കൊച്ചി: വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലില്‍ നിന്ന് ദുബൈ വഴി ചൈനയിലേക്ക് കടത്താന്‍ ശ്രമിച്ച 28 മെട്രിക് ടണ്‍ രക്തചന്ദനം ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് പിടികൂടി. വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലില്‍നിന്ന് എട്ടു കണ്ടെയ്നറും പൊള്ളാച്ചിയിലെ ഗോഡൗണില്‍ നിന്ന് 20 ടണ്‍ രക്തചന്ദനവുമാണ് പിടികൂടിയത്. കള്ളക്കടത്ത് ശൃംഖലയുടെ തലവനടക്കം അഞ്ചുപേരെ ഡി ആര് ഐ അറസ്റ്റ് ചെയ്തു. സി പി എം ബ്രാഞ്ച് സെക്രട്ടറിയും ഇവരുടെ കൂട്ടത്തിലുണ്ട്.
ചകിരിച്ചോറെന്ന പേരില്‍ കണ്ടെയ്നര്‍ ഫ്രൈറ്റ് സ്റ്റേഷനിലെത്തിച്ച് കസ്റ്റംസ് ക്ലിയറന്‍സ് കഴിഞ്ഞ് ടെര്‍മിനലില്‍ കയറ്റിയ കണ്ടെയ്നറില്‍ നിന്നാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡി ആര് ഐ അധികൃതര്‍ എട്ടു ടണ്‍ രക്തചന്ദന തടികള്‍ പിടിച്ചെടുത്തത്. പിടിയിലായവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊള്ളാച്ചിയില്‍ മുഖ്യപ്രതിയുടെ ഗോഡൗണില്‍ നിന്ന് 20 ടണ്‍ രക്തചന്ദനം കൂടി പിടിച്ചെടുത്തത്. ഇവക്ക് ചന്ദനത്തിന് അന്താരാഷ്ട്ര വിപണിയില്‍ രണ്ടര കോടിയിലധികം രൂപ വിലമതിക്കുമെന്ന് ഡി ആര് ഐ വൃത്തങ്ങള്‍ പറഞ്ഞു.
കയറ്റുമതി ഏജന്റായ തൃശൂരിലെ സുവിഹാന് എക്സ്പോര്‍ട്സ് ഉടമ യൂസഫ്, കള്ളക്കടത്ത് ശൃഖലയിലെ പ്രധാനിയായ ചെന്നൈ സ്വദേശി കരുണാകരന് എന്ന കണ്ണന്, ഇയാളുടെ സഹായി പൊള്ളാച്ചി സ്വദേശി സെന്തില്‍, കള്ളക്കടത്തിന് കണ്ടെയ്നര്‍ ലോറി ഏര്‍പ്പാട് ചെയ്തു കൊടുത്ത ഫോര്‍ട്ട്കൊച്ചി വെളി സ്വദേശി ആന്റണി മോറിസ്, കസ്റ്റംസ് ക്ലിയറന്‍സിന് ഒത്താശ ചെയ്ത സി പി എം വില്ലിഗ്ടണ്‍ ഐലന്റ് ബ്രാഞ്ച് സെക്രട്ടറി ജയന് എന്നിവരെയാണ് ഡി ആര് ഐ ഡെപ്യൂട്ടി ഡയറക്ടര്‍ ആര് രാഹുല്‍, സീനിയര്‍ ഇന്റലിജന്‍സ് ഓഫീസര്‍ സെയ്തു മുഹമ്മദ് എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടിയത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. വല്ലാര്‍പാടം വഴി നാല് കണ്ടെയ്നര്‍ രക്തചന്ദനം നേരത്തെ പലപ്പോഴായി കടത്തിയിട്ടുണ്ടെന്ന് പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്. കോഫെപോസ നിയമപ്രകാരം കേസെടുത്തു. ഇന്ന് കോടതിയില്‍ ഹാജരാക്കും.
പരിശോധനയില്‍ പിടിക്കപ്പെടാതിരിക്കാന്‍ കണ്ടെയ്നറിന്റെ മുന്‍ഭാഗത്ത് പകുതിയോളം ചകിരിച്ചോര്‍ നിറച്ച ശേഷം പിന്നിലുള്ള ബാക്കി സ്ഥലത്താണ് രക്തചന്ദനം അടുക്കിവച്ചിരുന്നത്. കണ്ടെയ്നറിലുള്ള മുഴുവന്‍ സാധനങ്ങളും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പുറത്തിറക്കി പരിശോധിക്കാറില്ല. ഈ പഴുത് മുതലെടുത്താണ് ഉദ്യോഗസ്ഥര്‍ പകുതിയോളം ചകിരിച്ചോര്‍ നിറച്ച് ബാക്കി സ്ഥലത്ത് രക്തചന്ദനം കയറ്റിയത്. വല്ലാര്‍പാടത്ത് നിന്ന് ദുബൈയിലെത്തിക്കുന്ന ചക്തചന്ദനം അവിടെ നിന്ന് ഹോങ്കോങ്ങിലേക്കാണ് പോകുക. ദുബൈയില്‍ രക്തചന്ദന കള്ളക്കടത്ത് നിയന്ത്രിക്കുന്നത് തലശേരി സ്വദേശി ഷെഫീക്കും ഹോങ്കോങ്ങിലെ ഇടനിലക്കാരന് തമിഴ്നാട് സ്വദേശി മൊയ്തീനുമാണെന്ന് ഉദ്യോഗസ്ഥര്‍. ചെന്നൈ സ്വദേശി കണ്ണന് കിലോഗ്രാമിന് 35 രൂപ നിരക്കിലാണ് ഇവിടെ നിന്ന് രക്തചന്ദനം ദുബൈയിലേക്ക് കയറ്റിയയക്കുന്നത്. ദുബൈയിലെത്തുമ്പോള്‍ ഇതിന് കിലോക്ക് 55 രൂപ വില കിട്ടും. അവിടെ നിന്ന് ഹോങ്കോങ്ങിലെത്തുമ്പോള് വില പലമടങ്ങായി വര്‍ധിക്കും. കിലോക്ക് ആയിരം രൂപ വരെ അവിടെ രക്തചന്ദനത്തിന് ലഭിക്കുന്നുണ്ടത്രെ.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ വല്ലാര്‍പാടം വഴി ദുബൈയിലേക്ക് കടത്താന്‍ ശ്രമിച്ച മൂന്ന് കണ്ടെയ്നര്‍ രക്തചന്ദനം ഡി ആര് ഐ പിടികൂടിയിരുന്നു. പാലക്കാട് സ്വദേശി അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റേതായിരുന്നു ഇത്.
ഇപ്പോള്‍ പിടിച്ചെടുത്തിട്ടുള്ള രക്തചന്ദനത്തിന് അനില്‍കുമാറിന്റെ സംഘവുമായി ബന്ധമില്ലെങ്കിലും ദുബൈയിലെ ഇടനിലക്കാരന് പഴയ ആള് തന്നെയാണെന്ന് ഡി ആര് ഐ പറയുന്നു. അനില്‍കുമാറിനെയും സംഘത്തെയും അന്ന് ഡി ആര് ഐ പിടികൂടിയെങ്കിലും ദുബൈയിലെ ഇടനിലക്കാരനായ തലശേരി സ്വദേശി ഷെഫീക്കിനെ കണ്ടെത്താനായിരുന്നില്ല. കോടതിയില്‍ നിന്ന് ജാമ്യത്തിലിറങ്ങിയ അനില്‍കുമാര്‍ ഇപ്പോള്‍ ഒളിവിലാണ്. ഏഴ് തവണ വല്ലാര്‍പാടം വഴി രക്തചന്ദനം ദുബായിലേക്ക് കടത്തിയതായി അനില്‍കുമാര്‍ അന്ന് ചോദ്യം ചെയ്യലില്‍ ഡി ആര് ഐ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. രാജ്യത്തെ മറ്റ് തുറമുഖങ്ങള്‍ വഴിയും വിമാനത്താവളങ്ങള്‍ വഴിയും രക്തചന്ദന കള്ളക്കടത്ത് സജീവമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: