കോട്ടയം: സ്റ്റാഫ് റൂമിലെ കീടനാശിനി പ്രയോഗം മൂലം അസ്വസ്തകളുണ്ടായി ആശുപത്രിയില്‍ ചികിത്സ തേടിയ അദ്ധ്യാപികമാര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് സ്കൂള്‍ പിറ്റിഎയോട് വനിതാ കമ്മീഷന് ആവശ്യപ്പെട്ടു. ഇന്നലെ കോട്ടയം കളക്ട്രേറ്റില്‍ നടന്ന വനിതാ കമ്മീഷന് അദാലത്തിലാണ് ഈ നിര്‍ദ്ദേശമുണ്ടായത്. കാഞ്ഞിരപ്പള്ളി മുരിക്കുംവയല്‍ ഗവ. വിഎച്ച്എസ്എസ് സ്കൂളിലെ 16 വനിതാ അധ്യാപകരുടെ പരാതി പരിഗണിച്ചാണ് വനിതാ കമ്മീഷന് ഈ നിര്‍ദ്ദേശം നല്‍കിയത്. ഓണം അവധി കഴിഞ്ഞ് സെപ്റ്റംബറില്‍ സ്കൂളിലെത്തിയ അദ്ധ്യാപികമാര്‍ക്കാണ് ദേഹത്ത് ചൊറിഞ്ഞ് തടിക്കുന്നതടക്കുമുള്ള അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്. സ്റ്റാഫ് റൂമിലെ ചെറിയ വണ്ടുകളുടെ ഉപദ്രവം അസഹ്യമായതിനെത്തുടര്‍ന്ന് ഇതിന് പരിഹാരം കാണാന്‍ പിറ്റിഎയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനായി കീടനാശിനി ഉപയോഗിച്ചതാണ് അദ്ധ്യാപികമാര്‍ക്ക് ശരീരം ചൊറിഞ്ഞ്തടിക്കാന് ഇടയായതെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍, ഫിനോയിലാണ് സ്റ്റാഫ്റൂം ക്ലീന്‍ചെയ്യാന്‍ ഉപയോഗിച്ചതെന്നാണ് പിറ്റിഎ അധികൃതര്‍ പറഞ്ഞത്. സംഭവം വിവാദമായതിനെത്തുടര്‍ന്ന് സ്ഥലം എംഎല്‍എ അടക്കം ഇടപെടുകയും അദ്ധ്യാപികമാരോട് പ്രതികാരബുദ്ധിയോടെ പിറ്റിഎ അധികൃതരില്‍ ചിലര്‍ പെരുമാറുകയും ചെയ്തതായും ആക്ഷേപം ഉയര്‍ന്നിരുന്നു. വീടുകളിലെത്തി ഭീഷണിപ്പെടുത്തുകയും സര്‍ക്കാര്‍ സ്കൂളില്‍നിന്ന് കൂട്ടമായി സ്ഥലം മാറ്റുമെന്ന് പറഞ്ഞതായും അദ്ധ്യാപികമാര്‍ പറയുന്നു.
ശാരീരിക അസ്വസ്ഥകള്‍ ചികിത്സിച്ച് മാറ്റുന്നതിനായി ആശുപത്രിയില്‍ ചികിത്സ തേടിയ അദ്ധ്യാപികമാര്‍ നീതി ലഭിക്കുന്നതിനായി വനിതാ കമ്മീഷനെ സമീപിക്കുകയായിരുന്നു. പിടിഎ പ്രസിഡന്റിനെ അടക്കം വിളിച്ചുവരുത്തിയ കമ്മീഷന് അദ്ധ്യാപികമാര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കാനും പിറ്റിഎ യോഗം വിളിച്ചുചേര്‍ത്ത് അദ്ധ്യാപികമാരുടെ പ്രതിച്ഛായ നഷ്ടപ്പെടുത്താതെ വിവരങ്ങള്‍ വിശദീകരിക്കാനും പിറ്റിഎ പ്രസിഡന്റായിരുന്ന സത്യന് നിര്‍ദ്ദേശം നല്കി.
പുതിയതായി സമര്‍പ്പിക്കപ്പെട്ട 15 പരാതികള്‍ ഉള്‍പ്പെടെ നൂറോളം കേസുകളാണ് അദാലത്തില്‍ കമ്മീഷന് അംഗം ഡോ. ജെ. പ്രമീളദേവി പരിഗണിച്ചത്. സഹോദരനും ഭാര്യയും ചേരന്ന് മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നുവെന്ന് പരാതിയുമായി സഹോദരി കമ്മീഷനെ സമീപിച്ചത് സമുദായത്തിനെതിരെ പ്രവര്‍ത്തിച്ചുവെന്ന് ആരോപിച്ച് ഊരുവിലക്ക് കല്പിക്കുന്നുവെന്ന ആക്ഷേപവും കമ്മീഷനുമുന്നിലെത്തി. ഏഴ് മാസം മുമ്പ് ഭര്‍ത്താവ് ഉപേക്ഷിച്ച യുവതിയും ഭര്‍ത്താവിന്റെ അമ്മയ്ക്കും ഇളയ മരുമകനുമെതിരെ പരാതിയുമായി രംഗത്തെത്തി. അതേസമയം തന്റെ മകന്റെ വിവരങ്ങള്‍ കഴിഞ്ഞ നാലരവര്‍ഷമായി അറിയില്ലെന്ന നിലപാടാണ് അമ്മ സ്വീകരിച്ചത്. കാണ്മാനില്ലെന്ന പരാതി പോലീസ് സ്റ്റേഷനു നല്കാല് കമ്മീഷന് നിര്‍ദ്ദേശിച്ചു. പ്രണയിച്ചു വിവാഹം കഴിച്ചവര്‍ ആരോപണ പ്രത്യാരോപണങ്ങളുമായി കമ്മീഷനു മുന്നിലെത്തിയപ്പോള്‍ ഇരുവരെയും കൗണ്‍സിലിംഗിനയച്ച് വീണ്ടും ജീവിതം ആരംഭിക്കാന്‍ കമ്മീഷന് നിര്‍ദ്ദേശിച്ചു.
ഇത്തരത്തില്‍ 38ഓളം കേസുകള്‍ അദാലത്തില്‍ തീര്‍പ്പാക്കി. എട്ട് കേസുകളില്‍ പോലീസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. രണ്ട് കേസുകളില്‍ കെല്‍സയുടെ സൗജന്യനിയമസഹായം തേടി. 22 കേസുകളില്‍ കക്ഷികള്‍ ഹാജരായില്ല. 14 എണ്ണം അടുത്ത അദാലത്തിലേക്ക് മാറ്റി. മൂന്നെണ്ണം അനേ്വഷണത്തിന് വിട്ടു. പുതിയതായി സമര്‍പ്പിക്കപ്പെട്ട പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി.
കഴിഞ്ഞമാസംവരെ അദാലത്തുകളില്‍ 60 കേസുകള്വരെയാണ് പരിഗണിച്ചിരുന്നതെന്നും ഇപ്പോള്‍ പരാതികളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിരിക്കുകയാണെന്നും ഡോ. പ്രമീളാദേവി പറഞ്ഞു. ഏറ്റവുമധികം പരാതികള്‍ വരുന്ന ജില്ലകളുടെ പട്ടികയിലാണ് കോട്ടയം. ഇവിടെ പരിഗണനയ്ക്ക് വരുന്ന പല കേസുകളിലും കക്ഷികള്‍ വിട്ടുവീഴ്ചയ്ക്ക് വിമുഖത കാട്ടുകയാണ്- പ്രമീളാദേവി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: