കൊച്ചി: വിളപ്പില്‍ശാല ചവര്ഫാക്ടറിയിലെ മാലിന്യപ്രശ്നം പരിഹരിക്കാന്‍ ഹൈക്കോടതി വിദഗ്ധസമിതിയെ നിയോഗിച്ചു. സര്‍ക്കാര്‍, പഞ്ചായത്ത്, സമരസമിതി പ്രതിനിധികള്‍ എന്നിവര്‍ സമിതിയിലുണ്ടാകണം. ഇതുമായി ബന്ധപ്പെട്ട് പാരിസ്ഥിതിക പ്രശ്നം പഠിക്കാനാണ് സമിതി രൂപീകരിച്ചിരിക്കുന്നത്. കേസിലെ കക്ഷികള്‍ ഒരാഴ്ചയ്ക്കകം സമിതിയുടെ അംഗങ്ങളെ നാമനിര്‍ദേശം ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചു. തിരുവനന്തപുരം കോര്പ്പറേഷന് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരും ജസ്റ്റിസ് എ.എം.ഷെഫീക്കും അടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലായിരിക്കും പുതിയ സമിതിയുടെ പ്രവര്‍ത്തനം. കഴിഞ്ഞ ഒക്ടോബറില്‍ വിളപ്പില്‍ശാല ചവര്ഫാക്ടറിയില് മലിനജല സംസ്കരണ പ്ലാന്റ് രാത്രിയുടെ മറവില്‍ എത്തിച്ചതിനെതിരെ വന്‍പ്രതിഷേധമാണുണ്ടായത്. അന്നു നടന്ന ചര്‍ച്ചകളില്‍ മാലിന്യം ഫാക്ടറിയിലേക്ക് ഇനി എത്തിക്കില്ലെന്ന് അധികൃതര്‍ ഉറപ്പു നല്‍കിയിരുന്നു.
എന്നാല്‍ കോടതി നടപടികള്‍ തുടരുന്നതിനാല്‍ സര്‍ക്കാര്‍ അന്ന് രേഖാമൂലം ഉറപ്പു നല്‍കിയിരുന്നില്ല. നവംബര്‍ 19ന് ഹൈക്കോടതിയില്‍ കേസ് പരിഗണിക്കുമ്പോള്‍ സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്ങ് മൂലം നല്‍കുമെന്നും അന്ന് ധാരണയായിരുന്നു.
തിരുവനന്തപുരം നഗരത്തിലെ എല്ലാ വീടുകളിലും ബയോഗ്യാസ് പ്ലാന്റ് സ്ഥാപിച്ചു വരികയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ ധരിപ്പിച്ചു. ഭൂരിഭാഗം വീടുകളിലും പ്ലാന്റ് സ്ഥാപിച്ചു എന്ന സര്‍ക്കാര്‍ വാദം വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണെന്ന് മഞ്ജുള ചെല്ലൂര്‍ സര്‍ക്കാരിനെ വാക്കാല്‍ വിമര്‍ശിച്ചു. ഹര്‍ജി വീണ്ടും 26ന് പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: