ചങ്ങനാശ്ശേരി: തൃക്കൊടിത്താനം മഹാക്ഷേത്രത്തില്‍ ദീപമഹോത്സവത്തോടനുബന്ധിച്ച് നടത്തിയ സാംസ്കാരിക സമ്മേളനം ഹൈന്ദവ നവോത്ഥാനത്തിന് വേദിയൊരുങ്ങി. ന്യൂനപക്ഷ പ്രീണനവും ഭൂരിപക്ഷ സമുദായത്തിന്റെ അധഃപതനവുമാണ് നായര്‍-ഈഴവ ഐക്യത്തിന് രൂപം നല്കാന് കാരണമായതെന്ന് സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
ഹിന്ദുക്കള്‍ ഭിന്നിച്ചു നിന്നപ്പോള്‍ മറ്റുള്ളവര്‍ സംഘടിതരായി ഐക്യം തകര്‍ക്കാന്‍ ഇവര്‍ ശ്രമിക്കുകയാണെന്നും അത് ആരുവിചാരിച്ചാലും തകര്‍ക്കാന്‍ പറ്റില്ലെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു. അസംഘടിത ഭൂരിപക്ഷത്തെ ഭരിക്കുന്ന വിരോധാഭാസമാണ് ഇന്ന് നടക്കുന്നത്. ഇവിടെ ക്രിസ്ത്യാനിക്കും മുസ്ലിമിനും പ്രത്യേകം ചട്ടങ്ങളും നിയമങ്ങളും ഉണ്ടാക്കുന്നു. പാക്കിസ്ഥാനില്‍നിന്നും കണ്ടെയ്നര്വഴിയാണ് ഇവിടെ കള്ളംപ്പണം എത്തുന്നത് ഭൂരിപക്ഷസമുദായ ഐക്യം ന്യൂനപക്ഷത്തെ കടന്നാക്രമിക്കാനല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഭൂരിപക്ഷം മാന്യമായി സംസാരിക്കുമ്പോള്‍ തിരിച്ചു ഭീഷണിയുടെ സ്വരത്തിലാണ് മന്ത്രിമാര്‍ മറുപടി പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭരിക്കാന്‍ അവസരം കിട്ടിയെന്നു കരുതി ആരുടെയും അടിവേരുകള്‍ പറിക്കുന്ന സംഭവം ശരിയല്ലെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ സുവര്‍ണ്ണ കാലഘട്ടമാണിതെന്നും ക്ഷേത്രങ്ങളോടും ഭക്തജനങ്ങളോടും സമൂഹത്തോടും സത്യസന്ധമായി പ്രവര്‍ത്തിക്കുവാന്‍ കഴിയുന്ന ഒരു പ്രസിഡന്റിനെയാണ് നമുക്ക് ലഭിച്ചിരിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
എന്‍എസ്എസ് നായക സഭാ അംഗം ഹരികുമാര്‍ കോയിക്കല്‍ അദ്ധ്യക്ഷത വഹിച്ചയോഗത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പി. ഗോവിന്ദന്‍നായര്‍ യോഗ ക്ഷേമ സഭാ സംസ്ഥാന പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്, വിഎസ്എസ് പ്രതിനിധി എം.പി. രാധാകൃഷഅണന്‍, പ്രീതിനടേശന്‍, ചേരമര്‍ ഹിന്ദു മഹാ സംസ്ഥാന പ്രസിഡന്റ് അഡ്വ: വി.ആര്. രാജു, വിജയപുരം ഗ്രൂപ്പ് എം.ഡി. പ്രദീപ്കുമാര്‍, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ബി. രാധാകൃഷ്ണമേനോന്, എം. രാജു, മീനക്ഷിയമ്മ, ജി. ഗോപിനാഥന്‍നായര്‍, കെ.വി. ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ സ്മരണിക പ്രകാശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: