മുംബൈ: ഗുരുതരാവസ്ഥയില്‍ കഴിയുന്ന ബാല്‍താക്കറേയ്ക്ക് രോഗശാന്തി നേര്‍ന്ന് അമിതാബ് ബച്ചന്റെ വൈകാരികതയില്‍ കുതിര്‍ന്ന ട്വിറ്റര്‍. എല്ലാ വിഷമഘട്ടങ്ങളിലും തനിക്ക് പിന്തുണ നല്കിയ താക്കറെയെ മുംബൈയില്‍ വീട്ടില്‍ സന്ദര്‍ശിച്ച ശേഷമാണ് ബച്ചന് ട്വിറ്ററില്‍ ഓര്‍മകള്‍ പങ്കുവച്ചത്.
ജീവിതത്തിലുടനീളം പോരാളിയായ മനുഷ്യന് ജീവന് വേണ്ടി പൊരുതുകയാണ്. പ്രാര്‍ത്ഥനകളാണ് ഇപ്പോള്‍ അദ്ദേഹത്തിനായി നല്‍കേണ്ടത്. ഈ മുഖവുരയോടെയാണ് ബാലാസാഹേബ് താക്കറെയുടെ അടുത്ത സുഹൃത്ത് കൂടിയായ ബച്ചന്റെ ആദ്യ ട്വിറ്റ്.
കൂലി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിയവേ താക്കറേ സന്ദര്‍ശിച്ചകാര്യവും ബച്ചന് ഓര്‍ത്തെടുക്കുന്നു. മരണത്തില്‍ നിന്ന് ജീവിതത്തിലേക്ക് മടങ്ങിയ തനിക്ക് കാര്‍ട്ടൂണിസ്റ്റ് കൂടിയായ താക്കറേ യമരാജനെ പരാജയപ്പെടുത്തി എന്ന തലക്കെട്ടോടുകൂടിയ കാര്‍ട്ടൂണ്‍ സമ്മാനിച്ചു. അതേകാര്ട്ടൂണ് താക്കറേയ്ക്ക് സമ്മാനിക്കാനാണ് താന്‍ ആഗ്രഹിക്കുന്നത്.
വിവാഹവേളയില്‍ പുതുതായി വീട്ടിലെത്തുന്ന മരുമകള്‍ക്ക് നല്കുന്ന സ്വീകരണം താക്കറേ തനിക്കും ജയയ്ക്കും നല്‍കിയിരുന്നു. ബോഫോഴ്സ് ആരോപണങ്ങള്‍ വേട്ടയാടിയപ്പോള്‍ യഥാര്‍ത്ഥത്തില്‍ ബച്ചന് പങ്കുണ്ടോയെന്ന് അന്വേഷിച്ചിരുന്നു. ഇല്ല എന്ന് മറുപടി നല്കിയപ്പോള് സത്യം പുറത്തുവരുംവരെ കൂടെയുണ്ടാകുമെന്ന് ഉറപ്പ് നല്കി. കുടുംബാംഗങ്ങളെപ്പോലെയാണ് താക്കറേയ്ക്ക് ബച്ചണ്കുടുംബമെന്നും പത്ത് ട്വിറ്ററുകളിലായി അമിതാബ് ബച്ചന് വിശദീകരിക്കുന്നു. ബാല്‍താക്കറെയുടെ കുടുംബരാഷ്ട്രീയ വാഴ്ച ഇതിവൃത്തമാക്കുന്ന സര്‍ക്കാര്‍, സര്‍ക്കാര്‍ രാജ് എന്നീ ചിത്രങ്ങളില്‍ അമിതാബച്ചനായിരുന്നു നായകന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: