കോട്ടയം: പതിനായിരകണക്കിന് ശബരിമല തീര്‍ത്ഥാടകര്‍ എത്തിച്ചേരുന്ന കോട്ടയം റെയില്‍വേസ്റ്റേഷനില്‍ തീര്‍ത്ഥാടകരോട് കടുത്ത അവഗണന. തീര്‍ത്ഥാടന കാലത്തിന് മുന്നോടിയായി വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ റെയില്‍വേ അധികൃതര്‍ തയ്യാറായിട്ടില്ല. അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നും ഏര്‍പ്പെടുത്താതെ റെയില്‍വേ തീര്‍ത്ഥാടകരെ ബുദ്ധിമുട്ടിക്കുകയാണ്. പ്രശ്നം ഇത്രയും രൂക്ഷമായിട്ടും ജോസ്.കെ.മാണി എംപി ഇടപെടാത്തതില്‍ പ്രതിഷേധം വ്യാപകമാകുന്നു. സ്ഥലം എംപി കൂടിയായ ജോസ്.കെ.മാണി റെയില്‍വേ സ്റ്റേഷന് സന്ദര്‍ശിക്കുകയോ തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് നിര്‍ദ്ദേശിക്കുകയോ ചെയ്തിട്ടില്ല. എംപിയുടെ ഓഫീസില്‍നിന്നും ഒരാളെ എങ്കിലും റെയില്‍വേ സ്റ്റേഷനില്‍ പറഞ്ഞുവിട്ട് വിവരങ്ങള്‍ അന്വേഷിക്കാന്‍പോലും ജോസ്.കെ.മാണി തയ്യാറായിട്ടില്ല.
നഗരത്തില്‍ തേനും പാലും ഒഴുക്കാന്‍ നെട്ടോട്ടമോടുന്ന സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ശബരിമലയില്‍ ഇങ്ങനെയൊരു തീര്ത്ഥാടനകാലമുണ്ടെന്ന് അറിഞ്ഞമട്ടില്ല. റെയില്‍വേയുടെ അവഗണന ശ്രദ്ധയില്‍പ്പെടുത്തിയിട്ടും പ്രശ്നത്തില്‍ ഇടപെടാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് തയ്യാറായിട്ടില്ലെന്നും ആക്ഷേപമുണ്ട്. കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ ശൗചാലയമില്ല. കുടിവെള്ളമില്ല. വിരിവെക്കാന്‍ യാതൊരു സൗകര്യങ്ങളുമില്ല. ഒരുകോടി രൂപാ മുടക്കി നിര്‍മ്മിക്കുന്ന ആധുനിക ശൗചാലയത്തിന്റെ നിര്‍മ്മാണവും പാതിവഴിയിലാണ്.
ശബരിമല തീര്‍ത്ഥാടനത്തിന്റെ മുന്നൊരുക്കത്തിനായി പ്രാഥമിക ചെലവിലേക്ക് അനുവദിച്ച ഒരുകോടി രൂപാ തിരിച്ചടക്കാന്‍ ഉത്തരവിട്ട റെയില്‍വേ ഡിവിഷന് മാനേജര്‍ രാജേഷ് അഗര്‍വാളിന്റെ നടപടി ജോസ്.കെ.മാണി ശ്രദ്ധയില്‍പ്പെടുത്തിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ല. ഒരുകോടി രൂപാ റെയില്‍വേ തിരിച്ചടയ്ക്കുകയായിരുന്നു.
ഭരണങ്ങാനത്തെ തീര്‍ത്ഥാടനകേന്ദ്രത്തിലേക്ക് സൗകര്യം ഒരുക്കുന്നതില്‍ ബദ്ധശ്രദ്ധനായ ജോസ്.കെ.മാണി എംപി ശബരിമല തീര്‍ത്ഥാടകരോട് അവഗണനയാണ് കാണിച്ചത്. മുഖ്യമന്ത്രി, ധനകാര്യമന്ത്രി, ആഭ്യന്തരമന്ത്രി, സാംസ്കാരിക മന്ത്രി എന്നിവരുടെ ജില്ലയിലാണ് ശബരിമല തീര്‍ത്ഥാടകര്‍ വിരിവെക്കാനും കുടിവെള്ളത്തിനും നെട്ടോട്ടമോടുന്നത്. ശബരിമല തീര്‍ത്ഥാടകരോടുള്ള അവഗണനക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: