അനൈക്യത്തിന്റെ പ്രതീകമായി മാറിയ കേരളത്തിലെ ഐക്യജനാധിപത്യ മുന്നണി സര്‍ക്കാര്‍ സൗമ്യനും മിതഭാഷിയുമായ പ്രതിരോധമന്ത്രി എ.കെ. ആന്റണിയുടെ നിശിതവിമര്‍ശനത്തിന് പാത്രമായിരിക്കയാണ്. അതോടൊപ്പം കേന്ദ്ര റെയില്വെമന്ത്രിയായിരുന്ന ഒ. രാജഗോപാലിന്റെ സംഭാവനയും ഇടതുസര്‍ക്കാരിന്റെ കാലത്ത് വി.എസ്. അച്യുതാനന്ദന്റെയും എളമരം കരീമിന്റെയും സഹകരണത്തെയും ആന്റണി പ്രകീര്‍ത്തിക്കുകയുംചെയ്തു. കഴിഞ്ഞ രണ്ട് വര്‍ഷമായി കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക തലം മോശമായെന്നും പ്രതിരോധ വകുപ്പിന്റെ സ്ഥാപനങ്ങള്‍ കേരളത്തിലേക്ക് കൊണ്ടുവരാന്‍ തനിക്കിപ്പോള്‍ ധൈര്യമില്ലെന്നുമാണ് ആന്റണി പ്രസ്താവിച്ചത്. വിവാദങ്ങള്‍ തളിക്കുന്ന യുഡിഎഫില്‍ വിവാദത്തിന് വഴിവെച്ച ബ്രഹ്മോസ് എയ്റോസ്പേസ് ലിമിറ്റഡിന്റെ മിസെയില്‍ ഉദ്ഘാടന വേളയിലാണ് ആന്റണി ഈ വിമര്‍ശനശരം തൊടുത്തത്. കടംകൊണ്ട് മുടിഞ്ഞ കേരള ഹൈടെക് ന്ഡസ്ട്രീസിനെ ബ്രഹ്മോസ് ഏറ്റെടുത്തശേഷം ലാഭമേ ഉണ്ടായിട്ടുള്ളൂവെന്ന് ആന്റണി പ്രഖ്യാപിക്കുമ്പോഴും ചടങ്ങ് ഐഎന്‍ടിയുസി സംഘടന ബഹിഷ്കരിക്കുകയാണ് ചെയ്തത്. ഉദ്ഘാടനച്ചടങ്ങില്‍നിന്ന് മാധ്യമപ്രവര്‍ത്തകരെ വിലക്കിയതും വിവാദമായി. ആന്റണി ഇടപെട്ടാണ് മാധ്യമപ്രവര്‍ത്തകരെ റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിച്ചതുപോലും. ഇത്രയും നിഷ്ക്രിയവും ഐക്യവുമില്ലാത്ത ഒരു ഭരണകൂടം കേരളത്തെ നയിക്കുന്നത് ഇതാദ്യമാണ്.
മുഖ്യകക്ഷിയായ കോണ്‍ഗ്രസില്‍ പഴയ ഐ ഗ്രൂപ്പ്, വിശാല ഐ ഗ്രൂപ്പ്, മുരളീധരന്-പത്മജ ഗ്രൂപ്പ്, മൂന്നാം ഗ്രൂപ്പ്, നാലാം ഗ്രൂപ്പ് എന്നിവക്ക് പുറമെ തിരുവഞ്ചൂരും സ്വന്തം ഗ്രൂപ്പ് സൃഷ്ടിക്കുന്നു എന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഉമ്മന്‍ചാണ്ടിക്കെതിരെയാണ് ഹരിത എംഎല്‍എമാരെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതോടൊപ്പം ഘടകകക്ഷികളെ കൂടെനിര്‍ത്താന്‍ ഉമ്മന്‍ചാണ്ടിക്കായില്ല എന്നതും വസ്തുതയാണ്. മുസ്ലീംലീഗിനോടുള്ള അമിത വിധേയത്വം പ്രകടമായ അഞ്ചാം മന്ത്രിസ്ഥാനം ആ പാര്‍ട്ടിയുടെ അപ്രമാദിത്വത്തിന് വഴിതെളിച്ചപ്പോള്‍ സാമൂഹ്യ അസന്തുലിതാവസ്ഥ സംജാതമാകുന്നതിനെതിരെ വന്‍ പ്രതിഷേധമുയര്‍ന്നു എന്നു മാത്രമല്ല ഘടകകക്ഷികള്‍ പോലും ഇതില്‍ അസംതൃപ്തി പ്രകടിപ്പിച്ചു. ഇപ്പോള്‍ നെല്ലിയാമ്പതിയിലെ വനഭൂമി കൈക്കലാക്കാനുള്ള ശ്രമത്തില്‍ കേരള കോണ്‍ഗ്രസും മുന്നിട്ടിറങ്ങിയിരിക്കുകയാണ്. ആന്റണി പ്രതിരോധവകുപ്പ് ഏറ്റെടുത്തശേഷം 2006 മുതല്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ കേരളത്തില്‍ എട്ട് പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്ഥാപിച്ചിരുന്നു. ഇതിന് എല്‍ഡിഎഫ് സര്‍ക്കാരിന്റെ പൂര്‍ണ സഹകരണം ലഭ്യമായിരുന്നുവെന്ന് ആന്റണി പ്രഖ്യാപിച്ചു. കേരളത്തില്‍നിന്നുമുള്ള പ്രതിരോധമന്ത്രി ആന്റണിയും മുന്‍ റെയില്‍വെമന്ത്രി ഒ. രാജഗോപാലും മാത്രമാണ് കേരളത്തോട് പ്രതിബദ്ധത പുലര്‍ത്തിയത്. ഈ അനൈക്യസര്ക്കാര് ചുമതല ഏറ്റശേഷം നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡെവലപ്മെന്റ് ഇന്ഡിഫാര്സ് യൂണിറ്റിന് ആന്റണിയുടെ തറക്കല്ലിടലില്‍ ഒതുങ്ങി.
എമെര്‍ജിംഗ് കേരള ഘോഷിക്കാന്‍ കോടികള്‍ പൊടിച്ച വ്യവസായമന്ത്രി കേന്ദ്രപദ്ധതികളെ അവഗണിക്കുന്ന ദൃഷ്ടാന്തങ്ങളാണ് ഇത്. മുസ്ലീംലീഗിനോട് വിധേയത്വം പുലര്‍ത്തുന്ന ഉമ്മന്‍ചാണ്ടിക്ക് ലീഗിന് അര്ഹമെന്നവകാശപ്പെടുന്ന കേന്ദ്രമന്ത്രിയെ നേടിക്കൊടുക്കാന്‍ സാധിക്കാത്തതില്‍ വിവേചനമാണെന്ന് ചൂണ്ടിക്കാട്ടി ലീഗ് അമര്‍ഷത്തിലാണ്. ലീഗിനെ ഒറ്റപ്പെടുത്തുന്നു എന്നും ആക്ഷേപമുണ്ട്. കോണ്‍ഗ്രസ് പുനഃസംഘടന നടക്കാതെ, അംഗങ്ങള്‍ക്ക് അഭിപ്രായം പ്രകടിപ്പിക്കാന്‍ പൊതുവേദി ഒരുക്കാതെ കോണ്‍ഗ്രസുകാര്‍ പുറത്ത്, മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിമര്‍ശനം ഉന്നയിക്കുന്നതിനെ പാര്‍ട്ടി നിരോധിച്ചെങ്കിലും വേദി ഇല്ലാത്തതിനാലാണ് ഈ പ്രക്രിയ എന്ന ന്യായവാദത്തില്‍ പ്രസ്താവനകള്‍, വിമര്‍ശനങ്ങള്‍ തുടരുന്നു. ഏറ്റവും ഒടുവില്‍ രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനം വേണമെന്ന ആവശ്യം പുതിയ വിവാദത്തിലേക്ക് വഴിതെളിച്ചു. അതിവേഗം, ബഹുദൂരം പോയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അദ്ദേഹം നയിക്കുന്ന ഐക്യജനാധിപത്യ മുന്നണിയും ഇന്ന് സ്വാഭിപ്രായമില്ലാത്ത, തീരുമാനമെടുക്കാന്‍ കഴിയാത്ത, പ്രായോഗിക ബുദ്ധികളില്ലാത്ത പാവസര്ക്കാരായി മാറിയിരിക്കുകയാണ്. കൂട്ടുത്തരവാദിത്തമോ ചര്‍ച്ചയോ അഭിപ്രായ സമന്വയമോ ഇല്ലാത്ത മന്ത്രിസഭക്ക് എന്ത് വിശ്വാസ്യത? തിളങ്ങുന്ന ഇന്ത്യക്കപ്പുറം കരയുന്ന ഇന്ത്യ ഉണ്ടെന്ന ആന്റണിയുടെ പ്രഖ്യാപനം വികസനഭ്രാന്ത് പിടിച്ച യുപിഎ മന്ത്രിസഭ കൂടി ശ്രദ്ധിക്കേണ്ടതാണ്.
ചൈന എങ്ങോട്ട്?
ചൈനയുടെ ഭരണം പുതിയ തലമുറ ഏറ്റെടുക്കുന്നു. ചൈനയുടെ വൈസ് പ്രസിഡന്റും പാര്‍ട്ടി ഒന്നാം സെക്രട്ടറിയുമായ ഷി ജിന്‍പിങ് ആണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പുതിയ ജനറല്‍ സെക്രട്ടറി. മുന്‍ ഉപപ്രധാനമന്ത്രി ഷി ഷോങ്ങ്സുവിന്റെ മകനാണ് പിങ്. കമ്മ്യൂണിസ്റ്റ് ചൈനയിലും മക്കള്‍രാഷ്ട്രീയം തളിര്ക്കുന്നതിന്റെ തെളിവാണിത്. ഹു ജിന്റാവോ ചൈനയെ രണ്ടാമത്തെ സാമ്പത്തികശക്തിയാക്കി ഉയര്‍ത്തിയപ്പോഴും കമ്മ്യൂണിസം ഇവിടെ മുതലാളിത്തത്തിന് വഴിമാറുന്നു എന്ന ആരോപണം ഉയര്‍ന്നിരുന്നു. പക്ഷെ ഇപ്പോള്‍ ചൈനയില്‍ അഴിമതി കൊടികുത്തി വാഴുകയാണെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ തന്നെ ആരോപിക്കുന്നു. അഴിമതി ചൈനയ്ക്കും വന്‍ ഭീഷണിയാണെന്നും നിയന്ത്രിച്ചില്ലെങ്കില്‍ രാജ്യത്തെ തകര്‍ച്ചയിലേക്ക് നയിക്കുമെന്നുമാണ് ഹു ജിന്റാവോ പ്രസ്താവിച്ചിരിക്കുന്നത്. രാജ്യത്ത് അഴിമതിക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകരുടെയും ഉദ്യോഗസ്ഥരുടെയും എണ്ണം 6.68 ലക്ഷമാണത്രേ. ചൈനയെ മാതൃകയായി കാണുന്ന കേരളത്തിലെ സിപിഎം ലാവ്ലിന് അഴിമതി മുതല്‍ അഴിമതിയാരോപണങ്ങളില്‍ വീര്‍പ്പുമുട്ടുന്നത് കേരള കാഴ്ചയാണ്. ചൈനയില്‍ അധ്വാനിക്കുന്ന വര്‍ഗ്ഗത്തിന്റെ പാര്‍ട്ടിയുടെ ഭരണത്തില്‍ ഗുരുതരമായ സാമ്പത്തിക അസമത്വവും നിലനില്ക്കുന്നു.
ഒന്നരക്കോടി ദരിദ്രരുള്ള ചൈനയില്‍ പത്തുലക്ഷം കോടീശ്വരന്മാര് ഉണ്ടത്രെ. 63 വര്‍ഷം മുമ്പ് മാവോ സേ തൂങ്ങ് കമ്മ്യൂണിസ്റ്റ് രാജ്യമായി മാറ്റിയ ചൈനയില്‍ ഇന്ന് കമ്മ്യൂണിസം പേരില്‍ മാത്രം. പാര്‍ട്ടി പൊളിറ്റ് ബ്യൂറോ അംഗം ബോഫിലായ് അഴിമതിയും അധികാര ദുര്‍വിനിയോഗവും നടത്തുന്നു എന്ന ആരോപണങ്ങളില്‍ കേസില്‍ അകപ്പെട്ടിരിക്കുകയാണ്. കുടുംബങ്ങള്‍ അധികാരസ്ഥാനത്തിരിക്കുന്നവരുടെ മറവില്‍ നടത്തുന്ന അഴിമതിയും അവിഹിത സ്വത്ത്സമ്പാദനവും കുപ്രസിദ്ധമാണ്. ചൈനയുടെ പുതിയ നേതൃത്വം ഇന്ത്യയോടും പാക്കിസ്ഥാനോടും എന്ത് സമീപനമാണ് സ്വീകരിക്കുക എന്നാണ് ഇന്ത്യ ഉറ്റുനോക്കുന്നത്. ഹിന്ദി-ചീനി ഭായിഭായി എന്ന് നെഹ്റു പ്രഖ്യാപിച്ച ശേഷമാണ് ആ രാജ്യം ഇന്ത്യയെ ആക്രമിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഇതിന് പുറമെ ചൈനീസ് നയം ടിബറ്റില്‍ ആത്മഹത്യാ നിരക്കുകള്‍ വര്‍ധിപ്പിക്കുന്നതും ഗൗരവമായി കാണേണ്ട വിഷയമാണ്. ചൈന ഇപ്പോഴും ഇന്റര്‍നെറ്റിനും മറ്റും നിയന്ത്രണമേര്‍പ്പെടുത്തി ഉരുക്കുമുഷ്ടിയോടെ ഭരിക്കുന്ന രാജ്യമാണ്. പുതിയ നേതൃത്വത്തിന്‍കീഴില്‍ ഭരണം സുതാര്യമാകുമോ, ഇന്ത്യാ-ചൈന ബന്ധം ശക്തിപ്പെടുമോ മുതലായ ആശകളും ആശങ്കകളുമാണ് പുതിയ നേതൃമാറ്റം ഇന്ത്യയില്‍ സംജാതമാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: