കൊച്ചി: കേന്ദ്ര പ്രതിരോധമന്ത്രി എ.കെ.ആന്റണിക്കെതിരെ കേന്ദ്ര പ്രവാസികാര്യമന്ത്രി വയലാര്‍ രവി പരസ്യമായി രംഗത്ത്. എളമരം കരീം കേരളത്തില്‍ ഒരു വ്യവസായവും കൊണ്ടുവന്നിട്ടില്ലെന്നും കരീമിനെയും വി.എസ്. അച്യുതാനന്ദനെയും കുറിച്ച് എ.കെ. ആന്റണി പറഞ്ഞ അഭിപ്രായം തനിക്ക് ഇല്ലെന്നും കേന്ദ്രമന്ത്രി വയലാര്‍ രവി വ്യക്തമാക്കി. ആന്റണി പറഞ്ഞതു കേരള സര്‍ക്കാറിനെ ആക്ഷേപിക്കുന്നതല്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അവകാശപ്പെട്ടു.
ബ്രഹ്മോസിന്റെ ചടങ്ങില്‍ തൊഴിലാളി യൂണിയനുകള്‍ ബഹിഷ്കരണം നടത്തിയത് എ.കെ. ആന്റണിയെ വേദനിപ്പിച്ചു. ഇതിനെതിരേയുണ്ടായ സ്വാഭാവികമായ പ്രതികരണമാണ് അദ്ദേഹത്തിന്റെ വാക്കുകള്‍. എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കൊണ്ടുവന്ന ജപ്പാന് കുടിവെള്ള പദ്ധതിയെ ശക്തമായി എതിര്‍ക്കുകയും ഇതിന്റെ പേരില്‍ ആന്റണിയെ വ്യക്തിപരമായി അധിക്ഷേപിക്കുകയും ചെയ്തയാളാണു വിഎസ്. ഇപ്പോള്‍ വികസനം ലക്ഷ്യംവച്ചു കേരള സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്ന എമെര്‍ജിങ് കേരളയെയും ഏറ്റവും ശക്തമായി എതിര്‍ക്കുന്നതു മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും വിഎസുമാണ്. അവരുടെ ഭരണകാലത്ത് ഒരു വ്യവസായവും ഇവിടെ കൊണ്ടുവന്നിട്ടില്ല. കേരളത്തില്‍ വ്യവസായം കൊണ്ടുവരാതിരിക്കാന്‍ ശ്രമിച്ചയാളാണ് അച്യുതാനന്ദന്. എ.കെ. ആന്റണി രാഷ്ട്രീയമായിട്ടല്ല കേരളത്തിലെ സ്ഥിതി കണ്ടത്. കേരളത്തിലെ ജനങ്ങളോടുള്ള ഉത്തരവാദിത്വവും സ്നേഹവും മുന്‍നിര്‍ത്തി ആറു പുതിയ വ്യവസായ സ്ഥാപനങ്ങള്‍ ഇവിടേയ്ക്കു കൊണ്ടുവന്നു, വയലാര്‍ രവി പറഞ്ഞു.
യുഡിഎഫില്‍ എന്തെങ്കിലും പ്രശ്നങ്ങളോ അഭിപ്രായ ഭിന്നതകളോ ഉണ്ടെങ്കില്‍ അതു പരിഹരിക്കേണ്ട ഉത്തരവാദിത്വം മുഖ്യമന്ത്രിക്കാണെന്നും, അദ്ദേഹം അതു ചെയ്യുമെന്നും വയലാര്‍ രവി അഭിപ്രായപ്പെട്ടു. യുഡിഎഫില്‍ ഇപ്പോഴുള്ള പ്രശ്നങ്ങള്‍ ചായക്കോപ്പയിലെ കൊടുങ്കാറ്റു മാത്രമാണ്. അത് പെട്ടെന്നു കെട്ടടങ്ങും. യുഡിഎഫില്‍ കൂടുതല്‍ ഐക്യത്തിന്റെ ശബ്ദം ഉണ്ടാകണം. കേരളത്തിലെ സര്‍ക്കാര്‍ നന്നായി മുന്നോട്ടുപോകുന്നുണ്ട്. കൊച്ചി മെട്രൊയുടെ കാര്യത്തില്‍ താനും ആന്റണിയും കേന്ദ്രമന്ത്രി കമല്‍നാഥിനെ കണ്ടിരുന്നു. ഇക്കാര്യത്തില്‍ വീണ്ടും കമല്‍നാഥിനെ കാണുമെന്നും അദ്ദേഹം അറിയിച്ചു.
ഗര്‍ഭഛിദ്രം നിഷേധിച്ചതിനെത്തുടര്‍ന്ന് അയര്‍ലന്‍ഡില്‍ ഇന്ത്യക്കാരിയായ ഡോ. സവിത മരിച്ച സംഭവം ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അയര്‍ലന്‍ഡ് സര്‍ക്കാര്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കണമെന്നു കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി ആവശ്യപ്പെട്ടു. യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം സുതാര്യമാകണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
സംഭവത്തില്‍ ഏറെ നിരാശയും ഉത്ക്കണ്ഠയും ദുഃഖവുമുണ്ടെന്നും രവി പറഞ്ഞു. ഗര്‍ഭഛിദ്രം നിയന്ത്രിച്ചുകൊണ്ടുള്ള നിയമം ഇന്ത്യയിലും നിലവിലുണ്ട്. പക്ഷേ, ഇതില്‍ ചില ഇളവുകള്‍ നല്‍കിയിട്ടുണ്ട്. അയര്‍ലന്‍ഡ് സര്‍ക്കാരും ഇതിനു തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യുഎഇയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചതിനെ സ്വാഗതം ചെയ്യുന്നു. ഡിസംബര്‍ നാലു മുതല്‍ ഫെബ്രുവരി മൂന്നു വരെയാണു പൊതുമാപ്പു പ്രഖ്യാപിച്ചിരിക്കുന്നത്. നിയമപരമായി അവിടെ താമസിക്കാന്‍ കഴിയാത്തവര്‍ക്കും കാലാവധി കഴിഞ്ഞവര്‍ക്കും ശരിയായ രേഖകള്‍ ഇല്ലാതെ അവിടെയെത്തിയവര്ക്കുമെല്ലാം തിരിച്ചുപോരാനുള്ള അവസരമാണിത്. ഇവര്‍ക്കു നാട്ടിലേക്കു മടങ്ങുന്നതിന് കേന്ദ്രസര്‍ക്കാരിന്റെയും അവിടുത്തെ ഗവണ്മെന്റിന്റെയും എംബസി എക്സിറ്റ് പാസ് നല്‍കേണ്ടതുണ്ട്. 20 ദിര്‍ഹമായിരുന്ന ഇതിന്റെ ചെലവ് 60 ദിര്‍ഹമാക്കി വര്‍ധിപ്പിച്ചിരിക്കുന്നു. ഇത് സൗജന്യമായി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: