കാലടി: ആദിശങ്കര കീര്ത്തിസ്തംഭമണ്ഡപത്തിനു സമീപം നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന അറവ്വുശാല മാറ്റിസ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇതിന് ഉടന്‍ നടപടിയെടുക്കണമെന്ന് ആദിശങ്കര ജന്മദേശവികസന സമിതിയോഗം ഗ്രാമപഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടു. ആദിശങ്കരന്റെ ജന്മദേശമെന്ന മഹത്വം നല്‍കിയായിരിക്കണം കാലടിയുടെ വികസനവും പുതിയപദ്ധതികള്ക്ക് ആസൂത്രണം ചെയ്യേണ്ടതും. ലോകംബഹുമാനിക്കുന്ന ശ്രീശങ്കരനെ മറന്നുകൊണ്ട് നടത്തിയ അറവുശാലയുടെ നിര്‍മാണോദ്ഘാടനം അപലപനീയവും അനുചിതവുമാണ്. ശബരിമല മണ്ഡലകാലം ആരംഭിച്ച അവസരത്തില്‍ തീര്‍ത്ഥാടകര്‍ക്ക് വേണ്ടി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് വേണ്ട ശുഷ്ക്കാന്തി കാണിക്കാത്തതിലും ശുചീകരണം, ശുദ്ധജലവിതരണം, വഴിവിളക്കുകള്‍ തെളിയിക്കുക എന്നീ കാര്യങ്ങളില്‍ അനാസ്ഥകാണിക്കുകയും ചെയ്യുന്ന അധികൃതരുടെ നടപടിയെ യോഗം ശക്തിയായി അപലപിച്ചു. സംസ്ഥാന ധര്‍മ്മജാഗരണ്‍ സംയോജകന്‍ വി.കെ.വിശ്വനാഥന് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പ്രൊഫ.കെ.എസ്.ആര്.പണിക്കര്‍ അദ്ധ്യക്ഷത വഹിച്ചു. പി.കെ.വിജയരാധവന്‍, ഡോ.സി.രഘുനന്ദനന്, കെ.ജി.ഹരിദാസ്, കെ.പി.ശങ്കരന് എന്നിവര്‍ പ്രസംഗിച്ചു.
ആദിശങ്കര കീര്‍ത്തിസ്തംഭ പരിസരത്ത് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന അറവുശാല മാറ്റിസ്ഥാപിക്കണമെന്ന് ആദിശങ്കര കീര്‍ത്തിസ്തംഭ മണ്ഡലം മാനേജര്‍ ആവശ്യപ്പെട്ടു. ശ്രീശങ്കരാചാര്യരുടെ ജന്മംകൊണ്ട് പരിപാവനമായ കാലടി സന്ദര്‍ശിച്ച് പുണ്യം നേടുവാന്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ഭാരതത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും വിദേശങ്ങളില്‍നിന്നുപോലും ദിനം പ്രതി ആയിരക്കണക്കിന് ജനങ്ങള്‍ എത്തിക്കൊണ്ടിരിക്കുന്ന കാലടിയിലെ ഈ ക്ഷേത്രപരിസരത്ത് അറവുശാല സ്ഥാപിക്കാനുള്ള തീരുമാനം ഭാരത സംസ്കാരത്തോടുള്ള അവഹേളനമാണ്.
കീര്‍ത്തിസ്തംഭവും പഞ്ചായത്തു പരിസരവും ശബരിമല തീര്‍ത്ഥാടകരുടെ ഇടത്താവളം കൂടിയാണ്. ഇതൊന്നും പരിഗണിക്കാതെ ഇവിടെത്തന്നെ അറവുശാല സ്ഥാപിക്കണമെന്നുള്ള തീരുമാനം അടിയന്തരമായി റദ്ദുചെയ്യണമെന്ന് മാനേജര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: