തിരുവനന്തപുരം : കേരളത്തിലെ മുന്നണി ബന്ധങ്ങള്‍ ഉടച്ചു വാര്‍ക്കാന്‍ അണിയറയില്‍ നീക്കം. ഇതിന്റെ ഭാഗമായി കേരളാകോണ്‍ഗ്രസ്സും(എം) സിപിഎമ്മും രഹസ്യചര്‍ച്ചകള്‍ ആരംഭിച്ചു. ഐക്യമുന്നണിയിലെ അനൈക്യവും അവഗണനയും മൂലം മടുത്ത കേരളാ കോണ്‍ഗ്രസ്സിനെ വശത്താക്കാന്‍ സിപിഎമ്മിന്റെ ഒരു മുതിര്‍ന്ന നേതാവു തന്നെ മുന്നിട്ടിറങ്ങിയിട്ടുണ്ട്. അടുത്ത മേയില്‍ നടക്കുമെന്ന് കരുതുന്ന ലോകസഭാ തെരഞ്ഞെടുപ്പോടൊപ്പം കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിനും കളമൊരുക്കുക; അല്ലെങ്കില്‍ കെ.എം മാണിയെ മുഖ്യമന്ത്രിയാക്കി പുതിയ സര്‍ക്കാര്‍ രൂപീകരിക്കുക. ഈ അജണ്ടയാണ് ചര്‍ച്ചകളില്‍ മുന്നോട്ടു വയ്ക്കുന്നത്. മാണി കേരളയിലും സിപിഎമ്മിലും ഇക്കാര്യത്തില്‍ നേരിയ തര്‍ക്കങ്ങളുണ്ട്. അവ പരിഹരിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. മാണിക്ക് മുന്തിയ പരിഗണനയാണ് സിപിഎം നല്‍കുന്നത്. മുഖ്യമന്ത്രി സ്ഥാനം വരെ നല്കാന് സിപിഎം തയ്യാറായിക്കൂടെന്നില്ല.
നെല്ലിയാമ്പതി പ്രശ്നത്തില്‍ ഇടഞ്ഞു നില്‍ക്കുകയായിരുന്നു കേരളാ കോണ്‍ഗ്രസ്. ജോസ് കെ. മാണിയെ കേന്ദ്രമന്ത്രിയാക്കാമെന്ന വാഗ്ദാനം ലംഘിച്ചതോടെ ബന്ധം കൂടുതല്‍ വഷളായി. പതിനെട്ട് തോട്ടങ്ങള്‍ ഏറ്റെടുക്കാനുള്ള തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത് കേരള കോണ്‍ഗ്രസ്സിന്റെ പ്രതീക്ഷകളെല്ലാം തെറ്റിച്ചിരിക്കുകയാണ്. ഈ തക്കം നോക്കിയാണ് സിപിഎം കരുനീക്കം ശക്തമാക്കിയിട്ടുള്ളത്. ഇപ്പോള്‍ അവര്‍ക്ക് തടസ്സം വിഎസ്സാണ്. അദ്ദേഹത്തെ വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകാന്‍ കഴിയാത്ത സ്ഥിതിയാണ്. അതിനെ മറികടക്കാനുള്ള ആലോചനകളും ഒപ്പം തുടങ്ങിയിട്ടുണ്ട്.
പി.സി. ജോര്‍ജ്ജിനെയും പി.ജെ. ജോസഫിനെയും ഉള്‍ക്കൊള്ളാന്‍ സിപിഎമ്മിലെ ഒരു വിഭാഗത്തിന് വിമുഖതയുണ്ട്. എന്നാല്‍ എല്ലാവരെയും കൂടെ നിര്‍ത്തി ഒരുമിച്ച് നീങ്ങണമെന്നാണ് മാണിയുടെ ആഗ്രഹം. ഇടത് മുന്നണിയിലെ കേരളാ കോണ്‍ഗ്രസ്, സിപിഎമ്മിന്റെ നീക്കത്തെ കരുതലോടെയാണ് വീക്ഷിക്കുന്നത്. കെ.എം മാണി ഇടത് മുന്നണിയിലെത്തിയാല്‍ തങ്ങളുടെ സ്ഥിതി എന്താകുമെന്നാണ് അവരെ അലട്ടുന്നത്. ഏതായാലും ഉമ്മന്‍ചാണ്ടി മന്ത്രിസഭയെ തുരങ്കം വയ്ക്കാന്‍ ഒരു വിഭാഗം കോണ്ഗ്രസ്സുകാര് തന്നെ തുനിഞ്ഞിറങ്ങിയ സാഹചര്യത്തില്‍ എന്തിന് കേരളാ കോണ്‍ഗ്രസ് താങ്ങണമെന്ന ചോദ്യമാണ് അവര്‍ ഉയര്‍ത്തുന്നത്. വരാന്‍ പോകുന്ന ദിവസങ്ങള്‍ കേരള രാഷ്ട്രീയത്തില്‍ നിര്‍ണായകമാകും. മുപ്പത് വര്‍ഷം മുന്‍പ് കെ.എം. മാണിക്ക് നഷ്ടപ്പെട്ട മുഖ്യമന്ത്രി പദവി അടുത്തെത്തിയോ ? കേരളം വീണ്ടും ഇടക്കാല തെരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണോ ? സിപിഎമ്മിന്റെയും കെ.എം മാണിയുടെയും നീക്കങ്ങളുടെ ശക്തിയാണ് ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുക.
കെ. കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: