ന്യൂദല്‍ഹി: ഭീകര സംഘടനയായ ലഷ്കര്‍ ഇ തോയ്ബയ്ക്കു കറാച്ചി ഓഹരി വിപണിയില്‍ വന്നിക്ഷേപമുള്ളതായി റിപ്പോര്‍ട്ട്. അനധികൃതമായി ഒഴുകിയെത്തുന്ന പണമാണ് ഓഹരി വിപണിയില്‍ നിക്ഷേപിച്ചിരിക്കുന്നത്. ഇതിലൂടെ വന്‍ വരുമാനമാണ് ലഷ്കര്‍ ഭീകരരുടെ പണപ്പെട്ടിയിലേയ്ക്കു ഒഴുകുന്നതെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ വെളിപ്പെടുത്തി.
ഏതാനും പാശ്ചാത്യ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും ലഷ്ക്കറിന്റെ ഓഹരി വിപണിയിലെ ശക്തമായ സാന്നിധ്യത്തേക്കുറിച്ച് വിവരം ലഭിച്ചതായും ഇതു ന്യൂദല്‍ഹിയുമായി അവര്‍ പങ്കുവച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. പാക് സാമ്പത്തിക വിപണിയില്‍ ഇന്ന് ഗുരുതരമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ ലഷ്ക്കറിനു കഴിയുമെന്നാണ് അനുമാനിക്കുന്നത്.
ഭീകര പ്രവര്‍ത്തനങ്ങള്‍ക്കു ലഷ്കറിന്റെ പ്രധാന സാമ്പത്തിക സ്രോതസ് കൂടിയാണ് ഓഹരി വിപണിയിലെ കോടികള്‍ വരുന്ന നിക്ഷേപം. ലഷ്ക്കറിന്റെ മറ്റൊരു മുഖമായ ജമാത്ത് ഉദ് ദവയുടെ പേരിലാണ് നിക്ഷേപവും മറ്റു സാമ്പത്തിക ഇടപാടുകളും നടക്കുന്നത്. ലഷ്ക്കറിനു വേണ്ടി പാക് ഓഹരി വിപണിയിലേയ്ക്കു കോടിക്കണക്കനു രൂപയാണ് ജമാത്ത് ഉദ് ദവ ഒഴിക്കുന്നത്.
അടുത്തിടെ പോലീസ് പിടിയിലായ കുഴല്‍പണം കടത്തുകാരില്‍ ചിലര്‍ ലഷ്ക്കറിന്റെ ഓഹരി വിപണി ഇടപാടുകളെക്കുറിച്ച് വിവരം നല്‍കിയിരുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ് ലഷ്ക്കറിനു ഏറെയും പണമെത്തുന്നത്. ഇന്ത്യന്‍ ഓഹരി വിപണിയിലും ഇത്തരക്കാര്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
2011- 2012 സാമ്പത്തിക വര്‍ഷത്തില്‍ സെബി നടത്തിയ അന്വേഷണത്തില്‍ 300ല്‍ അധികം നിയമവിരുദ്ധമായ ഇടപാടുകള്‍ കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: