മരട്: പനങ്ങാട് വീണ്ടും മയക്കുമരുന്നുവേട്ട ഒരാള്‍ പിടിയില്‍. കുമ്പളം ഓടംത്തുള്ളില് ഉണ്ണികൃഷ്ണന്റെ മകന് ഉമേഷ് (22) ആണ് പോലീസിന്റെ പിടിയിലായത്. പനങ്ങാട് സ്റ്റേഷനില്‍ മോഷണകുറ്റം ഉള്‍പ്പെടെ നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണ്. പട്രോളിംഗിനിടെ കുമ്പളം ഷാപ്പുപടിക്കു സമീപത്തുവച്ച് പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് ഇയാള്‍ കുറ്റസമ്മതം നടത്തിയത്. ശരീരത്തില്‍ ഒളിപ്പിച്ചിരുന്ന ഡയസപാംന്റെ 22 ആംപ്യൂളുകളും ഉമേഷില്‍ നിന്നും കണ്ടെടുത്തതായി പോലീസ് പറഞ്ഞു.
പനങ്ങാട് കുമ്പളം, നെട്ടൂര്‍, ചേപ്പനം പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്പന വീണ്ടും വര്‍ധിച്ചതായി വിവരം ലഭിച്ചിരുന്നു. ഇതേതുടര്‍ന്ന് പോലീസ് നിരീക്ഷണം ശക്തമായിരുന്നു. കഞ്ചാവും ആപ്യൂളുകളും വില്പന നടത്തിയതിന് രണ്ടാളുകള്‍ രണ്ടാഴ്ചക്കകം പനങ്ങാട് പോലീസിന്റെ പിടിയിലായിരുന്നു. ഇവര്‍ ഇപ്പോള്‍ റിമാണ്ടിലാണ്. ചേപ്പനം പ്രദേശത്തെ ഒറ്റപ്പെട്ട കായല്‍ തുരുത്തുകളും, നെട്ടൂരിലെ റെയില്വേലൈനിനോടു ചേര്‍ന്നുള്ള ഒഴിഞ്ഞ പ്രദേശങ്ങളും കേന്ദ്രീകരിച്ചാണ് ലഹരി വില്‍പ്പന. ആയിരത്തോളം ആംപ്യൂളുകളുമായി നെട്ടൂര്‍ സ്വദേശിയായ യുവാവ് ഒരു വര്‍ഷം മുമ്പ് പോലീസിന്റെ പിടിയിലകപ്പെട്ടിരുന്നു. ഇത്തരം കേസുകളില്‍ ശിക്ഷകഴിഞ്ഞ് പുറത്തിറങ്ങിയ പത്തിലധികം പേര് വീണ്ടും ഇതേരംഗത്തിറങ്ങുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം. ഉമേഷ് മയക്കുമരുന്നു ശൃംഖലയുടെ മുഖ്യകണ്ണിയാണെന്നാണ് പോലീസ് പറയുന്നത്. പനങ്ങാട് എസ്ഐ എ.ബി.വിബിന്, എഎസ്ഐ രാധാകൃഷ്ണന്, സിപിഒ മാരായ മണിക്കുട്ടന്, ജിജു എന്നിവരും ചേര്‍ന്നാണ് ഇയാളെ അറസ്റ്റുചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാണ്ടുചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: