‘ഇതു നീ എയ്തുപോകല്ല
മനുഷ്യരിലൊരിക്കലും
അല്പന്മാരില് പ്രയോഗിച്ചാല്‍
മുപ്പാരിതു മുടിക്കുമേ
നിസ്സാമാന്യം പാരിലൊന്നീ-
യസ്ത്രമെന്നാണ് ചൊല്വതും
ശുദ്ധിയോടിതു വച്ചാലും
ശ്രദ്ധയോടിതു കേള്‍ക്കെടോ
എങ്ങാനും മര്ത്യനല്ലാത്ത
ശത്രുബാധിക്കലന്നുടന്
അവനെ കൊല്ലുവാനെയ്യും
ഈയസ്ത്രം സംഗരത്തില്‍ നീ’
ബ്രഹ്മസൂത്രത്തിന്റെ ചരിത്രം ദീര്‍ഘമാണ്. ബ്രഹ്മാവിന്റെ സൃഷ്ടിയാണിത്. പരമശിവന് ഈ അസ്ത്രം അഗസ്ത്യന് നല്കി. അഗസ്ത്യന് അഗ്നിവേശനും. അഗ്നിവേശന്‍ ദ്രോണര്‍ക്കും ദ്രോണര് വത്സലശിഷ്യന്‍ അര്‍ജുനനും കൈമാറി. അര്ജുനന് അസ്ത്രം കൈമാറുമ്പോള്‍ നല്കിയ ഉപദേശമാണ് മേലുദ്ധരിച്ചത്. ലക്ഷ്യത്തിലെത്തി ശത്രുവിനെ മാത്രം നിഗ്രഹിക്കാന്‍ കഴിവുള്ള ബ്രഹ്മാസ്ത്രം പക്ഷേ ഒരു യുദ്ധത്തിലും പ്രയോഗിച്ചിട്ടില്ല.
സത്യം പുലര്‍ത്തുകയും ധര്‍മ്മം നിലനിര്‍ത്തുകയുമാണ് ബ്രഹ്മാസ്ത്ര സൃഷ്ടിയുടെ ലക്ഷ്യം. ഇന്ത്യന്‍ പ്രതിരോധ വകുപ്പ് മിസെയില്‍ പദ്ധതിക്ക് ‘ബ്രഹ്മോസ്’ എന്ന് പേരിട്ടത് ഇതൊന്നും അറിയാതെയല്ല. പതിനാല് വര്‍ഷങ്ങള്‍ക്കുമുമ്പാണ് ബ്രഹ്മോസ് സ്ഥാപിച്ചത്. അടല്‍ ബിഹാരി വാജ്പേയി അന്ന് പ്രധാനമന്ത്രി. ഡോ.എ.പി.ജെ. അബ്ദുല്‍കലാമിന്റെ ബുദ്ധിയിലുദിച്ച് ശ്രദ്ധയോടെ സ്ഥാപിച്ച ബ്രഹ്മോസ് ഇന്ന് ഇന്ത്യയുടെ അഭിമാനമായ മിസെയില്‍ ആണ്. ആവശ്യക്കാരേറെ. ആയുധങ്ങള്‍ക്ക് അന്യരാജ്യങ്ങളെ ഇന്ത്യ ആശ്രയിക്കുമ്പോള്‍ ഇന്ത്യന്‍ മിസെയിലായ ബ്രഹ്മോസിന് ആവശ്യക്കാരേറെ. ആ ബ്രഹ്മോസിന്റെ ഭാഗങ്ങള്‍ ഉദ്പാദിപ്പിക്കുന്ന തിരുവനന്തപുരം യൂണിറ്റിലെ വിവാദങ്ങളാണ് ബ്രഹ്മോസിന്റെ സവിശേഷതകള്‍ക്ക് മിഴിവേകിയത്. കുറച്ചുദിവസമായി ബ്രഹ്മോസ് നനഞ്ഞ പൂക്കുറ്റിപോലെ കത്തിയും കെട്ടും ശ്രദ്ധിക്കപ്പെടുകയായിരുന്നു. പ്രതിരോധമന്ത്രി എ.കെ.ആന്റണി മനസ്സുതുറന്നപ്പോഴാകട്ടെ അത് പൂരത്തിന്റെ വെടിക്കെട്ടുപോലെയായി. എതിര്‍ത്തും അനുകൂലിച്ചും സര്‍വരും രംഗത്തിറങ്ങി.
ആന്റണി പറഞ്ഞതെല്ലാം ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരെയെന്ന് ചിലര്‍. ജീവനക്കാര്ക്കെതിരെയാണെന്ന് മറ്റുചിലര്‍. കേരളത്തിന്റെ പൊതുവായ അവസ്ഥയില്‍ മനംനൊന്താണെന്ന് മറ്റുചിലര്‍. കുരുടന്മാര് ആനയെ കണ്ടതുപോലെ ഓരോരുത്തരും ഭാവനയ്ക്കനുസരിച്ച് വ്യാഖ്യാനങ്ങള്‍ നിരത്തുന്നു. ആന്റണിയാകട്ടെ ‘ആമയെ ചുടുമ്പോള്‍ മലര്‍ത്തി ചുടണം, ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ’ എന്ന ഭാവത്തിലും. തരംപോലെ സ്വീകരിക്കട്ടെ എന്ന മട്ടില്‍ ആന്റണി പറന്നുയര്ന്നുപൊങ്ങി.
അടിയന്തരാവസ്ഥയുടെ അന്ത്യത്തോടെത്തിയപ്പോഴായിരുന്നല്ലൊ ഗോഹട്ടി എഐസിസി സമ്മേളനം. എല്ലാവരെയും അത്ഭുതപ്പെടുത്തി ‘അടിയന്തരാവസ്ഥയില്‍ എന്തോ ചീഞ്ഞുനാറുന്നു’ എന്ന് ഇന്ദിരാഗാന്ധിയുടെ സാന്നിദ്ധ്യത്തില്‍ തുറന്നടിച്ച ആന്റണിയെ അനുകൂലിക്കാനും എതിര്‍ക്കാനും ആളേറെയുണ്ടായി. അടിന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ അതിനെ ന്യായീകരിച്ച അതേ ശക്തിയില്‍ പിന്നീട് തള്ളിപ്പറഞ്ഞ ആന്റണിയുടെ ‘ബ്രഹ്മോസ്’ കോണ്‍ഗ്രസിനുണ്ടാക്കിയ ക്ഷീണം ചെറുതായിരുന്നില്ലല്ലൊ. ഇന്ദിരാകോണ്‍ഗ്രസ്സില്‍ നിന്നിറങ്ങി. ഇടതുമുന്നണിയിലൂടെ കറങ്ങി. വീണ്ടും തറവാട്ടില്‍ തിരിച്ചെത്തിയിട്ടും പിടിച്ചുനില്ക്കാന് കഴിയുന്നു. ഇത് എങ്ങിനെ എന്ന് പഠിക്കാന്‍ കെ.മുരളീധരന് ആന്റണിക്ക് ദക്ഷിണ നല്‍കണം.
ലക്ഷ്യംകാണാതെ ആന്റണി അദ്ദേഹത്തിന്റെ ബ്രഹ്മാസ്ത്രങ്ങള്‍ പ്രയോഗിക്കാറില്ല. അരനൂറ്റാണ്ട് മുമ്പ് കുട്ടനാട്ടിലെ ‘ഒരണ’ സമരം മുതല്‍ ആന്റണി എറിഞ്ഞ കല്ലുകളൊന്നും പാഴായിട്ടില്ല. എപ്പോള്‍ എറിയണം എങ്ങിനെ എറിയണം എന്നാദ്യം പഠിപ്പിച്ച എം.കെ.രവീന്ദ്രനെന്ന വയലാര്‍ രവിയെപ്പോലും പിന്നിലാക്കി മുന്നേറാന്‍ ആന്റണിക്ക് കഴിഞ്ഞെങ്കില്‍ അതിന്റെ പിന്നിലെ സൂത്രവും ശാസ്ത്രവും ഒന്നുവേറെ തന്നെയാണ്.
പിതാവിനെ തെമ്മാടിക്കുഴിയില്‍ അടക്കിയ പള്ളിക്കാര്‍ക്കെതിരെ പടപൊരുതി പേരെടുത്ത വ്യക്തിയാണ് എ.കെ.ആന്റണി. ചേര്‍ത്തല പള്ളിയില്‍ അമ്മയുടെ ഓര്‍മ്മ നാളില്‍ തൊഴുത് പ്രാര്‍ത്ഥിക്കുകയായിരുന്നു ആന്റണിയുടെ ഇത്തവണത്തെ കേരളയാത്രയുടെ മുഖ്യലക്ഷ്യം. അമ്മയുടെ ഓര്‍മ്മയ്ക്കു മുന്നില്‍ ആന്റണി എല്ലാം മറക്കും. കണ്ണുനിറയും. ചേര്‍ത്തലയിലെ പ്രാര്‍ത്ഥനയ്ക്കുശേഷം പാലക്കാട്ടും തിരുവനന്തപുരത്തും പങ്കെടുത്ത രണ്ടു ചടങ്ങുകളിലാണ് ആന്റണിയുടെ നിറയൊഴിക്കല്‍.
ചാനലുകളിലെ ക്യാമറയ്ക്കു മുന്നില്‍ നില്ക്കുമ്പോള് സ്വയംമറന്ന് വാ തുറക്കുന്ന നേതാക്കളെയാണ് പാലക്കാട് ആന്റണി തൊലിഉരിച്ച് നിര്‍ത്തിയത്. മുന്‍കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഒ.രാജഗോപാലിന്റെ രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ സുവര്‍ണജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനമായിരുന്നു വേദി. അത് കഴിഞ്ഞാണ് തിരുവനന്തപുരം ബ്രഹ്മോസിന്റെ ചടങ്ങിനെത്തുന്നത്. ബ്രഹ്മോസും രാജഗോപാലും എ.കെ.ആന്റണിയും തമ്മിലൊരു കാണാ ചരടുണ്ട്. രാജഗോപാല്‍ പ്രതിരോധവകുപ്പിന്റെ സഹമന്ത്രിയായിരിക്കുമ്പോഴാണ് തിരുവനന്തപുരം കെല്ടെകിന് പുതുജീവന്വന്നത്. ആരാലും അറിയപ്പെടാതെ അവഗണനയും അവശതയും മൂലം ഊര്‍ദ്ധശ്വാസം വലിക്കുന്ന സ്ഥാപനം. എയര്‍പോര്‍ട്ട് റോഡിലെ കെല്ടെകിനെക്കുറിച്ച് രാജഗോപാല്‍ അറിയുന്നത് കേരളത്തില്‍ നിന്നല്ല. ജബല്‍പൂരിലെ പ്രതിരോധ വകുപ്പിന്റെ ആയുധശാലയില്‍ നിന്നാണ്. മന്ത്രിയെന്ന നിലയില്‍ സൂക്ഷ്മതയോടെ നിര്‍മ്മിച്ച ആയുധഭാഗങ്ങളെക്കുറിച്ചുള്ള അന്വേഷണമാണ് തിരുവനന്തപുരത്തെ കെല്‍ടെകിന്റെ സവിശേഷതകള്‍ ശ്രദ്ധയില്‍കൊണ്ടുവന്നത്. അടുത്തകേരള യാത്രാ പരിപാടിയില്‍ കെല്ടെകും ഉള്‍പ്പെടുത്തി. പ്രതിരോധവകുപ്പിലേക്ക് കൂടുതല്‍ സാധനങ്ങള്‍ ഈ സ്ഥാപനത്തില്‍ നിന്നും വാങ്ങാന്‍ തീരുമാനമായതോടെയാണ് കെല്ടെകിന് ജീവന് വച്ചത്.
കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കണമെന്നായിരുന്നു ജീവനക്കാരുടെ അന്നത്തെ ആവശ്യം. എല്ലാം പൊതുമേഖലയില്‍ കൊണ്ടുവരുന്നതിനു പകരം സംയുക്തമേഖലയ്ക്ക് പ്രോത്സാഹനം നല്കുന്ന പദ്ധതി പ്രയോജനകരമായി നടപ്പാക്കുന്ന നയം നല്ല ഗുണം ചെയ്തു. അതിന്റെ തുടര്‍ നടപടിയാണ് ബ്രഹ്മോസിന്റെ പങ്കാളിത്തത്തിലേക്ക് എത്തിയത്. അത് ഇടതുമുന്നണി കേരളം ഭരിക്കുമ്പോഴായി. അന്ന് മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും ഏറെ ആത്മാര്‍ത്ഥത കാണിച്ചു. ഇന്ന് എനിക്ക് വ്യവസായം കൊണ്ടുവരാന്‍ ധൈര്യമില്ലെന്ന് ആന്റണി തുറന്നുപറഞ്ഞത് നിരുപദ്രവകരമായ പ്രസ്താവനയാണെന്ന് എഴുതിത്തള്ളാമോ? ആന്റണിയെ അറിയുന്നവര്ക്കതാവില്ല.
വേദിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാത്രമല്ല, മുന്നണിയിലെ രണ്ടാമത്തെ കക്ഷിയുടെ നേതാവും വ്യവസായമന്ത്രിയുമായ കുഞ്ഞാലിക്കുട്ടിയുമുണ്ടായിരുന്നല്ലൊ. മുന്വ്യവസായമന്ത്രിക്ക് നിര്‍ലോപം പ്രശംസ ചൊരിയുമ്പോള് നിലവിലുള്ള വ്യവസായ മന്ത്രിക്ക് നേരിയ പരിഗണനപോലും ലഭിക്കാത്തതെന്തുകൊണ്ടാണ്. എട്ടുവര്‍ഷം മുമ്പ് മുഖ്യമന്ത്രിക്കസേരയില്‍ നിന്നും കണ്ണീരോടെ ആന്റണിക്കിറങ്ങിപ്പോകേണ്ടി വന്നതിന് പിന്നില്‍ മുസ്ലീം ലീഗിന് മുന്‍കൈ ഉണ്ടായിരുന്നില്ലെ? കേരളാകോണ്‍ഗ്രസ്സിന്റെ അദ്ധ്വാനവും നിസ്സാരമായിരുന്നില്ലല്ലൊ. ആന്റണി ന്യൂനപക്ഷങ്ങളെ അധിക്ഷേപിച്ചു എന്നായിരുന്നല്ലൊ അന്നവര്‍ ഉയര്‍ത്തിയിരുന്ന മുഖ്യആരോപണം.
ഇ.അഹമ്മദിന് കാബിനറ്റ് പദവി ലഭിക്കാതിരിക്കുന്നതിനും ജോസ് കെ.മാണി കേന്ദ്രമന്ത്രിസഭയിലെത്താതിരിക്കുന്നതും ആന്റണി ‘മാര്‍ഗേ കിടക്കുന്ന മര്‍ക്കട’നായതുകൊണ്ടാണെന്ന് പിറുപിറുക്കുമ്പോള്‍ ആര്‍ക്കായാലും പകയും വിദ്വേഷവും കാണാതിരിക്കുമോ? കേന്ദ്രത്തില്‍ രണ്ടാമനായാലും ആന്റണിയും മനുഷ്യനല്ലെ! രാഷ്ട്രീയത്തില്‍ വെറുപ്പും വിദ്വേഷവും പാടില്ലെന്നൊക്കെ പറയാനെളുപ്പം. പ്രയോഗത്തില്‍ വരുത്താന്‍ എത്രപേര്‍ക്കാവും? രാഷ്ട്രീയത്തില്‍ ശത്രുക്കളില്ല പ്രതിയോഗികളെ ഉള്ളു എന്ന് കേരളത്തില്‍ വന്ന് അദ്വാനി പറഞ്ഞപ്പോള്‍ പുകിലെന്തായിരുന്നു. അതെന്തായാലും പണ്ട് കടന്നപ്പള്ളി രാമചന്ദ്രന് നിരീക്ഷിച്ചതുപോലെ എ.കെ.ആന്റണിയെ ഇന്നാരും കാണുന്നില്ലെന്നത് ഭാഗ്യം. “ഉയരക്കുറവ്, ഇടുങ്ങിയകണ്ണ്, കുറുകിയ കൈ” ഇതൊക്കെ ഒത്തുവന്നാല്‍ കൊടും ക്രിമിനലാകുമെന്നാണ് കടന്നപ്പള്ളി പറഞ്ഞ ശരീരശാസ്ത്രം. രാഷ്ട്രീയത്തില്‍ ഇറങ്ങിയില്ലായിരുന്നെങ്കില്‍ ആന്റണി ഏതെങ്കിലും ജയിലില്‍ സ്ഥിരമായി കിടക്കേണ്ടിവരുമായിരുന്നത്രെ. ആന്റണി വിഭാഗത്തില്‍ നിന്നും വേര്പിരിയുമ്പോള് ഉണ്ടായിരുന്ന ഈ അഭിപ്രായം കടന്നപ്പള്ളിക്ക് ഇന്നുണ്ടോ എന്നറിയില്ല. ‘ആന്റണി പുതിയ സഖ്യകക്ഷി’ എന്ന് സീതാറാം യച്ചൂരി വിലയിരുത്തിയ സാഹചര്യത്തില്‍ വിശേഷിച്ചും. എന്നാല്‍ സ്വന്തം കക്ഷിയിലും ഘടകകക്ഷികളിലും കടന്നപ്പള്ളി മറന്ന ആരോപണങ്ങള്‍ ഇന്നും സജീവമല്ലെ എന്ന സംശയം നിലനില്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: