വികസനമെന്നാല്‍ ഇന്ന് പരിസ്ഥിതിയുടെ നശീകരണമാണ്; ഭൂമിയുടെ നാശമാണ്. ആറന്മുള വിമാനത്താവളംപോലെ കോര്‍പ്പറേറ്റ് പ്രീണനം ലക്ഷ്യമിട്ടുള്ള വികസനത്തില്‍ നൂറുകണക്കിന് ഏക്കര്‍ നെല്‍വയലുകളും നീര്‍ത്തടങ്ങളും നഷ്ടമാകുന്നത്, ആയിരങ്ങളുടെ കുടിയൊഴിപ്പിക്കല്‍ ഇതെല്ലാം സമകാലീന ദൃശ്യങ്ങളാണ്. ഭൂദാനപ്രസ്ഥാനം, ഭൂപരിഷ്ക്കരണം, മിച്ചഭൂമി വിതരണം തുടങ്ങിയുള്ള പാഴ്വാഗ്ദാനങ്ങള്വഴി മണ്ണില്‍ പണിയെടുക്കുന്ന ആര്‍ക്കും ഭൂമി കിട്ടിയതായി ചരിത്രമില്ല. മുത്തങ്ങ സമരത്തിനും ചെങ്ങറ കുടിയേറ്റത്തിനും ശേഷം ആദിവാസി ഇപ്പോഴും വഴിയില്‍ കുഴികുത്തി ശവം മറവുചെയ്യുന്നു. ആദിവാസി ക്ഷേമത്തിന് കോടികള്‍ ബജറ്റുകളില്‍ നീക്കിവെക്കപ്പെടുന്നുണ്ടെങ്കിലും ഒരു തുണ്ടുഭൂമി ‘ഭൂമിനേരസ്ഥന്മാ’രായ ആദിവാസികള്‍ക്ക് പതിച്ച് നല്കിയ ചരിത്രമില്ല.
കാട് ലഭിച്ചാല്‍ ‘ഞങ്ങള്‍ കാട് രക്ഷിക്കും’ എന്ന് ആദിവാസികള്‍ സത്യം ചെയ്യുന്നു. ആദിവാസി വികസനമെന്നാല്‍ ഇപ്പോള്‍ ‘നിലനില്‍പ്പ്’ മാത്രമാണ്. മുത്തങ്ങ സമരം നയിച്ച, മുത്തങ്ങയില്‍ വനഭൂമി കയ്യേറി ചരിത്രം സൃഷ്ടിച്ച വ്യക്തിയായ സി.കെ.ജാനു പറയുന്നത് കാര്‍ഷികമേഖല പൂര്‍ണ്ണമായും തകര്ന്നടിഞ്ഞുപോയെന്നാണ്. ആന്റണി സര്‍ക്കാരിന്റെ വാഗ്ദാനം ആദിവാസികള്‍ക്ക് അഞ്ചേക്കര്‍ ഭൂമിയായിരുന്നു. ഇന്ന് നെല്‍പ്പാടങ്ങള്‍ ഇഞ്ചിപ്പാടങ്ങളായി, പിന്നെ കവുങ്ങ്, കുരുമുളക് മുതലായ വാണിജ്യവിളകളായി. മോണോ കള്‍ച്ചര്‍ വന്നപ്പോള്‍ നീരുറവകള്‍ നശിച്ച് വയനാട്ടില്‍ ജലക്ഷാമം അനുഭവപ്പെടുന്നു. വനവല്ക്കരണത്തിന്റെ പ്രതീകമാക്കി സര്‍ക്കാര്‍ അവതരിപ്പിച്ചത് യൂക്കാലി, അക്കേഷ്യ മുതലായ വെള്ളം വലിച്ചെടുക്കുന്ന മരങ്ങളാണ്.
ഭൂരഹിതര്‍ക്ക് ഒരേക്കര്‍ ഭൂമി പതിച്ച് നല്കാന് ഉത്തരവുണ്ട്. ആറളത്ത് ഭൂമി വിതരണം ചെയ്യുമ്പോള്‍ ഒരേക്കര്‍ വീതം കൊടുക്കാമെന്ന് ഉമ്മന്‍ചാണ്ടിയുടെ വാഗ്ദാനവുമുണ്ട്. പാഴ്വാഗ്ദാനങ്ങളുടെ പട്ടിക നീളുമ്പോഴും ആദിവാസിക്ക് ഭൂമിയോടുള്ള പ്രതിബദ്ധത നശിക്കുന്നില്ല. ഇതിന്റെ തെളിവാണ് ഈ വര്‍ഷത്തെ പി.വി.തമ്പി മെമ്മോറിയല്‍ അവാര്‍ഡ് പൈതൃക നെല്‍വിത്തുകളുടെ കാവല്‍ക്കാരനായ കുറിച്ചി സമുദായത്തില്‍പ്പെട്ട ചെറുവയല്‍ രാമന് ലഭിച്ചത്. മണ്മറഞ്ഞുപോകുന്ന നാടന്‍ നെല്ലിനങ്ങളുടെ പ്രചാരകന് മാത്രമല്ല. മുപ്പത്തിയെട്ട് പാരമ്പര്യ നെല്ലിനങ്ങള്‍ സ്വന്തം കൃഷിയിടത്തില്‍ പരിപാലിക്കുന്ന വ്യക്തിയുമാണ് രാമന്. 120ഓാളം നാടന്‍ നെല്ലിനങ്ങളാണ് വയനാടന്‍ മേഖലയില്‍ ഉണ്ടായിരുന്നത്. പലതും ഇന്ന് അന്യമായി കഴിഞ്ഞു.
ദിവംഗതനായ പി.വി.തമ്പി ആദ്യകാല പത്രപ്രവര്‍ത്തകനും പരിസ്ഥിതിവാദിയുമായിരുന്നു. അദ്ദേഹം എന്റെ സുഹൃത്തായത് ഞാന്‍ ക്യാന്‍സര്‍ ബാധിച്ച് റീജണല്‍ ക്യാന്‍സര്‍ സെന്ററില്‍ കഴിയുമ്പോഴാണ്. അന്ന് അദ്ദേഹത്തിന്റെ സഹധര്‍മ്മിണിയും അവിടെ അര്‍ബുദ ചികിത്സയിലായിരുന്നു. കീമോ തെറാപ്പിക്കുശേഷം ഞാന്‍ ഛര്‍ദ്ദിച്ച് അവശയായി കിടക്കുമ്പോള്‍ എന്റെ കട്ടിലിനരികെ വന്ന് എന്നെ ആശ്വസിപ്പിക്കാന്‍ അദ്ദേഹം ശ്രമിക്കുമായിരുന്നു. ഞാന്‍ ഇന്ത്യന്‍ എക്സ്പ്രസ് ലേഖികയായിരുന്നപ്പോള്‍ പരിസ്ഥിതി വിഷയങ്ങളും കൈകാര്യം ചെയ്തിരുന്നു. അന്ന് ഞാന്‍ അദ്ദേഹത്തിന്റെ അഭിമുഖങ്ങള്‍ എടുത്തിരുന്നു. പില്ക്കാലത്ത് അദ്ദേഹം ക്യാന്‍സര്‍ ബാധിതനായി പിവിഎസ് ആശുപത്രിയില്‍ കിടന്നപ്പോള്‍ ഞാന്‍ പോയി കണ്ടു. എന്റെ തിരിച്ചുവരവിന്റെ കാര്യം പറഞ്ഞ് പ്രതീക്ഷ നല്കാന് ശ്രമിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് “ലീലയ്ക്ക് തിരിച്ചുവരവില്‍ ചില ലക്ഷ്യങ്ങളുണ്ടായിരുന്നു, എനിക്ക് അതൊന്നുമില്ല” എന്നായിരുന്നു.
പരിസ്ഥിതി പ്രവര്‍ത്തകനായ അദ്ദേഹത്തിന്റെ പേരിലാണ് മകന് രഞ്ജിത് പി.വി.തമ്പി മെമ്മോറിയല്‍ അവാര്‍ഡ് നല്‍കിവരുന്നത്. കഴിഞ്ഞ പതിനാല് വര്‍ഷമായി അപൂര്‍വ്വ പരിസ്ഥിതി സംരക്ഷകരെ തേടിപ്പിടിച്ച് അവാര്‍ഡ് നല്കിവരുന്നു. കടലാമകളെ സംരക്ഷിച്ചവര്‍, മണല്‍ വാരലിനെതിരെ ധൈര്യപൂര്‍വം ഒറ്റയാള്‍ പട്ടാളമായി പോരാടിയ പള്ളിക്കല്‍ ഭവാനി, കണ്ടലിന്റെ വളര്‍ത്തമ്മയായ യശശ്ശരീരയായ മറിയാമ്മ കുര്യന്, കണ്ടല്‍ വനവല്‍ക്കരണം നടത്തിയ മത്സ്യത്തൊഴിലാളിയായ പാറയില്‍ രാജന്, കണ്ടല്‍ക്കാടുകള്‍ നട്ടുവളര്‍ത്തിയ കല്ലന് പൊക്കുടന് ഇങ്ങനെ നിരവധി മുഖങ്ങള്‍ എന്റെ കണ്മുന്നില് നിരന്നു. ഈ അവാര്‍ഡ്ദാന ചടങ്ങില്‍ ഞാന്‍ തിരിച്ചറിഞ്ഞത് പരിസ്ഥിതി പ്രതിബദ്ധത ഏറെയുള്ളത് പിന്നോക്ക-ദളിത്-ആദിവാസി വിഭാഗങ്ങള്ക്കാണെന്നാണ്.
വയനാട്ടില്‍ 120 ഇനം നെല്‍വിത്തുകള്‍ കൃഷി ചെയ്തിരുന്നുവത്രെ. ഇതില്‍ തന്റെ അഞ്ചേക്കര്‍ നെല്‍പ്പാടങ്ങളില്‍ രാമന് കൃഷി ചെയ്യുന്നത് 33 ഇനങ്ങളാണ്: ഗന്ധകശാല, മരത്തൊണ്ടി നെല്ല്, തൊണ്ണൂറാം തൊണ്ടി, ചേറ്റുവെളിയന്‍, മുണ്ടകന്‍, വെള്ള ചെന്താടി, ചെമ്പകം, ചെന്നെല്ലി, ചെന്നാടി, ചെന്നന്തൊണ്ടി, ചോമാല, വെളുമ്പാല, പാന്തൊണ്ടി, അടുക്കന്‍, കോതാണ്ടന്‍, കയമ, ചെറിയ കുറവ, തവളക്കണ്ണന്‍, ആവര, പാല്‍വെളിയന്‍ മുതലായവ ഒമ്പത് സെന്റ് സ്ഥലത്ത് കൃഷി ചെയ്താണ് പാരമ്പര്യവിത്ത് സംരക്ഷണം നടത്തുന്നത്.
രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കാതെയുള്ള ജൈവകൃഷിക്ക് പ്രതിരോധശേഷി കൂടുമെന്നാണ് രാമന്റെ സിദ്ധാന്തം. കുറിച്യരുടെ ആഘോഷങ്ങള്‍പോലും പേരുകള്‍ ചാലിടില്, വിത്തിറക്കല്‍, ഞാറുപറിക്കല്‍, വിള നാട്ടി, പണിക്കൂട്ടന്, കതിരു പൂജ, കതിരു കേറ്റന്‍, പുത്തിരികേറ്റന്, കൊയ്ത് പിടിക്കല്‍, കൊയ്ത് തീര്‍ക്കല്‍ മുതലായ കാര്‍ഷിക ചടങ്ങുകളാണ്. മലയാളിക്ക് ഒരുകാലത്ത് നെല്ക്കതിര് നിറയ്ക്കലും നിറപുത്തരിയും മറ്റും ഉണ്ടായിരുന്നല്ലോ!
പ്രകൃതിയ്ക്കിണങ്ങുന്ന ജീവിതവും സംസ്ക്കാരവുമാണ് കേരളത്തില്‍ നൂറ്റാണ്ടുകളായി നിലനിന്നത്. എന്നാല്‍ ഇന്ന് പരിസ്ഥിതിയും മനുഷ്യനും തമ്മില്‍ ബന്ധം നഷ്ടമാവുകയാണ്. എന്റെ കുട്ടിക്കാലത്ത് ഞങ്ങള്‍ കൃഷി ചെയ്തിരുന്നത് ചെമ്പാവ് ഓണോട്ടര്, ചാര, ജീരക ചെമ്പാവ് മുതലായ നെല്ലിനങ്ങളായിരുന്നു. അന്ന് നെല്ലിന് ബാധിച്ചിരുന്ന ഒരേയൊരു രോഗം ചാഴിവീഴ്ചയായിരുന്നു. ചാരം പാറ്റുകയായിരുന്നു അതിന് ചികിത്സ. ഉണങ്ങിയ ചാണകം പൊടിച്ചതും ചാരവുമായിരുന്നു വളം. അന്ന് ചെമ്പാവരി ഭക്ഷിക്കുന്നത് തറവാട്ടുകാരുടെ ലക്ഷണമായിരുന്നു. കൊച്ചിയില്‍ പൊക്കാളി കൃഷിയായിരുന്നു പ്രധാനം. മുണ്ടകനും പൊക്കാളി ചോറ് കുഴയ്ക്കുമ്പോള്‍ നെയ്യ് കൂട്ടി ഉണ്ടപോലെ കൈയില്‍ നെയ് മയമുണ്ടായിരിക്കുമെന്ന് ഗൃഹാതുരത്വത്തോടെ പറയുമായിരുന്നു കൊച്ചിക്കാര്. പനമ്പിള്ളിനഗര്‍, ഗിരിനഗര്‍, സഹോദരന് അയ്യപ്പന് റോഡ്, ഇളംകുളം നെറ്റിപാടവും കരിത്തല പാടവുമെല്ലാം പൊക്കാളിപ്പാടങ്ങളായിരുന്നു. ഇന്ന് നെറ്റിപ്പാടം ഒരു റോഡിന്റെ പേരും കരിത്തല സ്ഥലനാമവുമാണ്.
കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കാന്‍ തുടങ്ങിയതിന്റെ പ്രധാന കാരണം കൂലി വര്‍ധനയും വളംവില വര്‍ധനയും സാര്‍വത്രികമായി തീര്‍ന്ന കീടനാശിനിയുടെ വിലവര്ധനയുമെല്ലാമാണ്. സബ്സിഡിയോടുകൂടി കിലോയ്ക്ക് 17 രൂപ വില ലഭിക്കുമ്പോള്‍ ഒരുകിലോ റേഷനരിക്ക് രണ്ട് രൂപയാണ്. മറ്റൊരു കാര്യം മാറിമാറി വരുന്ന പുതിയ നാണ്യവിളകള്‍ കൃഷി ചെയ്യാനുള്ള മലയാളി കര്‍ഷകന്റെ ഔത്സുക്യമാണ്. മുമ്പ് പറഞ്ഞപോലെ ഇഞ്ചിയിലേക്കും റബറിലേക്കും കുരുമുളകിലേക്കും പൈനാപ്പിളിലേക്കും മാഞ്ചിയത്തിലേക്കും ധനലാഭം മോഹിച്ച് തിരിയുക മലയാളികളുടെ രീതിയാണ്.
പെരുമ്പാവൂരിലെ വെങ്ങോലയില്‍ ഇന്ന് നെല്‍പ്പാടങ്ങളില്‍ ഉയരുന്നത് പ്ലൈവുഡ് ഫാക്ടറികളാണ്. ഞങ്ങളുടെ തറവാട്ടുകാരുടെ വകയായിരുന്ന കുഴിലിപ്പാടം നിറയെ പ്ലൈവുഡ് കമ്പനികളാണ്. അടുത്തയിടെ ഞാന്‍ എന്റെ ചെറിയമ്മയുടെ മകളെ കാണാന്‍ വെങ്ങോലയില്‍ ചെന്നപ്പോള്‍ അവിടെ കിണറിലെ വെള്ളത്തിന് ചുവപ്പുനിറം. എന്റെ അമ്മ പറഞ്ഞിരുന്നത് വെങ്ങോലയിലെപോലെ ശുദ്ധജലം മേറ്റ്ങ്ങും ലഭ്യമല്ല എന്നായിരുന്നു. ഇന്ന് വെങ്ങോലക്കാര്‍ക്ക് നെല്‍വയല്‍ മാത്രമല്ല ശുദ്ധജലവും നഷ്ടമായി. ഈ പരിസ്ഥിതി നാശത്തിനെതിരെ പെരുമ്പാവൂര്‍ നിവാസികള്‍ കളക്ടറേറ്റ് പടിക്കല്‍ സത്യാഗ്രഹമിരിക്കുകയാണ്.
കടലോരങ്ങളിലെ കണ്ടല്‍ക്കാടുകളുടെ അവസ്ഥയും വ്യത്യസ്തമല്ല. കണ്ടല്‍ക്കാട് ഋതുഭേദങ്ങളുടെ തീക്ഷ്ണതകളെ മറികടക്കുവാനും പ്രജനനത്തിനായി കടല്‍ കടന്നെത്തുന്ന ദേശാടനപക്ഷികള്‍ക്ക് കൂടൊരുക്കി ആഹാരവും അഭയവും നല്കുവാനും ഉപകരിച്ചിരുന്നു. മത്സ്യങ്ങള്‍, ഞണ്ടുകള്‍, വിവിധതരം ഒച്ചുകള്‍, കക്കകള്‍, ആമകള്‍ എന്നിവയുടെയെല്ലാം ജനനകേന്ദ്രങ്ങളുമായിരുന്നു അത്. സസ്തനികളായ മീന്‍പൂച്ച, നീര്‍നായ, കുറുക്കന് മുതലായവയുടെ അഭയകേന്ദ്രവും കടലാക്രമണത്തെ ചെറുക്കുന്ന ഹരിതകവചവുമായിരുന്നു കണ്ടല്‍ക്കാടുകള്‍. കണ്ടല്‍ വനങ്ങളുടെ നാശം മത്സ്യസമ്പത്തിന്റെ മാത്രമല്ല, ഉള്‍നാടന്‍ മത്സ്യസമ്പത്തിന്റെയും നാശത്തിന് കാരണമായി.
കേരളത്തിന്റെ കൃഷി നശിച്ചു. വാര്‍ഷിക വരുമാനത്തിന്റെ മൂന്ന് ശതമാനം വരുമാനം തരുന്ന 11,114 ലക്ഷത്തില്‍പ്പരം മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യം ആവശ്യത്തിന് ലഭിക്കുന്നില്ല. മുന്നൂറോളം വ്യത്യസ്ത ഇനം മത്സ്യങ്ങളാണ് കേരളതീരത്തുള്ളത്. എന്തെല്ലാമാണ് വികസനത്തിന്റെ പേരില്‍ നാം നശിപ്പിക്കുന്നത്? കായലോളങ്ങളുടെ സൗന്ദര്യം ഹൗസ്ബോട്ടുകളും ജൈവസൗന്ദര്യം വിനോദസഞ്ചാരവും കയ്യടക്കി. ഇന്ന് മനുഷ്യന് പ്രകൃതിയുടെ ഭാഗമല്ല, ചൂഷകന് മാത്രമാണ്. പരസ്പരാശ്രിതത്വവും പരസ്പര ബന്ധിതവുമായ ആവാസ വ്യവസ്ഥ ഇന്ന് വയനാട്ടിലെ നെല്ലിനങ്ങളെപ്പോലെ ഗൃഹാതുരത്വത്തിന്റെ ഭാഗമായി.
- ലീലാമേനോന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: