കൊച്ചി: കളമശ്ശേരി നിയോജക മണ്ഡലത്തിലെ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലെ പഠന നിലവാരം ഉയര്‍ത്തുന്നതിനുള്ള ഉണര്‍വ് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് കളമശ്ശേരി നഗരസഭ ടൗണ്‍ഹാളില്‍ ചലച്ചിത്ര നടന് സുരേഷ് ഗോപി നിര്‍വഹിക്കും. പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് മുന്‍കയ്യെടുത്ത് ആവിഷ്കരിച്ച പദ്ധതിയുടെ പ്രചരണാര്‍ത്ഥം കുന്നുകരയില്‍ നിന്നാരംഭിച്ച ദീപശിഖ പ്രയാണവും ടൗണ്‍ഹാളില്‍ സമാപിക്കും. ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്ക്ക് പരീത് ദീപശിഖ ഏറ്റുവാങ്ങും.
കഴിഞ്ഞ വര്‍ഷം മണ്ഡലത്തില്‍ ആരംഭിച്ച അക്ഷയ ഉച്ചഭക്ഷണ പദ്ധതിക്ക് തുടര്‍ച്ചയായാണ് ഉണര്‍വ് സമഗ്ര വിദ്യാഭ്യാസ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നതെന്ന് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 11 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. നിര്‍മാണ പ്രവര്‍ത്തനങ്ങളും ആരംഭിച്ചു.
വിദ്യാര്‍ഥികളില്‍ കാര്‍ഷികാവബോധം വളര്‍ത്തി കൃഷി പ്രോത്സാഹിപ്പിക്കല്‍, കായിക പരിശീലനം, പോഷകാഹാര വിതരണം, സ്കൂളുകള്‍ക്ക് കമ്പ്യൂട്ടര്‍, ഓഡിറ്റോറിയം, സയന്‍സ് ലാബ്, സ്മാര്‍ട്ട് ക്ലാസ് റൂം തുടങ്ങിയവയാണ് പദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ നഗരസഭ ചെയര്മാന്മാരായ ജമാല്‍ മണക്കാടന്, ജോസഫ് ആന്റണി, ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്ക്ക് പരീത്, എം.ജി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ രാജന് ഗുരുക്കള്‍, ജില്ലാ പഞ്ചായത്ത് അംഗം പി.എ. ഷാജഹാന്, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.കെ. ജിന്നാസ്, ടി.യു. പ്രസാദ്, ഫാത്തിമ ഷംസുദ്ദീന്, ഷാജിത ഷംസു, കളമശ്ശേരി നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ ജി. രവീന്ദ്രനാഥ്, കൗണ്‍സിലര്‍ ഷാജഹാന് കടപ്പിള്ളി, വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ എം.ഡി. മുരളി എന്നിവര്‍ പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: