കോതമംഗലം: വാരപ്പെട്ടി പഞ്ചായത്തിലെ ഷാമിന് ഷൈജുവിന്റെ വിജയകരമായ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് ശേഷം ഷാമിന് പൂര്ണാരോഗ്യവാനായി വീട്ടിലെത്തിയതോടെ തങ്ങള്‍ ഏറ്റെടുത്ത ഒരു മഹത് ദൗത്യത്തിന്റെ ശുഭകരമായ പൂര്‍ത്തീകരണത്തിന്റെ ആത്മനിര്‍വൃതിയോടെ ഷാമിന് ഷൈജു ചികിത്സാ സഹായസമിതി പ്രവര്‍ത്തകരുടെ മറ്റൊരു ദൗത്യവും വാരപ്പെട്ടിയെ വീണ്ടും മാതൃകാഗ്രാമമാക്കിമാറ്റുന്നു.
ചികിത്സാ സഹായസമിതി സമാഹരിച്ച അറുപത്തിയെട്ട് ലക്ഷത്തി പതിനാറായിരത്തി അറുന്നുറ്റി തൊണ്ണുറ്റിയൊമ്പത് രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയില്‍ നിന്ന് ലഭിച്ച അഞ്ച് ലക്ഷം രൂപയുമുള്‍പ്പെടെ ആകെ എഴുപത്തിമൂന്ന് ലക്ഷത്തിപതിനാറായിരത്തി അറുന്നുറ്റിതൊണ്ണുറ്റിയൊമ്പത് രൂപ ലഭിച്ചതായും ഇതില്‍ പന്ത്രണ്ടരലക്ഷം രൂപ ചികിത്സാ ചിലവിനായും അഞ്ച്ലക്ഷം രൂപ ഷൈജുവിന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ചതായും സമിതിയുടെ വരവ് ചിലവ് കണക്കവതരിപ്പിച്ചുകൊണ്ട് ഭാരവാഹികള്‍ അറിയിച്ചു. പിന്നീട് വരവ് ചിലവ് കണക്കുകള്‍ പൊതുയോഗം ഐക്യകണ്ഠേന അംഗീകരിച്ചു.
ചികിത്സാസഹായ സമിതിയുടെ അക്കൗണ്ടില്‍ ബാക്കിയുള്ള തുക ഒരു ചാരിറ്റിബിള്ട്രസ്റ്റ് രൂപീകരിച്ച് ആ ട്രസ്റ്റില്‍ നിക്ഷേപിക്കുന്നതിനും ഷാമിന്റെയും കരള്‍ നല്കിയ മാതാവ് മിനിയുടെയും തുടര്‍ ചികിത്സ ആവശ്യമായി വരുന്നിടത്തോളം കാലം ചികിത്സാചിലവിനുള്ള പണം ട്രസ്റ്റില്‍ നിന്നും വിനിയോഗിക്കുന്നതിനും പൊതുയോഗ അഭിപ്രായം ഐക്യകണ്ഠേന അംഗീകരിച്ചു. ട്രസ്റ്റ് നിലവില്‍വരുന്നതുവരെ ചികിത്സാസഹായസമിതി നിലനില്‍ക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
വാരപ്പെട്ടി കമ്മ്യൂണിറ്റി ഹാളില്‍ നടന്ന വരവ്-ചിലവ് കണക്കവതരണ പൊതുയോഗത്തില്‍ ചികിത്സാസഹായ സമിതിചെയര്‍മാനും വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ പി.കെ.ചന്ദ്രശേഖരന് നായര്‍ അദ്ധ്യക്ഷത വഹിച്ചു. സമിതി വൈസ് ചെയര്മാന് പി.കെ.ബാബു സ്വാഗതം ആശംസിച്ചു. കണ്‍വീനര്‍ വി.കെ.റെജി ചികിത്സാകാര്യങ്ങളെക്കുറിച്ച് വിശദീകരിച്ചു. ഭാരവാഹികളായ മനോജ്നാരായണന്‍, എം.ജി.രാമകൃഷ്ണന്, പി.കെ.മണിക്കുട്ടന്, ഷാജികൊറ്റനക്കോട്ടില്, പി.എസ്.നജീബ്, അനില്‍ ആനന്ദ്, വിവിധ കക്ഷിരാഷ്ട്രീയ സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ പ്രമുഖര്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍ എന്നിവരും സംസാരിച്ചു. സമിതി ഖജാന്‍ജി, എ.എസ്.ബാലകൃഷ്ണന് വരവ് ചിലവ് കണക്കുകള്‍ അവതരിപ്പിച്ചു. ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്കും നിയമാവലി രൂപീകരിക്കുന്നതിനും വേണ്ടി വി.കെ. റെജി, പി.കെ.ബാബു, ഷാജി വര്‍ഗീസ്, മനോജ് നാരായണന്, പി.കെ.മാണിക്കുട്ടന്‍ എന്നിവരടങ്ങുന്ന അഞ്ചംഗസമിതിയെ യോഗം ചുമതലപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: