ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമെന്ന് വിശേഷിപ്പിക്കപ്പെടുന്ന മുംബൈയില്‍ വേരുറപ്പിച്ച് രാജ്യമാകെ പന്തലിച്ച വ്യക്തിത്വമാണ് കഴിഞ്ഞ ദിവസം അന്തരിച്ച ബാല്‍ താക്കറെ. നാലരപതിറ്റാണ്ടായി സാമൂഹ്യ – രാഷ്ട്രീയ മണ്ഡലങ്ങളില്‍ സജീവമായിരുന്നു അദ്ദേഹം. ദേശീയതയാണ് താക്കറെയുടെ തത്ത്വവും നയവും പ്രത്യയശാസ്ത്രവുമെല്ലാം. ‘മണ്ണിന്റെ മക്കള്‍’ വാദവും ‘മറാത്തി’ പ്രേമവുമെല്ലാം അദ്ദേഹത്തെ ഇടുങ്ങിയ ചിന്തക്കാരനായി കുറ്റപ്പെടുത്തുവാന്‍ മാധ്യമങ്ങളും പ്രതിയോഗികളുമെല്ലാം ഉപയോഗിച്ചു. എന്നാല്‍ ആ സേതുഹിമാചലം ഇന്ത്യയെ ഒന്നായി കാണാനും മത, ഭാഷാ, പ്രാദേശിക അതിര് വരമ്പുകളില്ലാതെ സൗഹൃദം ഊട്ടിഉറപ്പിക്കാനും അദ്ദേഹം പ്രയത്നിച്ചതിന്റെ നിരവധി ഉദാഹരണങ്ങള്‍ നിരത്താനും സാധിക്കും. ദേശീയതയും ഹിന്ദുത്വവും തീവ്രതയോടെ ഉയര്‍ത്തിപ്പിടിക്കാന്‍ ഒരു മടിയും പ്രകടിപ്പിക്കാത്തതു തന്നെ പ്രതിയോഗികള്‍ കൂടാനും കടുത്ത എതിര്‍പ്പുകള്‍ നേരിടാനും സാഹചര്യമൊരുക്കിയത്. മുംബൈ നഗരത്തിലെ ശിവസേനയില്‍ മലയാളികളും മുസ്ലീങ്ങളും നേതാക്കളായുണ്ട്. മഹാരാഷ്ട്ര ഗവര്‍ണറായിരുന്ന ഡോ. പി.സി. അലക്സാണ്ടറെ രാജ്യസഭയിലെത്തിച്ചതിന്റെ മുഖ്യ സൂത്രധാരനും ബാല്താക്കറെയല്ലാതെ മറ്റാരുമല്ല. കപട മതേതര മുഖംമൂടിയണിഞ്ഞ് ജനങ്ങളെയും അണികളെയും കബളിപ്പിക്കാന്‍ താക്കറെ ഒരിക്കലും ശ്രമിച്ചിരുന്നില്ല.
സ്വതന്ത്ര ഇന്ത്യയില്‍ അധികാരം കുത്തകയാക്കി കോണ്‍ഗ്രസ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചും കൊള്ളയടിച്ചും മുന്നേറിയപ്പോഴാണ് ‘കാര്‍ട്ടൂണിസ്റ്റ്’ പണി നിര്‍ത്തി താക്കറെ തന്റെ തട്ടകം രാഷ്ട്രീയമാക്കിയത്. കോണ്‍ഗ്രസ് – കമ്മ്യൂണിസ്റ്റ് കക്ഷികളുടെ കേളീരംഗമായിരുന്ന മുംബൈയില്‍ ദേശീയ വികാരം ജ്വലിപ്പിച്ചുകൊണ്ട് ഉദയം ചെയ്ത ശിവസേന മഹാനഗരത്തില്‍ നിര്‍ണായക ശക്തിയായി വളര്‍ന്നു. തുടര്‍ന്ന് മറ്റ് നഗരങ്ങളിലേക്കും വേരുകള്‍ താഴ്ത്തി. പ്രാദേശിക വാദത്തില്‍ ഉറച്ചുനില്‍ക്കുമ്പോള്‍തന്നെ ശിവസേനയുമായി രാഷ്ട്രീയസഖ്യത്തിലേര്പ്പെടാന് കോണ്‍ഗ്രസ്സിന് മടിയുമുണ്ടായില്ല. അതുകഴിഞ്ഞ് രണ്ട് പതിറ്റാണ്ട് മുമ്പാണ് ബിജെപിയുമായി ബാല്‍താക്കറെ ബന്ധം സ്ഥാപിക്കുന്നത്. അതാകട്ടെ ഊഷ്മളമായി വളരുകയും നിലനിര്‍ത്തുകയും ചെയ്തിരുന്നു.
മുംബൈയിലെ കിരീടം ചൂടാത്ത രാജാവായി എന്നും ബാല്‍ താക്കറെ തല ഉയര്‍ത്തി നിന്നു. 1966 ലാണ് മറാത്തി പ്രതിബദ്ധത ഉയര്‍ത്തിപ്പിടിച്ച് ശിവസേന എന്ന സംഘടന രൂപീകരിച്ചത്. മറാത്തിയില്‍ ‘സാംന’ എന്ന പത്രവും ഹിന്ദിയില്‍ ‘ദോഫര്‍ കാ സാംന’യും താക്കറെ തുടങ്ങി. വികസനത്തിലേക്ക് അതിവേഗം കുതിക്കുന്ന മെട്രോസിറ്റിയായ മുംബൈ നിവാസികള്‍ പാര്‍ശ്വവത്കരിക്കപ്പെടുകയാണെന്ന താക്കറേയുടെ ആശങ്കക്ക് മറാത്തികള്‍ പൂര്‍ണപിന്തുണ നല്കി. മറാത്തി കാര്‍ഡ് ഉപയോഗിച്ച് ശക്തമായ വോട്ടുബാങ്ക് സൃഷ്ടിക്കാന്‍ താക്കറെക്ക് കഴിഞ്ഞു. താനെയ്ക്കു ശേഷം 1973 ല്‍ മുംബൈ മുനിസിപ്പാലിറ്റി പിടിച്ചെടുത്തതോടെ ശിവസേന മുംബൈ രാഷ്ട്രീയത്തിലെ അനിഷേധ്യ സാന്നിധ്യമായി. പിന്നീട് മറ്റ് നഗരങ്ങളിലേക്കും ശിവസേനയുടെ സ്വാധീനം ശക്തമാകുകയായിരുന്നു. ബിജെപിയുമായുള്ള കൂട്ടുകെട്ട് 1995 ല്‍ ശിവസേനയെ മഹാരാഷ്ട്രയില്‍ അധികാരം പിടിച്ചെടുക്കാന്‍ സഹായിച്ചു.
പ്രതിയോഗികള്‍ ചൊരിയുന്ന ശകാരങ്ങള്‍ക്കും ശാസനകള്‍ക്കും ബാല്‍താക്കറെ ചെവികൊടുക്കാറില്ല. എന്തു ധരിച്ചാലും തന്റെ മാര്‍ഗ്ഗം വ്യക്തവും ശുദ്ധവുമാണെന്ന് താക്കറെ വിശ്വസിച്ചു. ജനാധിപത്യത്തെയും മതേതരത്വത്തേയുമല്ല താക്കറെ എതിര്‍ത്തിരുന്നത്. ഇതിന്റെ പേരില്‍ നടക്കുന്ന കോപ്രായങ്ങളെയാണ്. പരിസര ശുചീകരണവും ഭാഷാ സ്നേഹവും ദേശസ്നേഹവും മാത്രമല്ല സ്ത്രീ സംരക്ഷണവും അദ്ദേഹത്തിന്റെ മുഖ്യ അജണ്ടയില്പ്പെട്ടു. ധനികര്‍ മാത്രമല്ല ദരിദ്രരുടെയും നഗരമാണ് മുംബൈ. ഇരു വിഭാഗങ്ങള്‍ക്കിടയിലും ഒരു പോലെ സ്വാധീനവും അംഗീകാരവും ബാല്‍ താക്കറെ നേടുകയും നിലനിര്‍ത്തുകയും ചെയ്തതിന്റെ രസതന്ത്രം കറകളഞ്ഞ ദേശക്കൂറും നിശ്ചയ ദാര്‍ഢ്യവും തന്നെയാണ്. അതോടൊപ്പം ചേരികളിലും കൂരകളിലും കഴിയുന്നവരെ കൈ അയച്ചു സഹായിക്കാന്‍ തന്റെ അണികളെ എന്നും സജ്ജരാക്കി നിര്‍ത്തി. മര്‍മ്മം അറിഞ്ഞ് കര്‍മ്മവും ധര്‍മ്മവും പുലര്‍ത്താന്‍ ബാല്‍താക്കറെ ശ്രദ്ധിച്ചു. അതുകൊണ്ടുതന്നെയാണ് ഏതു കൊടുങ്കാറ്റിലും കോളിളക്കത്തിലും ആടി ഉലയാതെ ശിവസേനയെന്ന തന്റെ നൗകയെ മുന്നോട്ടുകൊണ്ടുപോകാന്‍ ബാല്‍താക്കറെയ്ക്ക് കഴിഞ്ഞിരുന്നത്. താക്കറെയ്ക്ക് രോഗം മൂര്‍ച്ഛിച്ചതായുള്ള വാര്‍ത്ത പരന്നതുമുതല്‍ ആശങ്കയിലും പ്രാര്‍ത്ഥനയിലുമായിരുന്നു മുംബൈ നഗരം. ചരമ വാര്‍ത്ത കേട്ടപാടെ ജനലക്ഷങ്ങളാണ് ഒഴുകിയെത്തിയത്. അക്ഷരാര്‍ത്ഥത്തില്‍ മഹാനഗരം ജനസാഗരമായി. ജനലക്ഷങ്ങളെ സാക്ഷിനിര്‍ത്തിയാണ് ബാല്‍താക്കറെയുടെ അന്ത്യകര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കിയത്. അത് അദ്ദേഹത്തിന് ജനങ്ങള്‍ക്കിടയിലെ സ്ഥാനവും സ്വാധീനവുമാണ് വെളിവാക്കിയത്.
വരയും കുറിയുമല്ലാതെ അപാര പാണ്ഡിത്യമൊന്നുമുള്ള ആളല്ലായിരുന്നു ബാല്‍താക്കറെ. ആറാം ക്ലാസ്സില്‍ പഠനം നിര്‍ത്തി തൊഴിലില്‍ ഏര്‍പ്പെടുകയായിരുന്നു. കാര്‍ട്ടൂണിസ്റ്റ് എന്ന നിലയില്‍ പകരം വയ്ക്കാന്‍ ആളില്ലാത്ത കാലത്താണ് അദ്ദേഹം അരങ്ങൊഴിഞ്ഞത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും. ഏതെങ്കിലും അധികാര സ്ഥാനത്തെത്തുന്നതിലും ഒട്ടും താല്പര്യമില്ലാത്ത വ്യക്തിത്വം. അതിനാല്‍ വോട്ടു ചെയ്യുന്നതിനും സ്ഥാനാര്‍ത്ഥിയാകുന്നതിനും ഇലക്ഷന് കമ്മീഷന് ഏര്‍പ്പെടുത്തിയ വിലക്കൊന്നും അദ്ദേഹത്തിന് ഏശിയില്ല. വിവാദങ്ങളൊന്നും തന്റെ നിലപാടുകളില്‍ വെള്ളം ചേര്‍ക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചില്ല. ഇന്ത്യയുടെ കവാടമായ മുംബൈയുടെ ശബ്ദവും ശക്തിയും കാവലാളുമായി പതിറ്റാണ്ടുകള്‍ തളരാതെ തലതാഴ്ത്താതെ അടക്കിവാണു ബാല്‍താക്കറെ. പകരം വയ്ക്കാന്‍ പേരുകള്‍ പലതും ഉയരുന്നുണ്ടെങ്കിലും ‘ഉപ്പോളം വരില്ല ഉപ്പിലിട്ടത്’ എന്ന സത്യം അനിഷേധ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: