മലപ്പുറം: നൂറ്റാണ്ടുകളുടെ ചരിത്രവും സാംസ്കാരിക പാരമ്പര്യവും നട്ടുനനച്ചുവളര്‍ത്തിയ നിള ഓര്‍മ്മയാകുന്നു. കേരളത്തിന്റെ സാഹിതീ പാരമ്പര്യം തഴച്ചുവളര്‍ന്ന തീരങ്ങള്‍ വറുതിയുടെ പിടിയിലേക്ക്. മദ്ധ്യകേരളത്തിന്റെ ഹൃദയ ധമനിയായ ഭാരതപ്പുഴയില്‍ നീരൊഴുക്ക് ഓര്‍മ്മമാത്രമായി മാറുകയാണ്. കൈരളിയെയും മലയാളത്തെയും സ്നേഹിക്കുന്നവര്‍ക്ക് കണ്ടുനില്ക്കാനാവാത്തവിധം നീരൊഴുക്ക് നിലച്ച നിള മരുപ്പറമ്പായി മാറിയിരിക്കുന്നു.കാലവര്‍ഷത്തിന് പിന്നാലെ തുലാവര്‍ഷവും കാര്യമായി പെയ്യാതായതോടെ നിളയില്‍ ജലസാന്നിധ്യം തന്നെ ഇല്ലാതാവുകയാണ്. പതിറ്റാണ്ടുകള്‍ നീണ്ട മണലൂറ്റ് കയ്യേറ്റം മൂലം ശ്വാസം മുട്ടി മരണാസന്നയായി കഴിഞ്ഞ നിളയുടെ ഒഴുക്ക് പൂര്‍ണ്ണമായും നിലച്ചതോടെ നിളയെ സ്നേഹിക്കുന്നവരും പരിസ്ഥിതി പ്രേമികളും കടുത്ത ആശങ്കയിലാണ്. കേരളത്തിന്റെ കാര്‍ഷിക സാമ്പത്തിക മേഖലയില്‍ നിളയുടെ മരണം കടുത്ത ആഘാതം സൃഷ്ടിക്കും. മദ്ധ്യ കേരളത്തിലെ പ്രധാന നെല്ലുല്പാദനകേന്ദ്രങ്ങളിലൊന്നായ പൊന്നാനി കോള്‍പടവ് നിളയിലെ നീരൊഴുക്ക് നിലച്ചതോടെ പ്രതിസന്ധിയിലാവുകയാണ്. കോള്‍നിലങ്ങളിലേക്ക് ഉപ്പുവെള്ളം കയറാനും കൃഷിതന്നെ അസാദ്ധ്യമാകാനും ഇത് ഇടയാക്കും. 20,000 ഹെക്ടറോളം കോള്‍ നിലമാണ് ഓരുജലഭീഷണി നേരിടുന്നത്. പുഴയിലെ നീരൊഴുക്ക് ശക്തിപ്പെട്ടില്ലെങ്കില്‍ പൊന്നാനി കോള്‍ നിലത്ത് കതിരുകള്‍ വിരിയില്ല എന്നത് വസ്തുതയാണ്. കേന്ദ്രസര്‍ക്കാരിന്റെ കോള്‍വികസന പദ്ധതിയില്‍ പൊന്നാനി കോള്‍ നിലങ്ങള്കൂടി ഉള്‍പ്പെടുത്തുമെന്ന് പറയുന്നുണ്ടെങ്കിലും പദ്ധതി എന്ന് തുടങ്ങുമെന്നോ എങ്ങിനെ നടപ്പാക്കുമെന്നോ ധാരണയായിട്ടില്ല. നാന്നൂറുകോടിയുടെ കോള്‍ വികസന പദ്ധതിയുടെ ഭാഗമായി ഭാരത പുഴയിലെ നീരൊഴുക്ക് പുന:സൃഷ്ടിക്കാന്‍ ആവശ്യമായ നടപടികള്‍കൂടി ഉള്‍പ്പെടുത്തണമെന്ന് ആവശ്യമുയരുന്നുണ്ട്.
കോള്‍നിലങ്ങളുടെ തകര്ച്ചക്കുപുറമെ മലപ്പുറം, പാലക്കാട് ജില്ലകളിലെ ഒട്ടേറെ പഞ്ചായത്തുകളിലും കുറ്റിപ്പുറം, എടപ്പാള്‍, തിരൂര്‍, പട്ടാമ്പി തുടങ്ങിയ ചെറുപട്ടണങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമാകാന്‍ നിളയുടെ വരള്‍ച്ച കാരണമാകും. പുഴയുടെ ഇരുകരകളിലുമായി നൂറുകണക്കിന് ഏക്കര്‍ കൃഷിഭൂമികള്‍ വറുതി നേരിടുകയാണ്. പട്ടാമ്പി, തൃത്താല, കുറ്റിപ്പുറം, തിരുന്നാവായ തുടങ്ങിയ കേന്ദ്രങ്ങളിലെ ജലസേചന പദ്ധതികളെല്ലാം ജലദൗര്‍ലഭ്യംമൂലം പ്രവര്‍ത്തനം നിലക്കുന്ന മട്ടാണ്. ഇപ്പോള്‍ തന്നെ സ്ഥാപിത ശേഷിയുടെ വളരെ ചെറിയ ഭാഗം മാത്രമെ ജലവിതരണം നടക്കുന്നുള്ളു. പമ്പുഹൗസുകള്‍ക്ക് സമീപം വലിയ കിണറുകള്കുഴിച്ചാണ് ഇപ്പോള്‍ വെള്ളമെടുക്കുന്നത്. ഇതും ഏറെ താമസിയാതെ നിലക്കും.
കേരളത്തിന്റെ സാംസ്കാരിക ഭൂമികയായി അറിയപ്പെടുന്ന ഭാരതപ്പുഴയുടെ തീരങ്ങളില്‍ പുഴയുടെ മരണം അതീവ ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങളും സൃഷ്ടിക്കുകയാണ്. നിയമങ്ങളും നിയന്ത്രണങ്ങളും കാറ്റില്‍പറത്തി മണല്‍ വാരല്‍ ഇപ്പോഴും യഥേഷ്ടം നടക്കുന്നു. സ്ത്രീകളും കൊച്ചുകുട്ടികളും അടക്കമുള്ളവര്‍ തലച്ചുമടായി പുഴയില്‍ നിന്ന് മണല്‍വാരി കൊണ്ടുപോകുന്ന കാഴ്ച പുഴയിലെമ്പാടും പതിവാണ്. ഇതിനുപുറമെ വന്‍കിട മണല്‍മാഫിയകളുടെ മണല്‍കൊള്ള പുഴയെ മരുപ്പറമ്പാക്കുന്നു. രാത്രിയുടെ മറവില്‍ വാഹനങ്ങളില്‍ മണല്‍ കടത്തുന്നത് അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുമ്പോള്‍ നഷ്ടമാകുന്നത് ഒരു സംസ്കൃതിയുടെ വേരുകളും ഒരു ജനതയുടെ നിലനില്‍പ്പുമാണ്. ഗുരുതരമായ മണല്‍വാരല്‍മൂലം പുഴയില്‍ പലയിടത്തും കുറ്റിക്കാടുകള്‍ രൂപപ്പെട്ടുകഴിഞ്ഞു. പുഴയുടെ സ്വാഭാവിക പരിസ്ഥിതി ഇതുമൂലം അപകടത്തിലാകും. ഇത്തരം കുറ്റിക്കാടുകളില്‍ ഇപ്പോള്‍ വന്യമൃഗങ്ങളുടെ സാന്നിധ്യവും അനുഭവപ്പെടുന്നുണ്ട്. കുറുക്കന്, ചെന്നായ തുടങ്ങിയവ ഈ കുറ്റിക്കാടുകളെ വിഹാര രംഗമാക്കുന്നു. മണല്വാരിയതുമൂലം രൂപപ്പെട്ട കുഴികളില്‍ മുതലകളെ കണ്ടതും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. പുഴയുടെ സ്വാഭാവിക പരിസ്ഥിതി നഷ്ടമാകുകയും ക്രമേണ നീരൊഴുക്കില്ലാതായ ഭാഗങ്ങള്‍ കരഭൂമിയായി മാറുകയും ചെയ്യുകയാണ്. മഴയെ മാത്രം ആശ്രയിച്ച് ഭാരതപ്പുഴയിലെ നീരൊഴുക്ക് പുന:സൃഷ്ടിക്കാമെന്ന് കരുതുന്നത് ശരിയാവില്ലെന്നാണ് ഇപ്പോള്‍ വിദഗ്ധര്‍ പറയുന്നത്. പുഴയിലേക്ക് ജലം എത്തുന്ന അരുവികളും തോടുകളും ഉള്‍പ്പെടെയുള്ള സ്രോതസുകളില്‍ നീരൊഴുക്ക് തടസ്സപ്പെടാതെ നോക്കുകയും പുഴയില്‍ നേരത്തെ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള ചെക്ക് ഡാമുകള്‍ നിര്‍മ്മിക്കുകയും ചെയ്താലെ ആസന്നമരണത്തില്‍ നിന്ന് നിളയെ രക്ഷിക്കാനാകൂവെന്നാണ് വിദഗ്ധാഭിപ്രായം. ആസൂത്രിതമായ ഇത്തരം നടപടികള്‍ ഉണ്ടായില്ലെങ്കില്‍ നിള ഓര്‍മ്മമാത്രമായി മാറും. അത് കേരളത്തിന്റെ സാംസ്കാരിക തനിമയുടെ നഷ്ടത്തിന് തുടക്കം കുറിക്കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: