കോഴിക്കോട്: കടലോര മേഖലയില്‍ മത്സ്യത്തൊഴിലാളികളെ ചൂഷണം ചെയ്തുകൊണ്ട് മണ്ണെണ്ണ മാഫിയയുടെ കരിഞ്ചന്ത വ്യാപാരം. സര്‍ക്കാര്‍ തീരുമാനത്തിലെ അശാസ്ത്രീയത മുതലെടുത്തുകൊണ്ടാണ് മണ്ണെണ്ണ മാഫിയ തീരപ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളില്‍ നിന്ന് ലക്ഷങ്ങള്‍ കയ്യിട്ടുവാരുന്നത്.
സിവില്‍സപ്ലൈസ് വകുപ്പിന്റെ തീരുമാനപ്രകാരം ഒരു മാസക്കാലത്തേക്ക് എട്ട് കുതിരശക്തിയുള്ള മോട്ടോറുകള്‍ ഉപയോഗിക്കുന്ന വള്ളങ്ങള്‍ക്ക് 350ലിറ്ററും 15 കുതിരശക്തിയുള്ളവയ്ക്ക് 500, 25 കുതിരശക്തിയുള്ളവയ്ക്ക് 750 ലിറ്റര്‍ എന്ന നിലയിലാണ് മണ്ണെണ്ണ പെര്‍മിറ്റ് അനുവദിച്ചത്. അനുവദിച്ചത് ഇത്രയുണ്ടെങ്കിലും ആവശ്യത്തിന് മണ്ണെണ്ണ ക്വാട്ട ലഭിക്കുന്നില്ലെന്ന കാരണം പറഞ്ഞ് ഒരിക്കലും ഈ അളവില്‍ മണ്ണെണ്ണ അനുവദിക്കാറില്ല. എട്ട് എച്ച്പി വള്ളങ്ങള്‍ക്ക് പരമാവധി 225 ലിറ്ററാണ് സാധാരണയായി ലഭിക്കുന്നത്. ഇപ്പോഴത് 129 ലിറ്ററായി കുറഞ്ഞിട്ടുമുണ്ട്. എന്നാല്‍ അനുവദിക്കപ്പെട്ട ഈ മണ്ണെണ്ണകൊണ്ട് ശരാശരി 4 ദിവസത്തെ ഉപയോഗം മാത്രമേ നടക്കുകയുള്ളൂവെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. മാസത്തില്‍ ഏറ്റവും കുറഞ്ഞത് 15 ദിവസത്തേക്കുള്ള ഉപയോഗത്തിന് കരിഞ്ചന്തക്കാരെ ആശ്രയിക്കാതെ തരമില്ല എന്നതാണ് കടലോരത്തെ അവസ്ഥ.
മണ്ണെണ്ണ ആവശ്യത്തിന് ലഭിക്കുന്നില്ലെന്നാണ് അധികൃതരുടെ വിശദീകരണമെങ്കിലും കടലോരമേഖലയില്‍ അനധികൃതമണ്ണെണ്ണ സുലഭമാണ്. കരിഞ്ചന്തരയിലാണെന്ന് മാത്രം. കരിഞ്ചന്തവ്യാപാരം പരസ്യമായി നടക്കുന്ന മേഖലയാണിത്. അതാത് കാലത്തെ ആവശ്യവും ദൗര്‍ലഭ്യവും അനുസരിച്ച് കരിഞ്ചന്ത മണ്ണെണ്ണയുടെ വിലകൂടും. സബ്സിഡി മണ്ണെണ്ണക്ക് 15.50 രൂപ ആണെങ്കില്‍ ഇപ്പോള്‍ കരിഞ്ചന്തയില്‍ ലഭിക്കുന്നത് 55രൂപയ്ക്കാണ്. സിവില്‍സപ്ലൈസ് വകുപ്പ് വഴി വില്‍ക്കുന്ന നീലമണ്ണെണ്ണതന്നെയാണ് കരിഞ്ചന്തയിലും ലഭിക്കുന്നത് എന്നതാണ് ഇതിലെ ഏറ്റവും വലിയ തമാശ. സിവില്‍സപ്ലൈസ് വകുപ്പിലെ ചില ഉദ്യോഗസ്ഥരും മണ്ണെണ്ണ മാഫിയകളും നടത്തുന്ന ഒത്തുകച്ചവടമാണിത്.
മത്സ്യബന്ധന ആവശ്യത്തിനായി വേണ്ടത്ര മണ്ണെണ്ണ മറ്റീവ്ക്കാനാവുന്നില്ലെന്നതാണ് ഇന്ന് നേരിടുന്ന യഥാര്‍ത്ഥ പ്രശ്നം. കാര്‍ഷിക-ഗാര്‍ഹിക ആവശ്യത്തിനായി കേന്ദ്രത്തില്‍ നിന്നും ലഭിക്കുന്ന മണ്ണെണ്ണയില്‍ നിന്ന്ഒരുനിശ്ചിത ക്വാട്ട ഇതിനായി മറ്റീവ്ക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. 2532 കിലോലിറ്റര്‍ മണ്ണെണ്ണയാണ് ഇപ്പോള്‍ ഈ ആവശ്യത്തിന് നീക്കിവെക്കുന്നത്.
ക്വാട്ട വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യമുയര്‍ത്തി മത്സ്യത്തൊഴിലാളികള്‍ സമരം ചെയ്തിട്ടും ഈ ആവശ്യം വേണ്ടത്ര ഗൗരവത്തില്‍ സംസ്ഥാന കേന്ദ്രസര്‍ക്കാറുകള്‍ പരിഗണിച്ചിട്ടില്ല. കെ.വി.തോമസ് കേന്ദ്രമന്ത്രിയായതിനുശേഷം സബ്സിഡി മണ്ണെണ്ണയുടെ ക്വാട്ട വര്‍ദ്ധിപ്പിക്കും എന്ന് വാഗ്ദാനം ഉണ്ടായെങ്കിലും ഇത് വാഗ്ദാനമായി തന്നെ അവശേഷിക്കുകയാണ്.
യഥാര്‍ത്ഥ മത്സ്യത്തൊഴിലാളികളില്‍നിന്ന് പെര്‍മിറ്റ് കൈക്കലാക്കിയാണ് സബ്സിഡി മണ്ണെണ്ണ മാഫിയ സംഘത്തിന്റെ കൈയിലെത്തുന്നത്. നാല് വര്‍ഷം കൂടുമ്പോള്‍ നടക്കുന്ന സംയുക്തപരിശോധനയില്‍ വ്യാജമായി പെര്‍മിറ്റുകള്‍ സമ്പാദിച്ചാണ് സബ്സിഡി മണ്ണെണ്ണ പ്രധാനമായും കരിഞ്ചന്തയിലേക്ക് എത്തുന്നത്. വ്യാജപെര്‍മിറ്റുകള്‍ ഇല്ലാതാക്കിയാല്‍ അര്‍ഹതയുള്ളവര്‍ക്ക് ആവശ്യത്തിന് മണ്ണെണ്ണ ലഭിക്കും. എന്നാല്‍ കരിഞ്ചന്ത വ്യാപാരത്തെ അവഗണിച്ച മട്ടിലാണ് സര്‍ക്കാര്‍ നടപടികള്‍. നിയമസഭയില്‍ ജി. സുധാകരന്റെ ചോദ്യത്തിന് മറുപടിയായി മന്ത്രി കെ.ബാബു നല്കിയ മറുപടി ഇതാണ് വ്യക്തമാക്കുന്നത്. കരിഞ്ചന്ത വ്യാപാരമുണ്ടെന്നത് അറിയാമെന്നും നടപടികള്‍ എടുത്തുവരുന്നതേയുള്ളൂവെന്നുമാണ് മന്ത്രി അറിയിച്ചത്.
കോഴിക്കോട് തീരദേശ മേഖലയില്‍ ഈയടുത്ത് റെയ്ഡ് നടന്നെങ്കിലും വന്‍കിടക്കാരെ സംരക്ഷിച്ചുകൊണ്ടാണ് റെയ്ഡ് നടന്നത്. റെയ്ഡ് കാരണം മണ്ണെണ്ണ കിട്ടാനില്ലാതായപ്പോള് കരിഞ്ചന്തയില്‍ വില വര്‍ദ്ധിക്കുന്നുവെന്നത് മാത്രമാണ് ഫലം. ഫിഷറീസ് വകുപ്പ്, മത്സ്യഫെഡ്, സിവില്‍സപ്ലൈസ് വകുപ്പ് എന്നിവ ചേര്‍ന്ന് സംയുക്തമായി നടത്തുന്ന പരിശോധന നാളെയാണ്. പുതിയ പെര്‍മിറ്റുകള്‍ അനുവദിക്കുന്നത് ഈ പരിശോധനയുടെ അടിസ്ഥാനത്തിലായിരിക്കും.
എം. ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: