നെടുമ്പാശ്ശേരി: അയ്യപ്പഭക്തന്മാരോട് പാര്‍ക്കിംഗ് ഫീസ് ഈടാക്കേണ്ടത് അനിവാര്യമാണെന്നും ഇതിലൂടെ മാത്രമേ ദേവസ്വംബോര്‍ഡിന് വരുമാനം ലഭിക്കുകയുള്ളൂവെന്നും തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എം.പി.ഗോവിന്ദന് നായര്‍ പറഞ്ഞു.
ശബരിമലയില്‍ ദേവസ്വംബോര്‍ഡ് സ്ഥലത്ത് നടത്തുന്ന ടോള്‍ പിരിവിനെതിരെ ചിലര്‍ രംഗത്ത് വന്നിരുന്നു. ഇതിനെതിരെ ഹൈക്കോടതിയില്‍ പോയിരുന്നു. എന്നാല്‍ ഇവിടെ ടോള്‍ അല്ല, ദേവസ്വംബോര്‍ഡ് സ്ഥലത്ത് പാര്‍ക്കിംഗ് ഫീസാണ് പിരിക്കുന്നത്. ഇതിനെ കോടതി എതിര്‍ത്തിട്ടില്ല. ബോര്‍ഡിന്റെ വരുമാനം പാര്‍ക്കിംഗ് ഫീസാണ്. ഇതിലൂടെ മാത്രമേ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ സാധിക്കുകയുള്ളൂ. കോടിക്കണക്കിന് രൂപയാണ് സാനിറ്റേഷന്‍ സൗകര്യങ്ങള്‍ക്കും മറ്റും വേണ്ടിവരുന്നത്. അവിടെയെത്തുന്ന എല്ലാ ഭക്തജനങ്ങള്‍ക്കും അന്നദാനം നല്‍കുന്നുണ്ട്. ഇതിനായി ധനസമാഹരണവും നടത്തേണ്ടതുണ്ട്. അമൃതാനന്ദമയീ മഠത്തിന്റെ നേതൃത്വത്തില്‍ മൂവായിരംപേര്‍ ഒരാഴ്ചകൊണ്ട് മാതൃകാപരമായി ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തി.
സ്വര്‍ണ്ണക്കൊടിമരത്തിന് പെയിന്റടിച്ചെന്നത് തര്‍ക്കവിഷയമാണ്. ഇക്കാര്യത്തില്‍ അന്വേഷണം നടത്തുന്നുണ്ട്. കൊടിമരം ക്ലീന്‍ ചെയ്യുകയായിരുന്നു. അത്രയ്ക്ക് സ്ഥിരബുദ്ധിയില്ലെങ്കില് മാത്രമേ സ്വര്‍ണ്ണ കൊടിമരത്തില്‍ പെയിന്റടിക്കുകയുള്ളൂ. ഇത് ശത്രുക്കളുടെ പ്രചരണമാണെന്ന് പരാതിയുണ്ട്. ഇത് അന്വേഷണത്തിലേ തെളിയൂ.
ദുര്‍ബല ക്ഷേത്രങ്ങളെ പുനരുദ്ധരിക്കുന്നതിനായി പദ്ധതികള്‍ തയ്യാറാക്കുന്നതിനെക്കുറിച്ച് ചിന്തിക്കും. ഇതിനായി സംഘടിത പദ്ധതി തയ്യാറാക്കണം. ജനങ്ങളുടെ സഹകരണത്തോടെ ഇത് നടപ്പാക്കാനാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. അപ്പം നിര്‍മ്മാണത്തിനുള്ള യന്ത്രം അടുത്ത സീസണ് മുമ്പ് സ്ഥാപിക്കും. വ്യവസായി രവിപിള്ള ഇത് സൗജന്യമായി നല്‍കാമെന്നും പറഞ്ഞിട്ടുള്ളതായി അദ്ദേഹം വ്യക്തമാക്കി. സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ വി.ജെ.കുര്യന്, എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ.സി.കെ.നായര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: