ഹൂസ്റ്റന്‍: നാലു മാസത്തെ ബഹിരാകാശ വാസത്തിന് ശേഷം, ഇന്ത്യന്‍ വംശജയായ അമേരിക്കന്‍ ബഹിരാകാശയാത്രിക സുനിത വില്യംസ് ഇന്ന് ഭൂമിയിലേയ്ക്കു മടങ്ങും. മടക്കയാത്രയില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ള മറ്റു രണ്ടു സഹയാത്രികരും സുനിതയ്ക്കൊപ്പമുണ്ട്.
സുനിതക്കും സംഘത്തിനും ഭൂമിയില്‍ തിരിച്ചിറങ്ങാന്‍ വേണ്ട സംവിധാനങ്ങള്‍ സജ്ജീകരിച്ചതായി നാസവൃത്തങ്ങള് അറിയിച്ചു. ഇന്ത്യന്‍ സമയം വൈകിട്ട് 5.26ന് ബഹിരാകാശ നിലയത്തില്‍ നിന്ന് യാത്രതിരിക്കുന്ന സംഘം 7.23ന് കസാക്കിസ്ഥാനില്‍ ഇറങ്ങും.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ കമാന്‍ഡറായ സുനിത നാസയിലെ തന്റെ സഹപ്രവര്‍ത്തകനായ കെവിന് ഫോര്‍ഡിനു സ്ഥാനം കൈമാറിയ ശേഷമാണ് ഭൂമിയിലേയ്ക്കു മടങ്ങുന്നത്. ജപ്പാന്റെ അക്കി ഹൊഷിഡെ, റഷ്യന്‍ സൊയുസ് കമാന്‍ഡര്‍ യൂരി മെലിചെന്കോ എന്നിവരാണ് മാസങ്ങള്‍ നീണ്ട ബഹിരാകാശദൗത്യത്തിനു ശേഷം സുനിതയ്ക്കൊപ്പം മടങ്ങിയെത്തുന്നത്.
അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിന്റെ കമാന്‍ഡര്‍ഷിപ്പ് സുരക്ഷിതമായ കരങ്ങളില്‍ ഏല്‍പ്പിച്ചാണ് തന്റെ മടക്കയാത്രയെന്ന് സുനിത പറഞ്ഞു. ബഹിരാകാശ ഗവേഷണത്തിനു പുറമെ ദൗത്യത്തിന്റെ ഭാഗമായി ചില റിക്കാര്‍ഡുകളും സ്വന്തമാക്കിയാണ് സുനിതയുടെ ഇത്തവണത്തെ മടക്കയാത്ര.
നാലു മാസത്തെ ദൗത്യത്തിനിടെ ഏറ്റവും കൂടുതല്‍ സമയം ബഹിരാകാശത്ത് നടന്നതിന്റെ റിക്കാര്‍ഡ് സുനിത സ്വന്തമാക്കിയിരുന്നു. ഇതിനോടൊപ്പം അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബഹിരാകാശത്തു നിന്നു വോട്ടു ചെയ്ത് സുനിത ലോകശ്രദ്ധ നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: