കൊച്ചി: കൊച്ചി കായലില്‍ യാത്രാബോട്ട് അപകടത്തില്‍പ്പെട്ടു. ഫോര്‍ട്ട് കൊച്ചിയില്‍നിന്നും എറണാകുളത്തേക്ക് വരികയായിരുന്ന ബോട്ടാണ് ഇന്നലെ വൈകിട്ട് 3.30ഓടെ അപകടത്തില്‍പ്പെട്ടത്. കായലിലുണ്ടായ ഓളത്തില്‍ തെന്നി മാറിയ ബോട്ട്, ക്യൂ വണ്‍ ബെര്‍ത്തിലെ കപ്പല്‍ച്ചാലിനു സമീപം നാവികസേനയുടെ കപ്പലില്‍ ഇടിക്കുകയായിരുന്നു. ബോട്ട് മറിയാതിരുന്നത് ദുരന്തം ഒഴിവാക്കി.
കഴിഞ്ഞ ദിവസം കൊച്ചിയിലെത്തി ഇന്നലെ മടങ്ങിയ ആഡംബര കപ്പല്‍ സെലിബ്രിറ്റി സോള്‍സ്റ്റീസ് മുന്നോട്ട് എടുത്തപ്പോള്‍ കായലിലുണ്ടായ ഓളത്തിലാണ് എ – 89 എന്ന ബോട്ട് നാവിക സേനയുടെ ഐഎന്‍എസ് വിരാട് എന്ന കപ്പലില്‍ ചാരി നിന്നത്. ഇടിയുടെ ആഘാതത്തില്‍ ബോട്ടിന്റെ വലതു വശം തകര്‍ന്നു. ഈ സമയം 82 ഓളം യാത്രക്കാര്‍ ബോട്ടിലുണ്ടായിരുന്നു. ആര്‍ക്കും പരുക്കുകളില്ല.
ക്യൂ ബെര്‍ത്ത് വണ്ണില്‍ നങ്കൂരമിട്ടിരുന്ന നാവികസേനയുടെ ഐഎന്‍എസ് വിരാട് കപ്പലിന്റെയും കപ്പല്‍ച്ചാലില്‍ നിന്നും മുന്നോട്ടു നീങ്ങുകയായിരുന്ന സെലിബ്രിറ്റി സോള്‍സ്റ്റിസ് ആഡംബര കപ്പലിന്റെയും നടുവിലൂടെ ബോട്ട് കൊണ്ടു പോയതാണ് അപകട കാരണമെന്ന് യാത്രക്കാരില്‍ ഒരാള്‍ പറഞ്ഞു. നാവികസേനയുടെ കപ്പലിലെ ഒരു കൊളുത്തില്‍ ഉടക്കി നില്‍ക്കുകയായിരുന്നതിനാലാണ് ബോട്ട് മറിയാതിരുന്നതെന്ന് യാത്രക്കാര്‍ പറഞ്ഞു. ബോട്ടിലുണ്ടായിരുന്ന ലൈഫ് ജാക്കറ്റുകള്‍ ആദ്യം ജീവനക്കാര്‍ എടുത്തതിന് ശേഷം മിച്ചമുള്ളത് മാത്രമാണ് യാത്രക്കാര്‍ക്ക് നല്‍കിയത്. ലൈഫ് ജാക്കറ്റുകള്‍ എണ്ണത്തില്‍ കുറവായിരുന്നെന്നും യാത്രക്കാര്‍ പരാതിപ്പെട്ടു. കൈകുഞ്ഞുങ്ങളുമായി യാത്ര ചെയ്യുകയായിരുന്ന നിരവധി സ്ത്രീകള്‍ ബോട്ടിലുണ്ടായിരുന്നു. അപകടം നടന്ന ശേഷം സഹായത്തിനായി മറ്റേതെങ്കിലും ബോട്ട് വിളിക്കാന്‍ യാത്രക്കാര്‍ ആവശ്യപ്പെട്ടെങ്കിലും ജീവനക്കാര്‍ ഇതു കണക്കിലെടുക്കാതെ അപകടത്തില്‍പ്പെട്ട ബോട്ടില്‍ തന്നെ കരയ്ക്കെത്തിക്കുകയായിരുന്നെന്നും യാത്രക്കാര്‍ പറഞ്ഞു.
ബോട്ടിന്റെ സ്ഥിരം റൂട്ടില്‍ നിന്നും മാറിയാണ് ബോട്ട് രണ്ടു കപ്പലുകള്‍ക്ക് ഇടയിലൂടെ സഞ്ചരിച്ചതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: