രാഹുല്‍ ഗാന്ധിയെക്കുറിച്ച് കോണ്‍ഗ്രസിനകത്തും പുറത്തും പ്രചരിച്ചിട്ടുള്ള ഫലിതങ്ങള്‍ നിരവധിയാണ്. ഇവയില്‍ ഏറ്റവും രസകരവും ഓര്‍ത്തുചിരിക്കാന്‍ വകനല്കുന്നതും ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ യശ്വന്ത് സിന്‍ഹ ഈയിടെ പറഞ്ഞതാണ്. “രാഹുല്‍ വരനെ ചുമയ്ക്കുന്ന കുതിരയെപ്പോലെയാണ്. എല്ലായിപ്പോഴും അത് ഒരിടത്ത് നില്ക്കും. പിന്നെ അനങ്ങില്ല. ഇതുപോലെ രാഹുല്‍ ഗാന്ധിയും അനങ്ങുന്നില്ല. എന്തെങ്കിലുമൊന്ന് ചെയ്യാന്‍ ഒരുപാട് ശ്രമമുണ്ടായിട്ടും രാഹുലിനെക്കൊണ്ട് ഒന്നിനുമാവുന്നില്ല. ചിലര്‍ പുറകില്‍നിന്ന് തള്ളുന്നുണ്ടെങ്കിലും രാഹുല്‍ അനങ്ങാന്‍ കൂട്ടാക്കുന്നില്ല. രാഹുല്‍ തയ്യാറാവുന്നില്ലെങ്കില്‍ മന്മോഹന് സിംഗിന് എന്തു ചെയ്യാനാവും? ഇതാണ് ഇപ്പോഴത്തെ പ്രതിസന്ധി.” ഇതാണ് പല കോണ്‍ഗ്രസ് നേതാക്കളെയും പ്രകോപിപ്പിച്ച യശ്വന്ത് സിന്‍ഹയുടെ ഫലിതം. എന്നാല്‍ രാഹുല്‍ ഗാന്ധിയെക്കുറിച്ച് ഏറ്റവും രൂക്ഷമായി വിമര്‍ശനം നടത്തിയത് സാക്ഷാല്‍ ബാല്‍താക്കറെയായിരുന്നു. “ഇന്നലെ ജനിച്ച അവന് ഇന്ന് പ്രധാനമന്ത്രിയാവാന്‍ ആഗ്രഹിക്കുന്നു. പ്രധാനമന്ത്രിപദം ലേലത്തില്പ്പിടിക്കാവുന്ന ഒന്നാണോ?” എന്നാണ് മരിക്കുന്നതിന് മാസങ്ങള്‍ക്ക് മുമ്പ് താക്കറെ ചോദിച്ചത്. രാഹുലിനെ നേതാവാക്കി അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസ് ഏകോപന സമിതിയുണ്ടാക്കിയിരിക്കുമ്പോള് യശ്വന്ത് സിന്‍ഹയുടെ ഫലിതവും താക്കറെയുടെ വിമര്‍ശനവും ഒരുപോലെ പ്രസക്തമാണ്.
ഏറ്റവും ഒടുവില്‍ നടന്ന മന്ത്രിസഭാ പുനഃസംഘടനയില്‍ സ്ഥാനം ലഭിക്കാതെ പോയപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഉടന്‍ അഴിച്ചുപണിയുണ്ടാകുമെന്നും ജനറല്‍ സെക്രട്ടറിമാരിലൊരാളായ രാഹുലിന് സെക്രട്ടറി ജനറല്‍ എന്ന പദവി നല്‍കുമെന്നുമായിരുന്നു പ്രചാരണം. എന്നാല്‍ അതുണ്ടായില്ല. ഇതിന് പകരമാണ് രാഹുലിനെ നേതാവാക്കി ഏകോപന സമിതിക്ക് രൂപം നല്‍കിയിട്ടുള്ളത്. സോണിയാ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേല്‍, എ.കെ.ആന്റണി, ജനാര്‍ദ്ദന്‍ ദ്വിവേദി, സുരേഷ് പച്ചൗരി, ദിഗ്വിജയ്സിംഗ്, അംബികാ സോണി എന്നിവരാണ് സമിതിയംഗങ്ങള്‍. ഈ സമിതിയംഗങ്ങളില്‍ പലര്‍ക്കും അവരുടെതായ കഴിവുകളും ദോഷങ്ങളുമുള്ളവരാണ്. എന്നാല്‍ 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലേക്കായി ഇവരെ വെച്ചുകൊണ്ട് രാഹുല്‍ ഗാന്ധി എന്തുചെയ്യാന്‍ പോകുന്നുവെന്നാണ് അറിയേണ്ടത്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളായ ആന്റണിയും ദിഗ്വിജയ് സിംഗും അംബികാ സോണിയുമൊക്ക രാഹുലിന് റിപ്പോര്‍ട്ട് ചെയ്യേണ്ടിവരുന്നതിലെ ഗതികേട് എതിരാളികളില്‍പ്പോലും സഹതാപമുണര്‍ത്തും. സോണിയാഗാന്ധിയോടുള്ള വിധേയത്വം കൊണ്ടാണ് ആന്റണിയെപ്പോലുള്ളവര്‍ ഈ കുരിശു ചുമക്കുന്നത്.
രാഹുലിനെ നേതാക്കന്മാരുടെ നേതാവായി പ്രതിഷ്ഠിച്ച് കൊട്ടിഘോഷിക്കപ്പെടുന്ന ഈ ഏകോപന സമിതിയുടെ പൊള്ളത്തരം അറിയാന്‍ ഒരു എളുപ്പവഴിയുണ്ട്. സോണിയാ ഗാന്ധി ‘ചികിത്സക്കായി’ വിദേശത്ത് പോയപ്പോള്‍ പാര്‍ട്ടി കാര്യങ്ങള്‍ നോക്കാന്‍ രാഹുലിനെ നേതാവാക്കി ഒരു സമിതിക്ക് രൂപം നല്‍കിയിരുന്നു. എ.കെ.ആന്റണി, അഹമ്മദ് പട്ടേല്‍, ജനാര്‍ദ്ദന്‍ ദ്വിവേദി എന്നിവര്‍ ഈ സമിതിയിലും അംഗങ്ങളായിരുന്നു. ഈ സമയത്താണ് ലോക്പാല്‍ ബില്ലുമായി ബന്ധപ്പെട്ട് ഹസാരെ സംഘം കോണ്‍ഗ്രസിനും കേന്ദ്രസര്‍ക്കാരിനും വന്‍ വെല്ലുവിളി ഉയര്‍ത്തിയത്. സോണിയയുടെ അഭാവത്തില്‍ രാഹുല്‍ കഴിവ് തെളിയിക്കും എന്നായിരുന്നു കോണ്‍ഗ്രസുകാരുടെ പ്രതീക്ഷ. എന്നാല്‍ അങ്ങനെയൊന്നും സംഭവിച്ചില്ലെന്ന് മാത്രമല്ല പാര്‍ട്ടി അനാഥമാവുകയും രാഹുല്‍ പരിഹാസ്യനാവുകയും ചെയ്തു. പാര്‍ട്ടിയുടെ കാര്യത്തില്‍പ്പോലും ഒരിക്കലെങ്കിലും ഫലപ്രദമായി ഇടപെടാന്‍ കഴിയാത്ത രാഹുല്‍ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുമെന്ന് കരുതുന്നത് വ്യര്‍ത്ഥമായിരിക്കും.
എന്തുകൊണ്ട് രാഹുല്‍ എന്നൊരു ചോദ്യമുന്നയിച്ചാല്‍ ഒരു കോണ്‍ഗ്രസ് നേതാവിനും മറുപടിയുണ്ടാവില്ല; സോണിയാ ഗാന്ധിക്കൊഴികെ. അവന് എന്റെ മകന് എന്നതായിരിക്കും സോണിയയുടെ മറുപടി. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ രാഹുലിനെ രംഗത്തിറക്കുന്നവര്‍ അപ്രിയസത്യങ്ങള്‍ പലതും വിസ്മരിക്കുകയാണ്. ഏതെങ്കിലുമൊരു തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ വിജയത്തിലെത്തിക്കാന്‍ രാഹുലിനായിട്ടുണ്ടോ? യുപി നിയമസഭാ തെരഞ്ഞെടുപ്പ് തന്നെയെടുക്കുക. അവിടെ തെരഞ്ഞെടുപ്പ് പ്രചാരണ രംഗം രാഹുലിന് തീറെഴുതി നല്‍കുകയായിരുന്നു. പ്രചാരണത്തില്‍ രാഹുലായിരുന്നു താരം. കോടികളൊഴുക്കി നിരവധി റോഡ്ഷോകള്‍, ആയിരങ്ങളെ അണിനിരത്തിയ സമ്മേളനത്തിന്റെ അവകാശവാദങ്ങള്‍, പ്രഖ്യാപനങ്ങള്‍. എല്ലാം അല്‍പ്പായുസ്സുകളായിരുന്നു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ കോണ്‍ഗ്രസ് ദയനീയമായി തോറ്റു. സംസ്ഥാനത്തെ നാമമാത്രമായ പാര്‍ട്ടി ഘടനപോലും രാഹുലിന്റെ ‘പ്രയത്നം’കൊണ്ട് തകര്‍ന്നുകിട്ടി. പാര്‍ട്ടിക്ക് കനത്ത തോല്‍വി സമ്മാനിച്ചിരിയ്ക്കുന്നത് അമ്മയുടെ മകനായതിനാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ നിശബ്ദത പാലിച്ചു. പരാജയത്തിന്റെ കാരണം കണ്ടുപിടിച്ച് എ.കെ.ആന്റണി കമ്മറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും കോണ്‍ഗ്രസ് നേതൃത്വം അത് കണ്ടില്ലെന്ന് നടിച്ചു. പ്രചാരണത്തില്‍ വന്ന പിഴവാണ് തോല്‍വിയ്ക്ക് പ്രധാന കാരണമെന്ന് കണ്ടെത്തിയതാണ് ഇതിന് കാരണം.
ക്ലിനിക്കല്‍ സൈക്കോളജിയില്‍ ‘പേഴ്സണാലിറ്റി ഡിസോര്‍ഡര്‍’ എന്ന് വിളിക്കുന്ന പ്രശ്നമാണ് രാഹുല്‍ഗാന്ധി നേരിടുന്നത്. ഒരു വ്യക്തിക്ക് പ്രായത്തിന്റെ പക്വത ഇല്ലാതെവരുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. ലോകത്തിന്റെ മുഴുവന്‍ അധികാരവും കയ്യാളുന്ന അവസ്ഥ സോണിയയ്ക്കുണ്ടായാലും മകന്റെ ഈ പ്രശ്നം പരിഹരിക്കാനാവില്ല. എന്നാല്‍ അവര്‍ക്ക് മകനെ ഇന്ത്യയുടെ പ്രധാനമന്ത്രിയായി വാഴിക്കുകയും വേണം. ഇതിന് സോണിയ കണ്ടെത്തിയിട്ടുള്ള കുറുക്കുവഴിയാണ് ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് ഏകോപനസമിതി. കുടുംബാധിപത്യത്തിന് ചൂട്ടുപിടിക്കുന്ന ഒരുപറ്റം നേതാക്കളുടെ ചെലവില്‍ തെരഞ്ഞെടുപ്പില്‍ എന്തെങ്കിലും നേട്ടമുണ്ടാക്കാനായാല്‍ അത് മകന്റെ കഴിവുകൊണ്ടാണെന്ന് വരുത്താനും കഴിയും.
എന്തെങ്കിലും കഴിവുള്ളയാള്‍ക്കേ അത് തെളിയിക്കാനാകൂ. യാതൊരു കഴിവുമില്ലാതിരുന്നിട്ടും രാഹുലിന്റെ കാര്യത്തില്‍ പാര്‍ട്ടിയിലും ജനങ്ങള്‍ക്കിടയിലും വ്യാജപ്രതീക്ഷ വളര്‍ത്തിയെടുക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം ചെയ്യുന്നത്. രാഹുലിന്റെ കഴിവുകളുടെ കിരണങ്ങള്‍ മാത്രമാണ് നമുക്ക് കാണാനാവുന്നത് എന്ന കേന്ദ്രമന്ത്രി സല്മാന് ഖുര്‍ഷിദിന്റെ അഭിപ്രായപ്രകടനം ഇതിലൊന്നായിരുന്നു. വിധേയന്മാരുടെ കൂടാരമായിരിക്കുന്ന പാര്‍ട്ടിക്കകത്ത് ഇത് കുറെയൊക്കെ വിജയിക്കുമെങ്കിലും ജനങ്ങള്‍ക്കിടയില്‍ വിലപ്പോവില്ല. ഇതാണ് രാഹുല്‍ നേതൃത്വം കൊടുക്കുന്ന തെരഞ്ഞടുപ്പുകളില്‍ തെളിയുന്നത്.
ഏകോപന സമിതിയുടെ അധ്യക്ഷനാക്കിയതോടെ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി രാഹുലാണെന്ന വ്യക്തമായ സൂചന കോണ്‍ഗ്രസ് നല്‍കിക്കഴിഞ്ഞു. കേന്ദ്രമന്ത്രി കമല്‍നാഥിനെപ്പോലുള്ള ചില നേതാക്കള്‍ ലജ്ജയേതുമില്ലാതെ ഇത് പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഒന്നാമത്തെയും രണ്ടാമത്തെയും യുപിഎ സര്‍ക്കാരുകളില്‍ മന്ത്രിയാവാനുള്ള എല്ലാ സാധ്യതയും അവസരവും രാഹുല്‍ ഗാന്ധിക്കുണ്ടായിരുന്നു. രണ്ടാം യുപിഎ സര്‍ക്കാരിലെ അവസാനത്തേതെന്ന് പ്രധാനമന്ത്രി മന്മോഹന് സിംഗ് വിശേഷിപ്പിച്ച ഏറ്റവും ഒടുവിലത്തെ മന്ത്രിസഭാ പുനഃസംഘടനയിലും മന്ത്രിസഭയിലേക്ക് വരാന്‍ രാഹുല്‍ കൂട്ടാക്കിയില്ല. ഇത് ബോധപൂര്‍വമാണ്. കേന്ദ്രസര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കാന്‍ ഇനി ഒന്നര വര്‍ഷത്തോളമുണ്ട്. ഈ കാലയളവില്‍ മന്ത്രിയായി കഴിഞ്ഞാല്‍ ദിവസങ്ങള്‍ മതി ഈ ജോലിക്ക് താന്‍ യോഗ്യനല്ലെന്ന് രാഹുല്‍ തെളിയിച്ചിരിക്കും. ഇതോടെ രാഹുലിന്റെ കാഴ്ചപ്പാടുകളെക്കുറിച്ചും കഴിവുകളെക്കുറിച്ചും കോണ്‍ഗ്രസ് നേതാക്കള്‍ ഊതിവീര്പ്പിച്ചിരിക്കുന്ന ബലൂണ്‍ പൊട്ടിപ്പോകും. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടാനുള്ള സാധ്യത ഇതോടെ ഇല്ലാതാവും. ഇതൊഴിവാക്കാനാണ് ഏതെങ്കിലും മന്ത്രി പദവിയിലൂടെയല്ലാതെ പ്രധാനമന്ത്രിക്കസേരയിലേയ്ക്ക് രാഹുലിനെ കെട്ടിയിറക്കാന്‍ സോണിയ തീരുമാനിച്ചിട്ടുള്ളത്. എന്നാല്‍ സോണിയയെപ്പേടിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ ചിന്തിക്കാന്‍ മടിക്കുന്ന ഒരു കാര്യമുണ്ട്. ഭരണതലത്തില്‍ യാതൊരു മുന്‍പരിചയവുമില്ലാത്ത ഒരാള്‍ക്കെങ്ങനെയാണ് ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ പ്രധാനമന്ത്രിയാവാന്‍ കഴിയുക എന്ന കാര്യമാണത്.
അളവറ്റ പണത്തിന്റെയും പരിധിയില്ലാത്ത അധികാരത്തിന്റേയും പിന്‍ബലമുണ്ടായിരുന്നിട്ടും എട്ട് വര്‍ഷംകൊണ്ട് വിശ്വാസ്യതയുള്ള ഒരു നേതാവായി വളരാന്‍ രാഹുലിന് കഴിഞ്ഞിട്ടില്ല. രാഷ്ട്രീയത്തിലെ ഒരു പ്രൈമറി വിദ്യാര്‍ത്ഥി പോലുമല്ല താനെന്ന് രാഹുല്‍ തെളിയിച്ചിട്ടുള്ള സന്ദര്‍ഭങ്ങള്‍ നിരവധിയാണ്. അതിലൊന്ന് ഇതാണ്: യുപിയിലെ തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് അവിടെ സംഭവിക്കാനിരിയ്ക്കുന്ന അത്ഭുതത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാനെത്തിയിരിക്കുകയാണ് രാഹുല്‍. “രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കായി താങ്കളുടെ സര്‍ക്കാര്‍ ചെയ്യുന്നതൊന്നും എന്താണ് ഗുണം ചെയ്യാത്തത് എന്നൊരു മാധ്യമ പ്രവര്ത്തകന് ചോദിച്ചു. ഉടന്‍ വന്നു രാഹുലിന്റെ മറുപടി. “ഞങ്ങള്‍ പരമാവധി ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ സര്‍ക്കാര്‍ നിയമിച്ചിട്ടുള്ള ഉദ്യോഗസ്ഥവൃന്ദം എല്ലാം തുലയ്ക്കുകയാണ്”- എന്നായിരുന്നു അത്. എട്ട് വര്‍ഷം അധികാരം ലഭിച്ചിട്ടും ഉദ്യോഗസ്ഥരെ മാറ്റാന്‍ താങ്കളുടെ സര്‍ക്കാരിന് എന്തുകൊണ്ട് കഴിഞ്ഞില്ല എന്ന് ചോദിക്കാന്‍ മറ്റ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് തോന്നിയില്ല. അവര്‍ രാഹുലിനെപ്പോലെ വിവരദോഷികളല്ലായിരുന്നു.
ഹൈദരാബാദില്‍ 2005ല്‍ നടന്ന ഐഐസിസി പ്ലീനറി സമ്മേളനത്തില്‍ രാഹുല്‍ഗാന്ധി പ്രസംഗിച്ചത് ദേശീയപതാകയാണ് തന്റെ മതം, ജാതിയും പാരമ്പര്യവുമൊന്നും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ അടിസ്ഥാനമാവരുത് എന്നൊക്കെയാണ്. എന്നാല്‍ അഞ്ചുവര്‍ഷം കഴിഞ്ഞ് യുപി തെരഞ്ഞെടുപ്പില്‍ രാഹുല്‍ വോട്ട് പിടിച്ചത് ജാതി അടിസ്ഥാനമാക്കിയ സ്വത്വ രാഷ്ട്രീയത്തിന്റെ പേരിലായിരുന്നു. ലോകംകണ്ട ഏറ്റവും മികവുറ്റ ടെക്നോക്രാറ്റുകളിലൊരാളായ സാം പിട്രോഡയെ വിശ്വകര്‍മ്മ സമുദായത്തില്പ്പെടുന്നയാളായാണ് രാഹുല്‍ അവതരിപ്പിച്ചത്. ഇങ്ങനെയൊരു ബഹുമതി പിട്രോഡക്ക് ലഭിക്കുന്നത് ആദ്യമായിട്ടായിരിക്കും. സ്വത്വരാഷ്ട്രീയത്തിന് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അതിന്റേതായ പ്രസക്തിയുണ്ട്. എന്നാല്‍ സ്വത്വരാഷ്ട്രീയത്തില് വിശ്വസിക്കുന്നില്ലെന്ന് പറയുന്ന അതേ നാവുകൊണ്ട് സാം പിട്രോഡയുടെ സമുദായത്തിന്റെ പേരില്‍ വോട്ട് പിടിക്കുന്നത് ശുദ്ധ കാപട്യമാണ്. രാഹുല്‍ ജാതിരാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നില്ലെങ്കിലും യുപിയില്‍ അത് രൂഢമൂലമാണെന്നായിരുന്നു ദ്വിഗ്വിജയ് സിംഗിന്റെ ന്യായീകരണം.
യുപി തെരഞ്ഞെടുപ്പില്‍ രാഹുല്‍ മത്സരിച്ചത് മുലായത്തിന്റെ മകന് അഖിലേഷ് യാദവിനോടാണ്. രാഷ്ട്രീയത്തില്‍ കാര്യമായ അനുഭവസമ്പത്തൊന്നുമില്ലാതിരുന്നിട്ടും അഖിലേഷ് പാര്‍ട്ടിയെ നയിച്ച് വിജയിച്ച് മുഖ്യമന്ത്രിയായി. രാഹുലിനാകട്ടെ സ്വന്തം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളെപ്പോലും വിജയിപ്പിക്കാനായില്ല. എന്നാല്‍ 2014ല്‍ കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായെത്തിയാല്‍ രാഹുലിന് നേരിടേണ്ടിവരിക ബിജെപിയുടെ പ്രതിയോഗിയെയായിരിക്കും. വിജയം കൂടപ്പിറപ്പായ വികസനത്തിന്റെ ആ നായകന് മുന്നില്‍ രാഹുല്‍ നിഷ്പ്രഭനാവും; കോണ്‍ഗ്രസ് നിഷ്പ്രഭവും.
മുരളി പാറപ്പുറം
പ്രതികരിക്കാൻ ഇവിടെ എഴുതുക: