കോട്ടയം: സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ പ്രതിനിധികള്‍ എന്ന വ്യാജേന വിവിധ കേന്ദ്രങ്ങളില്‍ പരിശോധന നടത്തുകയും പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് കമ്മീഷന് അറിയിച്ചു. കമ്മീഷന്റെ പേരുപറഞ്ഞ് വ്യക്തികളും സംഘടനകളും സര്‍ക്കാര്‍ ഓഫീസുകളിലും ആശുപത്രികളിലും മറ്റ് സ്ഥാപനങ്ങളിലും പരിശോധനയ്ക്ക് കയറുന്നത് കമ്മീഷന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതേ പേരില്‍ പണപ്പിരിവ് നടത്തുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും സംഘടനകള്‍ക്കും ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനും മനുഷ്യാവകാശധ്വംസനങ്ങള്‍ കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനും സ്വാതന്ത്ര്യമുണ്ട്. അതേസമയം കമ്മീഷന്റെ പേരില്‍ ആളുകളെ സമീപിക്കാനോ പിരിവും സ്ഥാപനപരിശോധനയും നടത്തുവാനോ അധികാരമില്ല. മനുഷ്യാവകാശലംഘനങ്ങളെക്കുറിച്ച് കമ്മീഷനെ അറിയിച്ചാല്‍ അനേ്വഷണം നടത്തി, എതിര്‍കക്ഷിയുടെ ആക്ഷേപവും മറുപടിയും കേട്ടശേഷം കമ്മീഷന് നടപടികള്‍ സ്വീകരിക്കുന്നതാണ്.
മനുഷ്യാവകാശ സംരക്ഷണനിയമപ്രകാരം കമ്മീഷന് അംഗങ്ങള്‍, ഉദേ്യാഗസ്ഥര്‍, അനേ്വഷണവിഭാഗം, കമ്മീഷന് അധികാരപ്പെടുത്തുന്ന ഗസറ്റഡ് ഉദേ്യാഗസ്ഥര്‍ എന്നിവര്‍ക്കു മാത്രമേ കമ്മീഷനില്‍ കിട്ടുന്ന പരാതികളെക്കുറിച്ച് അനേ്വഷണം നടത്താന്‍ അധികാരമുള്ളൂ. കമ്മീഷന് ചെയര്‍പേഴ്സണും അംഗങ്ങള്‍ക്കും ഉദേ്യാഗസ്ഥര്‍ക്കും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തിട്ടുണ്ട്.
കമ്മീഷന് അംഗങ്ങളോ ഉദേ്യാഗസ്ഥരോ ആണെന്ന് അവകാശപ്പെട്ട് ആളുകളെ ഭീഷണിപ്പെടുത്തുകയോ പിരിവ് ചോദിക്കുകയോ സ്ഥാപനങ്ങളില്‍ പരിശോധനയ്ക്ക് ശ്രമിക്കുകയോ ചെയ്യുന്നവരോട് തിരിച്ചറിയല്‍ കാര്‍ഡോ കമ്മീഷന്റെ ലെറ്റര്‍പാഡില്‍ സീലോടുകൂടിയ അധികാരപത്രമോ ആവശ്യപ്പെടാം. ഇതുരണ്ടുമില്ലാത്തവര് വ്യാജന്മാരാണെന്ന് മനസ്സിലാക്കി ഉടന്‍തന്നെ സ്ഥലത്തെ പോലീസ് അധികാരികള്‍ക്ക് വിവരം നല്‍കണം- മനുഷ്യാവകാശ കമ്മീഷന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: