വികാസപ്രതിരോധകങ്ങളായ എല്ലാ നിഷേധാത്മക ചിന്തകളും നമ്മളില്‍ ഉദിച്ചുയരുന്നത് നമ്മെപ്പറ്റിയുള്ള നമ്മുടെ അബദ്ധധാരണകളും ആശയക്കുഴപ്പങ്ങളും കൊണ്ടാണ്. സന്നിഹിതങ്ങളായ നമ്മുടെ പ്രശ്നങ്ങളെപ്പറ്റി ധൃതഗതിയിലുള്ള ചില മുന്‍ധാരണകള്‍ വെക്കുക നിമിത്തം നമ്മളില്‍ അന്തര്ഭവിച്ചുകിടക്കുന്നവയും അവികസിതങ്ങളുമായ നമ്മുടെ വന്കഴിവുകളെന്തൊക്കെയാണെന്ന് ഒന്നിച്ചിരുന്നു ചിന്തിക്കാന്‍പോലും നാം മെനക്കെടാറില്ല.
നമ്മുടെ സാമാന്യഭാവനയില് നാം ശരീരവും മനസും ബുദ്ധിയും കൂടിയ ഒരു വ്യക്തിത്വമാണ്. നമ്മളില്‍ അധികംപേരും ശാരീരികാടിസ്ഥാനത്തിലാണ് ജീവിക്കുന്നത്. ദുര്ലഭം ചിലര്‍ നമ്മുടെ സങ്കല്‍പ്പങ്ങളുടേയും വികാരങ്ങളുടേതുമായ മാനസികലോകത്തില്‍ ജിവിക്കുന്നു; വളരെ വളരെ പരിമിതമായ ഒരുകൂട്ടം ആളുകള്‍മാത്രമേ നമ്മുടെ ബുദ്ധിപരമായ ആകാരത്തെപ്പറ്റി അറിയുകയോ ആ അടിസ്ഥാനത്തില്‍ സജീവം വര്‍ത്തിക്കുകയോ ചെയ്യുന്നുള്ളൂ. എന്നാല്‍ ബുദ്ധിക്കും പിന്നില്‍ ആവൃതമായ് കിടക്കുന്ന ഒരു ദിവ്യശക്തി നമ്മില്‍ ഇരിപ്പുണ്ടെന്നു സംശയിക്കുകയോ അങ്ങോട്ടൊന്നെത്തിനോക്കുകയോ ചെയ്യുന്നവര്‍ ആരുംതന്നെയില്ലെന്നത് മഹാകഷ്ടമാണ്.
വൈദാന്തികശാസ്ത്രത്തില്‍ ജീവാത്മാവെന്നോ പരമാത്മാവെന്നോ ഉള്ള സാങ്കേതികപദത്താല്‍ നിര്‍ദ്ദിഷ്ടമായ ഈ സ്വയം പ്രകാശാത്മകവസ്തുവാണ് ഓരോ വ്യക്തിയിലുമുള്ള സകല ശക്തിയുടേയും തേജസിന്റെയും മൂലധാരമെന്നതാണ് പരമമായ സത്യം.
ഈ ആത്മാവാണ്, അതിന്റെ ദിവ്യസാന്നിദ്ധ്യമാത്രത്താല്, അഥവാ അതിന്റെ പ്രചോദനാത്മകമായ സ്പര്‍ശത്താല്‍ ഇളംചൂടേകി നമ്മുടെ ഭൗതികഘടനയില്‍ നാഡിമിടിപ്പുണ്ടാക്കുന്നതും ബാഹ്യപദാര്‍ത്ഥ ലോകത്തെ ദര്‍ശിക്കാനുള്ള കഴിവ് അതിനേകുന്നതും. ഈ ജീവാത്മാവിന്റെ പ്രകാശത്താലാണ് നമ്മുടെ മനസിന്റെ ത്രിവിധാവസ്ഥകളേയും ഓരോ അവസരത്തിലും അവിടെയുണ്ടാവുന്ന വിചാരങ്ങളുടെ ഗുണത്തേയുപറ്റി നാം ബോധവാന്മാരാകുന്നത് ആത്മസാന്നിദ്ധ്യത്തിന്റെ ഈ ഉജ്വലപ്രകാശത്താലാണ്. ബുദ്ധിപരങ്ങളായ നമ്മുടെ ആശയങ്ങളെപ്പറ്റിയുള്ള സുസ്പഷ സ്മരണയോടുകൂടി ജീവിക്കാന്‍ നാം പ്രാപ്തരായിരിക്കുന്നത്.
സമുദ്രത്തിലെ തരംഗമാലകളേയും ഹൈമവതശൃംഗങ്ങളേയും വിസ്തൃത മൈതാനസ്ഥലങ്ങളേയും പ്രകാശിപ്പിക്കുന്ന സൂര്യന് പ്രകാശിപ്പിക്കപ്പെടുന്ന ആ മൂന്ന് വസ്തുക്കളില്‍ ഭിന്നമായ മറ്റൊന്നാണെന്നത് നിസ്തര്‍ക്കമാണല്ലോ. പ്രകാശിത വസ്തുക്കളില്‍ നിന്ന് പ്രകാശവസ്തു എപ്പോഴും ഭിന്നമാണെന്നത് അനിഷേധ്യമായ ഒരു നിയമമാണ്. അതുപോലെ, ബാഹ്യലോകത്തേയോ ശരീരത്തേയോ മനസിനേയോ ബുദ്ധിയേയോ പറ്റി നമ്മെ ബോധവാന്മാരാക്കുന്ന ആ ധാരണക്ക് വിജ്ഞാനശക്തിക്ക് തീര്‍ച്ചയായും പരാനപേക്ഷവും സ്വതന്ത്രവുമായ ഒരു നിലനില്‍പ്പ് ഉണ്ടായിരിക്കുകതന്നെ വേണം.
സ്വന്തം വിശുദ്ധാശയങ്ങളുടെ ഉത്തുംഗഗോപുരങ്ങള്ക്കിടയില് ജീവിക്കുന്ന ചിന്താശീലനായ ഒരാള്‍ തന്റെ ശാരീരിക മാനസിക വ്യവസ്ഥിതികള്‍ക്കൊപ്പം ഉയരുകതന്നെ ചെയ്യുന്നുണ്ട്. യുവപ്രഭാവന്മാരായ സകല ശാസ്ത്രജ്ഞന്മാരും തങ്ങളുടെ ബുദ്ധിമണ്ഡലങ്ങളില്‍ ജീവിച്ചുവരുന്നവരാണെങ്കിലും അവരുടെ ശാരീരികവും മാനസികവുമായ ജീവിതത്തെപ്പറ്റി അനാസ്ഥയോടു കൂടിയവരോ വിഗണനാഭാവത്തോടുകൂടിയവരോ ആണെന്ന് കാണാം. അവര്‍ക്ക് അവരെപ്പറ്റി ഏതാണ്ട് വലിയ ബോധമൊന്നുമില്ലാത്തവരാണെന്ന് പറയാം. ഇതേമാതിരി ആത്മാവിനെ സാക്ഷാല്ക്കരിക്കണമെങ്കില് ബുദ്ധിയുടെ സാമ്രാജ്യത്തെക്കൂടിയും നാം അതിലംഘിക്കേണ്ടതായുണ്ട്.
സ്വാമി ചിന്മയാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: