തിരുവനന്തപുരം: എ.കെ.ആന്റണിയുടെ പ്രസ്താവനയോട് യുഡിഎഫ് മന്ത്രിസഭയിലെ ചിലര്‍ വിയോജിക്കുമ്പോള്‍ കോണ്‍ഗ്രസിലെ പല പ്രമുഖ നേതാക്കളും ആന്റണിയെ പിന്തുണക്കുകയാണ്. എ.കെ. ആന്റണിയുടെ പ്രസ്താവനയെ ഗൗരവത്തോടെ കാണുമെന്നാണ് രമേശ് ചെന്നിത്തല ഇന്നലെ കോഴിക്കോട്ട് പറഞ്ഞത്. തിരുത്തേണ്ട കാര്യങ്ങള്‍ ഉണ്ടെങ്കില്‍ തിരുത്തി മുന്നോട്ട് പോകും. ആന്റണിയെ പോലെ സമുന്നതനായ നേതാവ് പറയുന്ന കാര്യങ്ങള്‍ യു. ഡി.എഫ് ഉള്‍ക്കൊള്ളുമെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.
അതേസമയം, ആന്റണിയുടെ പ്രസ്താവനയോട് യോജിപ്പില്ലെന്ന് കെ.എം.മാണി. ബ്രഹ്മോസിന്റെ മിസെയില്‍ യൂണിറ്റ് കേരളത്തില്‍ ഉദ്ഘാടനം ചെയ്യുമ്പോഴാണ് ഇവിടെ വ്യവസായ അന്തരീക്ഷമില്ലെന്ന് ആന്റണി പറയുന്നത്. ഇതിനോട് എങ്ങിനെയാണ് യോജിക്കാന്‍ കഴിയുകയെന്നും മാണി ചോദിച്ചു. മാണി ആദ്യമായാണ് എ.കെ.ആന്റണിക്കെതിരെ പരസ്യ വിമര്‍ശനവുമായി രംഗത്ത് വന്നത്. എന്നാല്‍ മന്ത്രിസഭാ യോഗത്തില്‍ കുഞ്ഞാലിക്കുട്ടി പ്രതിഷേധമറിയിച്ചിരുന്നെങ്കിലും പരസ്യമായി രംഗത്തുവന്നിരുന്നില്ല. കഴിഞ്ഞ രണ്ടുവര്‍ഷമായി കേരളത്തില്‍ വ്യാവസായിക അന്തരീക്ഷം മോശമാണെന്നാണ് ആന്റണി പറയുന്നത്. ഇതിനോട് ഒരു തരത്തിലും യോജിക്കാന്‍ കഴിയില്ലെന്നും മാണി പഞ്ഞു. ഒരു പക്ഷേ ഇത് ആന്റണിയുടെ മാത്രം അഭിപ്രായമാകാം. ഇതിനു മറുപടി പറയേണ്ടത് കോണ്‍ഗ്രസ്സാണ്.
ആന്റണിയുടെ പ്രസ്താവനയോട് പ്രതികരിച്ച് ചെറുതാകാനില്ലെന്ന് മന്ത്രി ആര്യാടന് മുഹമ്മദ് പ്രതികരിച്ചു. സംസ്ഥാനത്ത് വികസന മുരടിപ്പാണെന്ന് ആന്റണി പറഞ്ഞിട്ടില്ലെന്നും ആര്യാടന് മുഹമ്മദ് പറഞ്ഞു. എന്നാല്‍ ആന്റണിയുടെ പ്രസ്താവനയെ ഗൗരവമായി കാണണമെന്നും കേവലം വികാരപ്രകടനമായി കാണരുതെന്നും കെ.മുരളീധരന് പ്രതികരിച്ചു.
വിവാദ പ്രസ്താവനയോടെ ആന്റണി എല്‍ഡിഎഫിന്റെ ഘടകകക്ഷിയായിരിക്കുകയാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി ദല്‍ഹിയില്‍ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: