെക്കുറിച്ച് കാര്യമാത്രപ്രസക്തമായ ചര്‍ച്ചകള്‍ നടക്കുന്നില്ല. ഈ സ്ഥിതിയില്‍ മാറ്റമുണ്ടായേതീരൂ-അദ്ദേഹം ചൂണ്ടിക്കാട്ടി.
വികസന രേഖയുടെ പ്രകാശനം മന്ത്രി നിര്‍വഹിച്ചു. അയര്‍ക്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. മത്തായി ആദ്യപ്രതി ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാധാ വി. നായര്‍ അധ്യക്ഷത വഹിച്ചു. വികസനകാര്യ സമിതി ചെയര്‍പേഴ്സണ്‍ ബീന ബിനു പദ്ധതി നിര്‍ദേശം അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ. അപ്പച്ചന് ചര്‍ച്ച ക്രോഡീകരിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സാലി ജോര്‍ജ് സ്വാഗതം പറഞ്ഞു. ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ പ്രസിഡന്റുമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: