ശബരിമല: ശരണമന്ത്രമുഖരിതമായ അന്തരീക്ഷത്തില്‍ ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്ര നട തുറന്നു. ഇന്നലെ വൈകുന്നേരം 5 ന് തന്ത്രി കണ്ഠരര് രാജീവരരുടെ സാന്നിദ്ധ്യത്തില്‍ മേല്‍ശാന്തി എന്‍.ബാലമുരളി നടതുറന്ന് ശ്രീലകത്ത് ദീപം തെളിയിച്ചു. തുടര്‍ന്ന് പതിനെട്ടാംപടിയിറങ്ങി ആഴി ജ്വലിപ്പിച്ചു. നിയുക്തമേല്‍ശാന്തി എന്‍.ദാമോദരന്‍പോറ്റിയെ പിന്നീട് സോപാനത്തിലേക്ക് ആനയിച്ചു. 7ന് ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ സ്ഥാനാരോഹണ ചടങ്ങുകള്‍ നടന്നു. ശബരിമല മേല്‍ശാന്തിയായി അവരോധിക്കപ്പെട്ട വൈക്കം ആറാട്ടുകുളങ്ങര ഇടമന പ്രണവം ഇല്ലത്ത് എന്‍.ദാമോദരന്‍പോറ്റിയെ തന്ത്രി കലശംആടിച്ച് കൈപിടിച്ച് ശ്രീകോവിലിനുള്ളിലേക്ക് കൊണ്ടുപോയിമൂലമന്ത്രം ഓതിക്കൊടുത്തു. തുടര്‍ന്ന് മാളികപ്പുറത്ത് മേല്‍ശാന്തി എ.എന്‍ ഉണ്ണികൃഷ്ണന് നമ്പൂതിരിയുടെ അവരോധനചടങ്ങുകള് നടന്നു. 10 ന് മേല്‍ശാന്തി എന്‍.ബാലമുരളി നട അടച്ച് താക്കോല്‍ അഡ്മിനിസ്ട്രേറ്റര്‍ക്ക് കൈമാറി. ഒരുവര്‍ഷം കലിയുഗവരദനെ പൂജ ചെയ്ത പുണ്യവുമായി എന്‍.ബാലമുരളി മലയിറങ്ങി. ഇന്ന് പുലര്‍ച്ചെ 4 ന് പുതിയ മേല്‍ശാന്തി എന്‍.ദാമോദരന്‍പോറ്റി നടതുറക്കും.
നിര്‍മ്മാല്യദര്‍ശനം, ഗണപതിഹോമം, എന്നിവയ്ക്ക് ശേഷം അ്യ്യപ്പസ്വാമിയുടെ ഇഷ്ടവഴിപാടായ നെയ്യഭിഷേകം ആരംഭിക്കും. ശബരിമല നടതുറന്ന ഇന്നലെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.എം.എന്‍.ഗോവിന്ദന്‍നായര്‍, ബോര്‍ഡ് മെമ്പര്‍ സുഭാഷ്, ദേവസ്വം കമ്മീഷണര്‍ എന്‍.വാസു, സ്പെഷ്യല്‍ കമ്മീഷണര്‍ കെ.ബാബു, ദേവസ്വം ഓംബുഡ്സ്മാന് ജസ്റ്റിസ് എം.ഭാസ്ക്കരന്‍, എ.ഡി.ജി.പി പി.ചന്ദ്രശേഖരന്, ശബരിമല മാസ്റ്റര്‍പ്ലാന്‍ കമ്മിറ്റി ചെയര്മാന് കെ.ജയകുമാര്‍ എന്നിവര്‍ സന്നിധാനത്ത് എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: