കൊച്ചി: അമ്പത്തേഴ് ലക്ഷത്തില്‍നിന്നും മൂന്നുവര്‍ഷം കൊണ്ട് മൂവായിരംകോടി രൂപയിലേക്കുള്ള റോബര്‍ട്ട് വധേരയുടെ അഴിമതി നിറഞ്ഞ വളര്‍ച്ചയെക്കുറിച്ച് സര്‍ക്കാര്‍ സമഗ്രാന്വേഷണം നടത്തണമെന്ന് ബിജെപി ദേശീയ സെക്രട്ടറി ഡോ. കിരീത് സോമയ്യ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 22ന് ആരംഭിക്കുന്ന ലോക്സഭാ സമ്മേളനത്തില്‍ ബിജെപി ഇക്കാര്യം ഉന്നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതുകൂടാതെ ടുജി അഴിമതി, കോമണ്‍വെല്‍ത്ത്, വിലക്കയറ്റം എന്നീ വിഷയങ്ങളും പാര്‍ട്ടി ഉന്നയിക്കും.
വധേര ഡിഎല്‍എഫ് കൂട്ടുകെട്ട് കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ ആറ് പുതിയ കമ്പനികള്‍ രൂപീകരിച്ചിട്ടുണ്ട്. കൃഷിയുടെ പേരിലാണ് ഈ ആറ് കമ്പനികളും രൂപീകരിച്ചിട്ടുള്ളത്. കള്ളപ്പണം വെളുപ്പിക്കുന്നതിനായിട്ടാണ് ഈ കമ്പനികള്‍ രൂപീകരിച്ചതെന്ന് തെളിവുകള്‍ ഉയര്‍ത്തിക്കാണിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. റോബര്‍ട്ട് വധേര സര്‍ക്കാരിന്റെ മരുമകനായിട്ടാണ് വര്‍ത്തിക്കുന്നത്. രാജസ്ഥാന്, ദല്‍ഹി, ഹരിയാന സര്‍ക്കാരുകളും കേന്ദ്രസര്‍ക്കാരും വധേരയുടെ അഴിമതിക്ക് കൂട്ടുനില്‍ക്കുകയാണ്.
നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ചില്ലറ വ്യാപാരരംഗത്ത് യാതൊരുവിധത്തിലുള്ള കടന്നുകയറ്റവും ബിജെപി അനുവദിക്കുകയില്ല. ഇതിനായി മറ്റ് പ്രതിപക്ഷ കക്ഷികളുമായി യോജിക്കാനും ബിജെപി തയ്യാറാണെന്നും സോമയ്യ വ്യക്തമാക്കി.
നിതിന്‍ ഗഡ്കരിക്കെതിരെ ഉന്നയിച്ചിട്ടുള്ള ആരോപണത്തിന് അടിസ്ഥാനമില്ല, തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ആരോപണമായിരുന്നില്ല അത്. കോണ്‍ഗ്രസ്-വധേര വിഷയത്തില്‍നിന്നും ശ്രദ്ധ തിരിക്കാന്‍ വേണ്ടി കൊണ്ടുവന്ന ആരോപണമായിരുന്നു. അതുകൊണ്ടുതന്നെയാണ് ബിജെപി ഒറ്റക്കെട്ടായി ഗഡ്കരിയെ പിന്തുണക്കുന്നതെന്നും ഒരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. മെട്രോ റെയില്‍ വിഷയത്തില്‍ ബിജെപി സംസ്ഥാന നേതാക്കള്‍ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജിനെയും അരുണ്‍ ജെറ്റ്ലിയെയും സന്ദര്‍ശിക്കുമെന്നും, കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും സോമയ്യ പറഞ്ഞു.
അഴിമതിക്കെതിരെ ബിജെപി ദേശവ്യാപകമായി നടത്തുന്ന പ്രചരണപരിപാടികളുടെ ഭാഗമായിട്ടാണ് കിരീത് സോമയ്യ കൊച്ചിയിലെത്തിയത്. ഡിഎംആര്‍സിയുടെയും ഇ.ശ്രീധരന്റെയും മേല്‍നോട്ടത്തില്‍ മെട്രോറെയില്‍ പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് ബിജെപി ഇന്ന് വൈറ്റിലയില്‍ ആരംഭിക്കുന്ന സത്യാഗ്രഹസമരം കിരീത് സോമയ്യ ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്, ജില്ലാ പ്രസിഡന്റ് പി.ജെ.തോമസ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: