ലണ്ടന്‍: ആശുപത്രി അധികൃതരുടെ അനാസ്ഥമൂലം നാലര മാസം ഗര്‍ഭിണിയായിരുന്ന ഇന്ത്യന്‍ യുവതി അയര്‍ലണ്ടില്‍ മരിക്കാനിടയായ സംഭവത്തില്‍ ഗാല്‍വേ യൂണിവേഴ്സിറ്റി ആശുപത്രിക്കെതിരെ അന്വേഷണം ആരംഭിച്ചു. കടുത്ത ശാരീരിക അസ്വാസ്ഥ്യത്തെതുടര്‍ന്ന് മൂന്നുദിവസത്തിനുള്ളില്‍ പലതവണ ഗര്‍ഭച്ഛിദ്രത്തിനുവേണ്ടി അപേക്ഷിച്ചെങ്കിലും ഡോക്ടര്‍മാര്‍ അത് നിരസിക്കുകയായിരുന്നെന്ന് ഭര്‍ത്താവ് പ്രവീണ്‍ പറഞ്ഞു. ഗര്‍ഭസ്ഥ ശിശുവിന് ഹൃദയ മിടിപ്പുള്ളതിനാലും അയര്‍ലണ്ടിലെ നിയമം ഗര്‍ഭച്ഛിദ്രം അനുവദിക്കുന്നില്ല എന്ന കാരണത്താലുമാണ് ആശുപത്രി അധികൃതര്‍ ആവശ്യം കണക്കിലെടുക്കാതിരുന്നത്.
കര്‍ശന നിയമവ്യവസ്ഥയും ആശുപത്രി അധികൃതരുടെ അശ്രദ്ധമായ ഇടപെടലുമാണ് സവിതയുടെ മരണത്തിന് ഇടയാക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
അയര്‍ലണ്ട് സ്വദേശിയല്ലെന്നും കത്തോലിക്കാ വിഭാഗത്തില്‍ പെടുന്നയാളല്ലെന്നും അറിയിച്ചിട്ടും ആശുപത്രി അധികൃതര്‍ നിയമത്തിന്റെ കുരുക്കുകളെ ഭയന്ന് വിട്ടുവീഴ്ച ചെയ്യാന്‍ മുതിര്‍ന്നില്ല. എഞ്ചിനീയറായ ഭര്‍ത്താവ് പ്രവീണിനൊപ്പം 2008 മുതല്‍ സവിത അയര്‍ലണ്ടില്‍ താമസിച്ചുവരികയായിരുന്നു. അയര്‍ലണ്ടില്‍ ഗര്‍ഭച്ഛിദ്രം നിയമവിധേയമാക്കണമെന്ന ആവശ്യത്തിലേക്കാണ് സവിതയുടെ മരണം വിരല്‍ ചൂണ്ടുന്നത്.
സംഭവത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് ആരോഗ്യ വകുപ്പ് അധികൃതര്‍ അന്വേഷണം ആരംഭിച്ചു. വ്യക്തമായ അന്വേഷണ റിപ്പോര്‍ട്ടുകള്‍ കിട്ടിയതിനുശേഷം നടപടികള്‍ സ്വീകരിക്കുമെന്ന് അയര്‍ലണ്ട് പ്രധാനമന്ത്രി എന്‍ഡാ കെന്നി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: