ദൈവികമായ സങ്കല്‍പ്പങ്ങള്‍ക്കും തത്വശാസ്ത്രങ്ങള്‍ക്കും നിരക്കാത്ത മനുഷ്യത്വരഹിതവും നികൃഷ്ടവുമായ പ്രവര്‍ത്തനങ്ങളാണ് താലിബാന് എന്ന മതതീവ്രവാദികള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. മനുഷ്യസ്നേഹത്തിലും സമാധാനത്തിലും സന്തോഷത്തിലും സാമൂഹിക ജീവിതം നയിക്കാനാവശ്യമായ ജീവിതക്രമവും തത്വങ്ങളുമാണ് ലോകമതങ്ങളെല്ലാം അനുശാസിച്ചിട്ടുള്ളത്. മനുഷ്യര്‍ പാലിക്കേണ്ട സത്യ-നീതി-ധര്‍മ്മങ്ങളെക്കുറിച്ചാണ് അടിസ്ഥാനപരമായി എല്ലാ മതങ്ങളും പറഞ്ഞിട്ടുള്ളത്.
സാമൂഹികമായ ഉത്തരവാദിത്വങ്ങളിലും കടമകളിലും അധിഷ്ഠിതമാണ് മനുഷ്യന്റെ സ്വാതന്ത്ര്യം. അതുതന്നെയാണ് ജനാധിപത്യത്തിന്റെ കാതലായ കാര്യവും. അതിലെ മുഖ്യഘടകവും അഭിപ്രായ സ്വാതന്ത്ര്യവുമാണ്. ആര്‍ക്കും തന്റെ അഭിപ്രായങ്ങള്‍ തുറന്നു പറയാനുള്ള സ്വാതന്ത്ര്യവും അവകാശവുമുണ്ട്. അതിനെ മറ്റുള്ളവര്‍ക്ക് അംഗീകരിക്കയോ യുക്തിപൂര്‍വം തള്ളിക്കളയുകയോ ആവാം. എന്നാല്‍ തനിക്ക് ഹിതകരമല്ലാത്ത അഭിപ്രായം പറഞ്ഞയാളെ ഉപദ്രവിക്കാനോ കൊല്ലാനോ ആര്‍ക്കും അവകാശമോ സ്വാതന്ത്ര്യമോ ഇല്ല. ഇത്തരുണത്തിലാണ് സഹിഷ്ണുതയും അഹിംസയും ജനാധിപത്യത്തിന്റെ പരമധര്മ്മമാകുന്നത്.
ഇതാണ് താലിബാന് തീവ്രവാദികള്‍ നിഷേധിക്കുന്നത്. അറിവും വിവേകവും മനുഷ്യരെ സംസ്ക്കാരത്തിലേക്ക് നയിക്കുമെന്നതിനാലാണല്ലൊ ലോകമെങ്ങും വിദ്യാഭ്യാസ പദ്ധതികളുള്ളത്. മനുഷ്യരാശിയുടെ എല്ലാവിധ വികാസങ്ങളും വിദ്യാഭ്യാസത്തിലൂടെയാണ് ഉണ്ടായിട്ടുള്ളത് എന്നത് അനിഷേധ്യമാണ്. സമൂഹത്തില്‍ സ്ത്രീക്കും പുരുഷനും തുല്യപങ്കാളിത്തമാണുള്ളത്. ഒരു മതസംഹിതയും സ്ത്രീക്ക് വിദ്യാഭ്യാസം നിഷേധിച്ചിട്ടുണ്ടെന്ന് തോന്നുന്നില്ല. സ്ത്രീക്ക് നല്ല വിദ്യാഭ്യാസം ഉണ്ടായാലേ കൂടുതല്‍ മെച്ചപ്പെട്ട സംസ്ക്കാരമുള്ള സമൂഹസൃഷ്ടിക്ക് വഴി തെളിയൂ എന്നുമാണ് കരുതപ്പെടുന്നത്.
എന്നാല്‍, അനേക നൂറ്റാണ്ടുകളിലൂടെ മനുഷ്യരാശി വികസിപ്പിച്ചെടുത്ത സംസ്ക്കാരത്തെ ക്രൂരമായി തച്ചുടച്ച്, പ്രാകൃതമായ ഒരു ഇരുണ്ട യുഗത്തിലേക്ക് സമൂഹത്തെ തിരിച്ചുകൊണ്ടുപോകാനുള്ള കുത്സിത ശ്രമങ്ങളാണ് താലിബാന് എന്ന ഇസ്ലാം മത തീവ്രവാദികള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. സ്ത്രീ വിദ്യാഭ്യാസത്തെ അവര്‍ മതവിരുദ്ധമായി പ്രഖ്യാപിക്കുന്നു. സ്ത്രീകള്‍ വിദ്യയഭ്യസിക്കുന്നതും സംഗീതവും നൃത്തവും പഠിക്കുന്നതും അവതരിപ്പിക്കുന്നതും ഹറാമാണെന്ന് വിധിക്കുന്നു. സ്ത്രീകള്‍ പുറത്തുപോയി ജോലി ചെയ്യുന്നതും നിഷേധിക്കുന്നു.
പാക്കിസ്ഥാന്റെ വടക്കുപടിഞ്ഞാറ് പ്രവിശ്യയിലെ സ്വാത് താഴ്വര മനോഹരമായ ചോള വയലുകളാല് ഹരിത സമൃദ്ധമാണ്. പക്ഷേ അവിടങ്ങളിലെ പെണ്‍കുട്ടികള്‍ക്കുള്ള വിദ്യാലയങ്ങളെല്ലാം താലിബാന്‍കാര്‍ ബോംബിട്ടു തകര്‍ത്തു. അതിനെതിരായി സ്ത്രീകളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ക്കും ജീവിതസ്വാതന്ത്ര്യത്തിനും വേണ്ടി പല സംഘടനകളും പോരാടുന്നുണ്ട്. ഈ പോരാട്ടത്തില്‍ ധീരമായി പങ്കുചേര്‍ന്നതിന് വെടിയുണ്ടയേല്‍ക്കേണ്ടി വന്ന പതിനാലുകാരിയായ മലാല യൂസഫ്സായുടെ കഥ ലോകജനത ഹൃദയവേദനയോടെയാണ് സ്വീകരിച്ചത്.
അക്ഷര വെളിച്ചവും ജീവിതാഹ്ലാദകരങ്ങളായ എല്ലാത്തരം സ്വാതന്ത്ര്യവും നിഷേധിക്കപ്പെട്ട്, തകര്‍ന്നുവീണ സ്കൂള്കെട്ടിടങ്ങളുടേയും വെടിയൊച്ചയുടേയും ഭയാനകമായ ചുറ്റുപാടില്‍ അടിച്ചമര്‍ത്തപ്പെട്ട് തമസ്ക്കരിക്കപ്പെട്ടു കഴിയേണ്ടിവരുന്ന പെണ്‍കുട്ടികളുടെ സങ്കടങ്ങളെക്കുറിച്ച് മലാല പതിനൊന്ന് വയസ്സുമുതല്‍ ഡയറിക്കുറിപ്പുകള്‍ എഴുതാന്‍ തുടങ്ങി. ആ ഡയറിക്കുറിപ്പുകള്‍ ബ്ലോഗിലൂടെ അവള് പുറംലോകത്തെ അറിയിക്കാന്‍ തുടങ്ങി. ഗുല്‍മക്കായ് എന്ന അപരനാമത്തിലാണ് അവള് ബ്ലോഗില്‍ എഴുതിക്കൊണ്ടിരുന്നത്. ഗുല്‍മക്കായ് എന്നാല്‍ ചോളപ്പൂവ്. ഹിറ്റ്ലറുടെ നാസി ഭീകരത നടത്തിയ പൈശാചികമായ ജൂതസംഹാരത്തെക്കുറിച്ച് ലോകത്തെ അറിയിച്ച ആന്‍ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകള്‍ക്ക് സമാനമായിരുന്നു മലാലയുടേയും ബ്ലോഗെഴുത്തുകള്‍. ഒരു പെണ്‍കുട്ടിയുടെ നിഷ്ക്കളങ്കമായ മനോവേദനയും കരിഞ്ഞുപോകുന്ന സ്വപ്നങ്ങളും നിസ്സഹായതയും താലിബാന്റെ നിഷ്ഠൂരതകളുമെല്ലാം ലോകം അറിയാന്‍ തുടങ്ങി. പാക് ഭരണകൂടത്തിനും പട്ടാളത്തിനും താലിബാനെതിരെ ശക്തമായ നടപടികള്‍ നിര്‍ബന്ധിതമായി. താലിബാന് അവിടുന്ന് തുരത്തപ്പെടുകയും സ്കൂളുകള്‍ പുനഃരാരംഭിക്കപ്പെടുകയും ചെയ്തു.
എങ്കിലും താലിബാന് ഭീകരര്‍ അടങ്ങിയില്ല. ആരാണ് ഗുല്‍മക്കായ് എന്ന് മണത്തറിഞ്ഞ തീവ്രവാദികള്‍ കത്തിലൂടെയും ഫോണിലൂടെയും മലാലയ്ക്കുനേരെ വധഭീഷണി മുഴക്കി. താന്‍ ചെയ്യുന്നത് ജനങ്ങളുടെ നന്മയ്ക്കും രക്ഷയ്ക്കും വേണ്ടിയുള്ള ശരിയായ കാര്യം തന്നെയാണെന്നുള്ള ബോധ്യം അവളെ ധീരയാക്കി. ബ്ലോഗെഴുത്തില്നിന്ന് അവള് പിന്മാറിയില്ല. അതിന്റെ പ്രതികാരമാണ് ഒക്ടോബര്‍ ആദ്യവാരത്തില്‍ നേതാവായ മൗലാന ഫസലുള്ളയുടെ നിര്‍ദ്ദേശാനുസരണം തീവ്രവാദിയായ അത്താവുള്ളയാണ് ആക്രമണം നടത്തിയത്. പതിന്നാലുകാരിയായ മലാല കൂട്ടുകാരോടൊപ്പം സ്കൂള്‍ വിട്ടു മടങ്ങുമ്പോഴായിരുന്നു സംഭവം. കഴുത്തില്‍ വെടിയേറ്റ പെണ്‍കുട്ടിയെ റാവല്‍പിണ്ടിയിലെ സൈനികാശുപത്രിയില്‍ പ്രവേശിപ്പിക്കുകയും വെടിയുണ്ട നീക്കം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് വിദഗ്ദ്ധ ചികിത്സക്കായി ലണ്ടനിലേക്ക് കൊണ്ടുപോയി.
മലാല സംഭവത്തിന് പിന്നാലെ വന്ന മറ്റൊരു വാര്‍ത്ത മാലിയില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആഫ്രിക്കയുടെ പടിഞ്ഞാറന്‍ പ്രദേശമായ തിമ്പൂക്കില് റോഡിലൂടെ അന്യപുരുഷന്മാരുമായി സംസാരിച്ചു നടന്നതിന് ഒരു കൗമാരക്കാരിയെ ഇസ്ലാം പടയാളികള്‍ പിടികൂടി വിചാരണ ചെയ്യുകയും ശിക്ഷയായി ചാട്ടവാര്‍ കൊണ്ടുള്ള അറുപത് പ്രഹരമേല്‍പ്പിക്കുകയും ചെയ്തതായാണ് വാര്‍ത്ത.
ഇന്റര്‍നെറ്റിന്റെയും കമ്പ്യൂട്ടറിന്റേയും ആഗോളശാസ്ത്ര സാങ്കേതിക യുഗത്തില്‍ തന്നെയാണല്ലോ ഇതെല്ലാം നടക്കുന്നത് എന്നോര്‍ക്കുമ്പോള്‍ ലജ്ജിക്കാതിരിക്കാന്‍ വയ്യ. ആധുനിക പരിഷ്കൃത ലോകത്തില്‍ ജീവിക്കുന്ന, അതിന്റെ എല്ലാം സുഖസൗകര്യങ്ങളും സംസ്ക്കാരവും ഉള്‍ക്കൊള്ളുന്ന ഇസ്ലാം മതവിശ്വാസികള്‍ എന്തുകൊണ്ട് മതവിരുദ്ധമായ തീവ്രവാദ നിഷ്ഠൂരതയെ എതിര്‍ക്കാന്‍ ശക്തമായി മുന്നോട്ടുവരുന്നില്ല? അവര്‍ക്കല്ലേ, ഇതിനെ എതിര്‍ക്കാനുള്ള മുഖ്യ ബാധ്യത?
- ജോസഫ് പനയ്ക്കല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: