ചങ്ങനാശേരി: പ്രൊഫ. ഏറ്റുമാനൂര്‍ സോമദാസന്റെ ഒന്നാം ചരമവാര്‍ഷികദിനം ഇന്ന് പെരുന്ന മലയാളപീഠത്തില് വിവിധ പരിപാടികളോടെ ആചരിക്കും. വിവിധതലങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ഏറ്റുമാനൂര്‍ സോമദാസന്റെ സ്മരണ മുന്‍നിര്‍ത്തി അദ്ദേഹത്തിന്റെ പേരില്‍ സ്ഥാപിച്ചിട്ടുള്ള സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലാണ് വാര്‍ഷികാചരണം നടക്കുന്നത്.
ഇന്ന് രാവിലെ 9ന് സോമദാസ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന. തുടര്‍ന്നു നടക്കുന്ന സമ്മേളനം സി.എഫ്.തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. നഗരസഭാധ്യക്ഷന്‍ സ്മിതാ ജയന് അധ്യക്ഷത വഹിക്കും. 10.30ന് ഡോ.സ്കറിയ സക്കറിയ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. പ്രൊഫ. പി.മാധവന് പിള്ളയുടെ അധ്യക്ഷതയില്‍ സോമദാസ കവിത എന്ന വിഷയാവതരണം നടക്കും. സാമൂഹികാംശം, ബിംബകല്പന, പാരമ്പര്യവും ആധുനികതയും, കാല്പനികത, നാടകീയത എന്നീ വിഷയങ്ങളില്‍ പ്രൊഫ.ജി.രാജശേഖരന് നായര്‍, ഡോ.ജയിംസ് മണിമല, ഡോ.ടി.എ.സുധാകരകുറുപ്പ്, ഹരികുമാര്‍ ചങ്ങമ്പുഴ, പ്രൊഫ. പെരുന്ന വിജയന് എന്നിവര്‍ പങ്കെടുക്കും. 2ന് ഏഴാച്ചേരി രാമചന്ദ്രന് അധ്യക്ഷത വഹിക്കുന്ന സമ്മേളനം എന്‍.കെ. ദേശം ഉദ്ഘാടനം ചെയ്യും.
വൈകുന്നേരം 4ന് തുഞ്ചത്തെഴുച്ഛന് മലയാള സര്‍വ്വകലാശാല വൈസ്ചാന്‍സലര്‍ കെ.ജയകുമാര്‍ ഐഎഎസ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രഭാവര്‍മ്മ അധ്യക്ഷത വഹിക്കും. ആലങ്കോട് ലീലാകൃഷ്ണന് ഏറ്റുമാനൂര്‍ സോമദാസന് അനുസ്മരണ പ്രഭാഷണം നടത്തും. കെ.ജയകുമാര്‍ പുരസ്കാര സമര്‍പ്പണവും കെ.എ.ലത്തീഫ് പ്രശസ്തി പത്രപാരായണവും സമര്‍പ്പണവും നിര്‍വഹിക്കും. ഡോ.എസ്.കെ. വസന്തന്, പ്രൊഫ. ആന്റണി ജോസഫ്, പ്രൊഫ. പി.കെ. ബാലകൃഷ്ണകുറുപ്പ്, കാവാലം നാരായണപണിക്കര്‍, ഡോ.അമ്പലപ്പുഴ ഗോപകുമാര്‍, ഡോ.എസ്.പ്രതിഭ തുടങ്ങിയവര്‍ പ്രസംഗിക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികളായ പ്രസിഡണ്ട് പ്രഭാവര്‍മ്മ, സെക്രട്ടറി കെ.എ.ലത്തീഫ് തുടങ്ങിയവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: