രാഷ്ട്രീയത്തിലെ നക്ഷത്ര ശോഭയാണ് രാജഗോപാല്‍ എന്നു പറഞ്ഞാല്‍ അത് കുറഞ്ഞുപോവും. കാരണം അതിനെക്കാള്‍ കൂടിയ എന്തെന്തൊക്കെയോ പ്രത്യേകതകള്‍ അദ്ദേഹത്തെ ചൂഴ്ന്ന് നില്‍ക്കുന്നുണ്ട്. കേരള രാഷ്ട്രീയത്തില്‍ ഭരണത്തണലില്‍ നില്ക്കാന് കഴിഞ്ഞിട്ടില്ലെങ്കിലും ഭാരതീയ ജനതാപാര്‍ട്ടിയുടെ കരുത്തുറ്റ തണല്‍ തന്നെയാവുന്നു രാജഗോപാല്‍. അദ്ദേഹത്തിന്റെ സഹജമായ സ്വഭാവം സകലരെയും സ്നേഹിക്കുക എന്നതാണ്. അതിന് വലിപ്പച്ചെറുപ്പമെന്നോ രാഷ്ട്രീയ വൈജാത്യമെന്നോ ഒന്നുമില്ല. തരളിതമായ അനുഭൂതിവിശേഷത്തിന്റെ ചന്ദനലേപ സുഗന്ധംപോലെ സ്വയമേവ ആയിത്തീരുന്നതാണ് ആ വ്യക്തിത്വം.
എന്തിനേയും സമചിത്തതയോടെ നേരിടുകയും പ്രതിസന്ധികളെ അതിന്റെ കരുത്തും കാര്‍ക്കശ്യവും അറിഞ്ഞ് തരണം ചെയ്യുകയും ചെയ്യുന്ന ഒരു രീതി സവിശേഷ പ്രധാനമായി നില്ക്കുന്നു. അതുകൊണ്ടുതന്നെ രാജഗോപാല്‍ രാജേട്ടന് എന്ന നാമധേയത്തിലൂടെ ജനഹൃദയങ്ങളില്‍ പരിലസിക്കുകയും ചെയ്യുന്നു. രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ അരനൂറ്റാണ്ട് തികച്ച ആ വ്യക്തിത്വം ശാന്തഗംഭീരമായ രാജയോഗാവസ്ഥയില് ഇന്നും പ്രോജ്വലനായിരിക്കാനുള്ള കാരണവും മറ്റൊന്നല്ല.
സ്വന്തം കാര്യത്തിന്റെ ഇത്തിരിച്ചിമിഴിലേക്ക് ദിനംതോറും ഒതുങ്ങിക്കൂടാനുള്ള രാഷ്ട്രീയക്കാരുടെ ഇന്നത്തെ മാനസികാവസ്ഥയില്‍നിന്നും വേറിട്ട വ്യക്തിത്വമായി രാജേട്ടന് മാറാനുള്ള കാരണവും ഇതുതന്നെ. തന്നില്‍നിന്ന് ഭിന്നമായി ആരെയും കാണാത്ത ഒരവസ്ഥയാണ് അദ്ദേഹത്തിന്റേത്. സന്തോഷമായാലും സങ്കടമായാലും അതൊക്കെ സമൂഹവുമായി പങ്കിടുക എന്ന നിസ്വാര്‍ത്ഥതയാണ് രാജേട്ടനില്‍ നിറഞ്ഞുനില്ക്കുന്നത്.
രാഷ്ട്രീയത്തില്‍ അല്ലായിരുന്നെങ്കില്‍ മികച്ച അഭിഭാഷകനായി അദ്ദേഹത്തിന് കഴിയാമായിരുന്നു. പക്ഷേ, തന്റെ കാഴ്ചപ്പാടുകള്‍ക്ക് ഊടുംപാവുമായി നിന്ന പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായയുടെ ആകസ്മിക നിര്യാണം ഒരു വഴിത്തിരിവിലാണ് അദ്ദേഹത്തെ കൊണ്ടുചെന്നെത്തിച്ചത്. ആ വിവരം അറിഞ്ഞ ഞെട്ടലില്‍നിന്ന് വിമുക്തനാവാന്‍ അദ്ദേഹത്തിന് ഏറെ പരിശ്രമിക്കേണ്ടിവന്നു. സാധാരണ ഗതിയില്‍ ആ വിഷയം മറന്ന് തന്റേതായ കാര്യങ്ങളില്‍ വ്യാപൃതനാവാനാണ് പലരും ശ്രമിക്കുക. എന്നാല്‍ രാജേട്ടന് മറിച്ചാണ് ചിന്തിച്ചത്.
ദീനദയാല്‍ജിയുടെ ദര്‍ശന വ്യാപ്തി സമൂഹത്തിനു മുന്നില്‍ കൂടുതല്‍ ജാജ്വല്യമാനമായി പ്രകാശിക്കണമെങ്കില്‍ അദ്ദേഹത്തിന്റെ ദൗത്യം ഏറ്റെടുക്കണം. വ്യക്തിപരമായും കുടുംബപരമായും സമ്മര്‍ദ്ദം ഏറെയുണ്ടായെങ്കിലും പരീക്ഷണത്തിന്റെ തീച്ചൂളയിലേക്ക് നിസ്സങ്കോചം എടുത്തു ചാടാന്‍ അദ്ദേഹം തയ്യാറായി എന്നതാണ് ഇന്നുമോര്‍ക്കുമ്പോള്‍ അനേകായിരങ്ങള്‍ക്ക് ആവേശവും അഭിമാനവുമാവുന്നത്. നിയമത്തിന്റെ സങ്കീര്‍ണതകളും ന്യായാന്യായങ്ങളും തലനാരിഴ കീറി പരിശോധിക്കാന്‍ കഴിവും കരുത്തുമുള്ളയാള്, നഷ്ടപ്പെടാന്‍ മാത്രം സാധ്യതയുള്ള ഒരു രാഷ്ട്രീയ പരീക്ഷണത്തിന് ഇറങ്ങിത്തിരിക്കുകയായിരുന്നു. ആ പ്രസ്ഥാനത്തിന് ഇന്നത്തെ ജനസമ്മതിയോ സ്വീകാര്യതയോ ഇല്ലാത്ത കാലത്താണ് സര്വംസമാജത്തിന് എന്ന ഉദാത്ത ചിന്തയുടെ ഉപോല്‍പ്പന്നമായി രാജഗോപാല്‍ എന്ന പ്രിയങ്കരനായ രാജേട്ടന് മാറുന്നത്.
അശ്രാന്ത പരിശ്രമവും നീതിനിഷ്ഠമായ വിശകലനപടുത്വവും എളിമയുടെ കേദാരവുമായ രാജേട്ടന് ഒന്നും എത്തിപ്പിടിക്കേണ്ടി വന്നിട്ടില്ല എല്ലാ പദവികളും ഉത്തരവാദിത്തങ്ങളും അദ്ദേഹത്തിലേക്ക് ചെന്നുചേരുകയായിരുന്നു. അദ്ദേഹത്തിന്റെ സ്വഭാവവിശേഷത്തിന്റെ പ്രത്യേകതതന്നെ അതാണ്. സ്നേഹംകൊണ്ട്, പെരുമാറ്റംകൊണ്ട് ആരെയും കാന്തം സൂചിയോടെന്നപോലെ ആകര്‍ഷിച്ച് കൂടെനിര്‍ത്തും. ഒരുപക്ഷേ, ദീനദയാല്‍ജിയുടെ സ്വഭാവമഹത്വം ഏതൊക്കെയോ കൈവഴികളിലൂടെ രാജേട്ടനില്‍ വന്നുനിറയുകയായിരുന്നോ എന്ന് തോന്നിപ്പോവാം.
പൊതുപ്രവര്‍ത്തകര്‍ക്ക് പലതരത്തിലുള്ള ബുദ്ധിമുട്ടും പഴികേള്‍ക്കലും ഉണ്ടാവാറുണ്ട്. അതില്‍ നിന്നൊക്കെ കരകയറാന്‍ ഏറെ ത്യാഗങ്ങള്‍ അവര്‍ അനുഷ്ഠിക്കാറുമുണ്ട്. സംഗതിവശാല്‍ പൊതുജീവിതത്തില്‍ ഒരു തരത്തിലുള്ള കറയും പുരളാതെ വാത്സല്യാതിരേകം തുള്ളിത്തുളുമ്പുന്ന ആ ചിരിപോലെതന്നെയാണ് രാജേട്ടന്റെ വ്യക്തിത്വവും. അത് ആര്‍ക്കും തൊട്ടറിയാന്‍ കഴിയുന്നു എന്നതുകൊണ്ടാണ് സകലരും രാജേട്ടന് എന്ന് അദ്ദേഹത്തെ സ്നേഹപൂര്‍വം വിളിക്കുന്നതും ഇടപഴകുന്നതും.
കേന്ദ്രമന്ത്രിയായാലും നേതാവായാലും ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും അദ്ദേഹം വരുത്തിയിട്ടില്ല. റെയില്‍വേയുടെ ചുമതലയുള്ളപ്പോഴാണ് കേരളത്തോടുള്ള അദ്ദേഹത്തിന്റെ പ്രത്യേക വാത്സല്യം എല്ലാവരും അറിഞ്ഞത്. കേന്ദ്രഭരണകൂടത്തിന് കേരളത്തില്‍നിന്ന് കടുകുമണി പിന്തുണപോലുമില്ലാത്ത കാലത്ത് സംസ്ഥാനത്തിന്റെ റെയില്‍വേ വികസനത്തിനായി അദ്ദേഹം നടത്തിയ ശ്രമങ്ങളും നേടിയെടുത്ത കാര്യങ്ങളും തങ്കലിപികളില്‍ എഴുതിവയ്ക്കേണ്ടതാണ്. പനമ്പിള്ളി ഗോവിന്ദമേനോനുശേഷം കേരളത്തിന്റെ റെയില്‍വേ വികസനത്തിന് പ്രായോഗികമായി ഏറ്റവുമധികം സംഭാവന ചെയ്തത് രാജഗോപാലാണെന്ന് കണക്കും കാര്യങ്ങളും ചൂണ്ടിക്കാട്ടി വ്യക്തമാക്കിയത് ബിജെപിയുടെയോ അവരുമായി ബന്ധമുള്ള ഏതെങ്കിലും സംഘടനയുടേയോ നേതാവായിരുന്നില്ല, നമ്മുടെ പ്രതിരോധ മന്ത്രി എ.കെ. ആന്റണിയാണ് പാലക്കാട്ട് നടന്ന ചടങ്ങില്‍ ഇക്കാര്യം വെട്ടിത്തുറന്ന് പറഞ്ഞത്. കേരത്തിലെ ഓരോ കുട്ടിക്കും ഇതറിയാമെങ്കിലും അത് ഇന്ന് നാടുഭരിക്കുന്ന ഒരു മന്ത്രിയില്നിന്നുണ്ടായതിന്റെ ക്രെഡിറ്റ് മുഴുവന്‍ രാജേട്ടനാണ്. എന്നാല്‍ തന്റെ നേട്ടമായി അദ്ദേഹം ഇതു കാണുന്നില്ല. പാര്‍ട്ടി തന്നിലേല്‍പ്പിച്ച ഉത്തരവാദിത്തം സമര്‍പ്പണബുദ്ധിയോടെ നടപ്പാക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന് ഭവ്യതയോടെ രാജേട്ടന് പറയുന്നു. അദ്ദേഹത്തിന്റെ വാക്കില്‍, നോക്കില്‍, ശരീരഭാഷയില്‍ എല്ലാംതന്നെ ആ രാജകീയ സ്വഭാവം അരുമയോടെ പറ്റിച്ചേര്‍ന്ന് നില്ക്കുന്നു എന്നതാണ് എടുത്തുപറയേണ്ട പ്രത്യേകത.
രാഷ്ട്രീയത്തില്‍ ശത്രുക്കളില്ല, എതിരാളികളെ ഉള്ളൂ എന്ന കാഴ്ചപ്പാട് എന്നും നെഞ്ചേറ്റി നടക്കുന്ന രാജേട്ടന്റെ നിഘണ്ടുവില്‍ ശത്രു എന്നൊരു വാക്കുപോലുമുണ്ടാവില്ല. അതുകൊണ്ട് തന്നെയാണ് ആരും അദ്ദേഹത്തിലേക്ക് ആശ്വാസത്തോടെ, പ്രതീക്ഷയോടെ നോക്കുന്നതും. ആര്‍ക്കും അരുമയാണ് താനെന്ന ബോധ്യം രാജേട്ടനെ കൂടുതല്‍ എളിമയുള്ളയാളാക്കിത്തീര്ക്കുന്നു. കാര്‍ക്കശ്യത്തിന്റെ കാരിരുമ്പല്ല നൈര്മല്യത്തിന്റെ മഞ്ഞതുള്ളികളാണ് ശുഭപ്രതീക്ഷയുണര്ത്തുന്നത് എന്ന പക്ഷക്കാരനാണ് അദ്ദേഹമെന്ന് തോന്നാറുണ്ട്. ഏതു സ്ഥാനമാനങ്ങള്‍ കിട്ടുമ്പോഴും അത് പാര്‍ട്ടിക്കാര്‍ക്ക് മാത്രമായി നല്‍കാനുള്ള അവസരമാണെന്ന് രാജേട്ടന് കരുതാറില്ല. സമൂഹത്തിന് സമര്‍പ്പിക്കുന്നു എന്നതാണ് കാഴ്ചപ്പാട്. പാര്‍ട്ടിക്കാരും സമൂഹത്തിന്റെ ഭാഗമാവുമ്പോള്‍ അതില്‍ പ്രത്യേക രാഷ്ട്രീയതാല്‍പ്പര്യം കാണിക്കുന്നതെന്തിനെന്ന നിഷ്കളങ്കഭാവമാണദ്ദേഹത്തിന്. അതുകൊണ്ട് ചിലപ്പോള്‍ കാരണമില്ലാതെ പഴികേള്‍ക്കേണ്ടിയും വരാം. എന്നാല്‍ അതൊന്നും അദ്ദേഹം കാര്യമാക്കുന്നില്ല. ഒരു രാഷ്ട്രതന്ത്രജ്ഞന് എന്ന നിലയില്‍ രാജേട്ടന്റെ വിശ്വവിശാലമായ കാഴ്ചപ്പാടിലേക്ക് എത്തിപ്പെടാന്‍ പ്രയാസമുള്ളവരാണ് അങ്ങനെ പറയുന്നതെന്ന ലളിതമായ ഉത്തരമാണദ്ദേഹത്തിനുള്ളത്.
ആ ഉത്തരത്തിന് വേണ്ടി അദ്ദേഹം അധികം പരിശ്രമമൊന്നും നടത്തേണ്ടിവരുന്നില്ല. കാരണം സമര്‍പ്പണവും സംശുദ്ധിയുമാണ് അദ്ദേഹത്തിന്റെ അകവും പുറവും. തെളിമയുള്ള വേഷവും സ്വഭാവവും അതിന് രാജേട്ടനെ പ്രാപ്തനാക്കുന്നു. കൂടാതെ ആഴമളക്കാന്‍ പ്രയാസമുള്ള ആദ്ധ്യാത്മികാചാര്യയുടെ സാന്നിധ്യവും അദ്ദേഹത്തിനുണ്ട്. ഇദം ഭസ്മാന്തം ശരീരം എന്ന വാക്യത്തിന്റെ പൊരുള്‍ എന്നേ മനസ്സിലാക്കാന്‍ അദ്ദേഹത്തിന് അവസരം കൊടുക്കുകയും പ്രവൃത്തി പഥത്തിലെത്തിക്കാന്‍ കൈപിടിച്ച് നടത്തിക്കുകയും ചെയ്യുന്ന മാതാ അമൃതാനന്ദമയി ദേവി അമ്മയുടെ വത്സലശിഷ്യനും കൂടിയാണ് രാജേട്ടന്.
നേര്‍വഴിയുടെ അന്യാദൃശമായ സ്നേഹസമര്‍പ്പണങ്ങള്‍ എങ്ങനെ മൂര്‍ത്തരൂപം കൊള്ളുന്നു എന്നതിന്റെ നേര്‍ക്കാഴ്ചയായിരുന്നു ഇക്കഴിഞ്ഞ ദീപാവലി നാളില്‍ പാലക്കാട്ട് നടന്ന ചടങ്ങ്. സാമൂഹിക-രാഷ്ട്രീയ ജീവിതത്തില്‍ രാജേട്ടന് അരനൂറ്റാണ്ട് തികച്ചതിന്റെ പ്രകാശം പരത്തുന്ന ചടങ്ങായിരുന്നു അത്. ജീവിതത്തിന്റെ നാനാ തുറയില്‍പ്പെട്ട പ്രഗത്ഭരും പ്രശസ്തരും അതില്‍ പങ്കെടുത്ത് കൃതാര്‍ത്ഥരായി എന്നു പറഞ്ഞാല്‍പ്പോലും അതിശയോക്തിയാവില്ല. ചന്ദനം ചാരിയാല്‍ ചന്ദനം മണക്കും എന്നു പറഞ്ഞതുപോലെ രാജേട്ടന്റെ സാമീപ്യമുണ്ടായാല്‍ എല്ലാത്തിലും രാജേട്ടന് അനുഭവപ്പെടും. അന്നത്തെ പരിപാടിയില്‍ പങ്കെടുത്ത എ.കെ. ആന്റണി, എം.പി. വീരേന്ദ്രകുമാര്‍, എം. വെങ്കയ്യ നായിഡു, അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, എം.ബി. രാജേഷ്, പി.ഇ.ബി. മേനോന്, അബ്ദുസമദ് സമദാനി, സി.പി. മുഹമ്മദ്, കെ. അച്യുതന്, ഷാഫി പറമ്പില്‍, വി. മുരളീധരന്, കെ. രാമന്‍പിള്ള, പി.കെ. കൃഷ്ണദാസ്, സി.പി. രാധാകൃഷ്ണന് തുടങ്ങിയവര്‍ രാജേട്ടന്റെ വ്യക്തിവിശേഷങ്ങള്‍ അടുത്തറിഞ്ഞവരാണ്, അനുഭവിച്ചവരാണ്. അതുകൊണ്ടു തന്നെ സമാനതകളില്ലാത്ത ഒരു ചടങ്ങായി അത് മാറുകയും ചെയ്തു.
“പരസ്പരം ശത്രുക്കളായി കരുതുന്നത് രാഷ്ട്രീയത്തിന് നന്നല്ല. ആദ്യം സ്വന്തം കാര്യം. പിന്നെ സ്വന്തം ജാതിക്കാര്യം. പിന്നെ ഒഴിവുണ്ടെങ്കില്‍ രാജ്യകാര്യം എന്നീ നിലയ്ക്ക് രാഷ്ട്രീയ പ്രവര്‍ത്തനം മാറി”യെന്ന് വെങ്കയ്യനായിഡു പാലക്കാട്ടെ ചടങ്ങില്‍ പറയുകയുണ്ടായി. രാജേട്ടനെപ്പോലുള്ളവര് രാഷ്ട്രീയത്തില്‍ കുറഞ്ഞുവരുന്നതിന്റെ ആത്യന്തിക ഫലമാണിതെന്ന് നമുക്കു മനസ്സിലാക്കാന്‍ അധികം പ്രയാസപ്പെടേണ്ടിവരില്ല.” മിതത്വം പാലിച്ച് രാഷ്ട്രീയാരോപണങ്ങളും പ്രത്യാരോപണങ്ങളും നടത്തുന്ന ആ ശൈലി” നമുക്കു കൈമോശം വന്നുവെന്ന് എ.കെ. ആന്റണി ആശങ്കപ്പെടുന്നതിന്റെ കാരണവും മറ്റൊന്നല്ല.
സംശുദ്ധരാഷ്ട്രീയത്തിന്റെ തെളിനീരുറവയായി രാജേട്ടന് എന്ന ആ അഭൗമ തേജസ്സിന് സമൂഹ ഗാത്രത്തെ എന്നുമെന്നും കാത്തുരക്ഷിക്കാന്‍ കരുത്തും ചൈതന്യവും ഉണ്ടാവട്ടെ എന്ന് ജഗദീശ്വരനോട് പ്രാര്‍ത്ഥിക്കുകതന്നെ. അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള അഭിപ്രായപ്പെട്ടതുപോലെ രാജേട്ടന് സംഘപ്രസ്ഥാനങ്ങളുടെ മുത്തും സമൂഹത്തിന്റെ സ്വത്തുമാണ്. അതിന്റെ മൂല്യം മനസ്സിലാക്കി നമുക്ക് കരുതിവെക്കാം; ഉള്‍ക്കാഴ്ചയോടെ
- കെ. മോഹന്‍ദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: