‘വ്യത്യസ്തമായൊരു പാര്‍ട്ടി’യെന്ന ബിജെപിയുടെ അവകാശവാദത്തെ ചോദ്യം ചെയ്യുന്ന പ്രതിയോഗികള്‍പോലും അംഗീകരിക്കുന്നതാണ് ബിജെപി നേതാവ് ഒ.രാജഗോപാല്‍ വ്യത്യസ്തനായൊരു രാഷ്ട്രീയനേതാവാണെന്നത്. അതുകൊണ്ട് കൂടിയാവാം രാജഗോപാല്‍ കേന്ദ്രമന്ത്രി ആയിരിക്കെ, കേരള മുഖ്യമന്ത്രി ആയിരുന്ന എ.കെ.ആന്റണി, കേന്ദ്രത്തിലെ ‘കേരളത്തിന്റെ അംബാസഡര്‍’ എന്ന് ആ ബിജെപി നേതാവിനെ വിശേഷിപ്പിച്ചത്. അടല്‍ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ മന്ത്രിസഭയില്‍ ഒരേ ഒരു കേരളീയനേ ഉണ്ടായിരുന്നുളളൂ; കേരളീയനെങ്കിലും കേരളത്തില്‍ നിന്നല്ലാതെ പാര്‍ലമെന്റിലെത്തിയ രാജഗോപാല്‍. ആ കേന്ദ്ര മന്ത്രിയും ആ കേന്ദ്ര മന്ത്രിസഭയും അക്കാലത്ത് കേരള വികസനത്തിനുവേണ്ടി നടപ്പിലാക്കിയ വന്‍ പദ്ധതികളും പരിപാടികളും പരിഗണിക്കുമ്പോഴാണ് കേരളം ഭരിക്കുന്ന കക്ഷിതന്നെ കേന്ദ്രം ഭരിക്കുന്ന കേന്ദ്രമന്ത്രിസഭയില്‍, കേരളത്തില്‍നിന്ന് തന്നെ തെരഞ്ഞെടുക്കപ്പെട്ട എട്ട് അംഗങ്ങള്‍ കേരളത്തിന്റെ പ്രതിനിധികളായി വാണരുളുന്ന ഇന്ന്, ഇന്ദ്രപ്രസ്ഥം കേരളത്തില്‍നിന്ന് എത്രയേറെ അകലെയാണ് എന്നറിയുന്നത്. ആ എട്ടുപേരില്‍ ഏതെങ്കിലും ഒരാളിനെ ആരെങ്കിലും കേരളത്തിന്റെ അംബാസഡര്‍ എന്ന് വിശേഷിപ്പിക്കുമോ എന്നതാണ് ഇന്നിവിടെ പ്രസക്തമായ ചോദ്യം. ബിജെപിക്കാരനായ രാജഗോപാലിനെ കോണ്‍ഗ്രസുകാരനായ ആന്റണി അന്ന് വിശേഷിപ്പിച്ചതുപോലെ, ഇന്ന് കേരളത്തില്‍നിന്നുള്ള ഒരൊറ്റ കേന്ദ്രമന്ത്രിയേയും കേരളത്തിന്റെ അംബാസഡര്‍ എന്ന് പരസ്യമായെന്നല്ല രഹസ്യമായിപ്പോലും വിളിക്കാന്‍ ഒരു കോണ്ഗ്രസുകാരന് കൂടി തയ്യാറാവില്ലെന്നതാണ് ഇവിടെ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടി. കോണ്‍ഗ്രസ് ഭരണത്തിന് നേതൃത്വം നല്കുന്ന, ഈയിടെ കേരളത്തിലെത്തിയ കോണ്‍ഗ്രസുകാരനായ പ്രധാനമന്ത്രി നിക്ഷേപക സംഗമം ഉദ്ഘാടനം ചെയ്തത് ഒരു പൈസയുടെ പോലും കേന്ദ്രനിക്ഷേപം പ്രഖ്യാപിക്കാതെയാണ്. കേരളത്തില്‍ നിന്നുള്ള വമ്പന്മാരാണ് കേന്ദ്രമന്ത്രിസഭയില്‍ എന്നോര്‍ക്കേണ്ടതുണ്ട്. അവരുടെയൊക്കെ ‘ശ്രമ’ഫലമായാണ് കേന്ദ്രത്തില്‍നിന്ന് കേരളത്തിന് കഞ്ഞി കുമ്പിളിലായിപ്പോവുന്നത്. അവരൊക്കെ അങ്ങ് ദല്‍ഹിയില്‍ അധികാര സ്ഥാനങ്ങളില്‍ ഉണ്ടായിരിക്കുമ്പോഴാണ് കൊച്ചി മെട്രോ ഉള്‍പ്പെടെയുള്ള കേരളത്തിന്റെ പദ്ധതികള്‍ ഒച്ചിനെപ്പോലെ ഇഴയുന്നത്. കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിയെന്ന നിലയില്‍ രാജഗോപാല്‍ ചെയ്ത സേവനങ്ങള്‍ക്ക് മാറ്റ് കൂട്ടുന്നത് ഇന്നത്തെ കേരളീയരായുള്ള കേന്ദ്രമന്ത്രിമാരുടെ പ്രവര്‍ത്തനവുമായി താരതമ്യം ചെയ്യുമ്പോഴാണ്. അന്നൊരിക്കല്‍ ‘സമകാലിക മലയാളം’ വാരിക ഒരു മുഖപ്രസംഗത്തില്‍ എഴുതി, -“കേരളത്തില്‍ റെയില്‍വേയില്‍ യാത്ര ചെയ്യുന്നവര്‍ക്കാര്‍ക്കും ഒരുകാലത്തും ഒ.രാജഗോപാല്‍ എന്ന നേതാവിനേയും കേണ്ടമന്ത്രി എന്ന നിലയില്‍ അദ്ദേഹം നല്കിയ സംഭാവനകളേയും മറക്കാനാവില്ല” എന്ന്.
ഒ.രാജഗോപാലിന്റെ തൊപ്പിയിലെ നിറമുള്ള തൂവലുകള്‍ നിരവധിയാണ്. കേന്ദ്രത്തില്‍ റെയില്‍വേ, പ്രതിരോധം, കമ്പനി കാര്യങ്ങള്‍ എന്നിവയുടെ സഹമന്ത്രിയെന്ന നിലകളില്‍ മാത്രമല്ല രാജേട്ടന് എന്ന് സ്നേഹപുരസ്സരം വിളിക്കപ്പെടുന്ന അദ്ദേഹം വ്യത്യസ്തനാവുന്നത്. കേരളത്തില്‍ ബിജെപിയില്‍നിന്ന് പാര്‍ട്ടിയുടെ അഖിലേന്ത്യാ നേതൃത്വത്തിലേക്ക് ഉയരാന്‍ കഴിഞ്ഞ ഏക നേതാവ് രാജഗോപാല്‍ മാത്രമാണ്. അക്കാരണത്താല്‍ കൂടിയാവാം കേരളത്തിലെ ബിജെപിക്കാര്ക്കിടയില്നിന്നുള്ള ആദ്യ പാര്ലമെന്റംഗമാവാനും ആദ്യം കേന്ദ്രത്തില്‍ മന്ത്രിയാവാനും ഉള്ള ഭാഗ്യം രാജഗോപാലിന് കൈവന്നത്. പാര്‍ട്ടിയ്ക്കുള്ളില്‍ മാത്രമല്ല പാര്‍ട്ടിയ്ക്ക് പുറത്തും ഏറെ ആദരിക്കപ്പെടുന്ന ഒരു നേതാവാണ് അദ്ദേഹമെന്നതും മറ്റൊരു സവിശേഷതയാണ്. പാര്‍ലമെന്റിലേക്കായാലും നിയമസഭയിലേക്കായാലും മത്സരിച്ചപ്പോഴൊക്കെ രാജഗോപാലിന് വേണ്ടി താമര ചിഹ്നത്തില്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തിയവര്‍ ബിജെപി അംഗങ്ങളും അനുഭാവികള്‍ മാത്രമല്ലെന്നത് കേരളത്തില്‍ എല്ലാവരും അംഗീകരിക്കുന്ന സത്യമാണ്. കക്ഷി, ജാതി, മത വ്യത്യാസങ്ങള്‍ക്കൊക്കെ അതീതമാണ് അദ്ദേഹത്തിന്റെ ‘കോണ്‍സ്ടിട്യുവന്‍സി’. അത്തരത്തിലൊരു ‘കോണ്‍സ്ടിട്യുവന്‍സി’ സ്വന്തമായി സൃഷ്ടിക്കാന്‍ കഴിഞ്ഞ കേരള രാഷ്ട്രീയ ചരിത്രത്തിലെ വിരലിലെണ്ണാവുന്ന നേതാക്കളില്‍ ഒരാളാണ് ലക്ഷണമൊത്ത ബിജെപിക്കാരനായ രാജഗോപാല്‍. ആ അപൂര്‍വം നേതാക്കള്‍ക്കിടയിലും രാജഗോപാലിനെ വ്യത്യസ്തനാക്കുന്നത് അദ്ദേഹത്തിന്റേത് വികസന രാഷ്ട്രീയത്തിന്റെ ‘കോണ്‍സ്ടിട്യുവന്‍സി’ ആണെന്നതാണ്. കേരളത്തില്‍ ഇന്ന് ഒരു രാഷ്ട്രീയ നേതാവിന് അഭികാമ്യമായതും അലങ്കാരമായിത്തീരുന്നതും വികസനത്തിന്റെ ഈ രാഷ്ട്രീയമാണ്. കേരളത്തില്‍ നിന്ന് കാലാകാലങ്ങളില്‍ കേന്ദ്രമന്ത്രിപദം അലങ്കരിക്കാന്‍ അവസരം ലഭിച്ച അനവധി പേരുണ്ട്. അവരില്‍ അതികായന്മാരുണ്ട്. ആദര്ശധീരന്മാരുണ്ട്, കേരള രാഷ്ട്രീയത്തെ കൈകളിലെടുത്ത് അമ്മാനമാടിയവരും ഉണ്ട്. അവര്‍ക്കാര്‍ക്കും തന്നെ നാളിതുവരെ ഒ.രാജഗോപാല്‍ എന്ന രാഷ്ട്രീയ വ്യക്തിത്വം വളര്‍ത്തിയെടുത്ത ഒരു പ്രത്യേക പ്രതിഛായ സ്വന്തം സംസ്ഥാനത്തോ സ്വന്തം പാര്‍ട്ടിയില്‍ പോലുമോ സ്വന്തമാക്കാനായില്ലെന്നതാണ് സത്യം. രാജഗോപാലിന്റേത് വെറും രാഷ്ട്രീയമല്ല; കറകളഞ്ഞ രാജനൈതികതയാണ്.
വ്യക്തിപരമായി പറഞ്ഞാല്‍, വിദ്യാര്‍ത്ഥിയായിരുന്ന നാള് മുതല്‍ എനിക്ക് ആദരവ് തോന്നിയിട്ടുള്ള അപൂര്‍വം ചില രാഷ്ട്രീയ നേതാക്കളില്‍ ഒരാളാണ് രാജേട്ടന്. എന്നാല്‍ അദ്ദേഹവുമായി ബഹുമാനപുരസ്സരമുള്ള ഒരകലമാണ് ഞാന്‍ എല്ലാക്കാലത്തും പാലിച്ചുപോരുന്നത്. പക്ഷെ പലപ്പോഴും അദ്ദേഹം അങ്ങേയറ്റത്തെ അടുപ്പവും അതിലേറെ വാത്സല്യവും അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ പ്രവര്‍ത്തകനോ അംഗമോ ഒന്നുമല്ലാത്ത എന്നോട് കാണിക്കുന്നത് എന്നെ ചിലയവസരങ്ങളിലെങ്കിലും തെല്ലൊന്ന് അത്ഭുതപ്പെടുത്തിയിട്ടുണ്ട്. പത്രപ്രവര്‍ത്തകനായിരുന്ന അച്ഛന്റെ സുഹൃത്ത് എന്ന നിലയ്ക്കാണ് ഞാനാദ്യം രാജേട്ടനെ അറിയുന്നത്. എന്റെ അച്ഛനും ഒരു ബിജെപിക്കാരനോ ജനസംഘക്കാരനോ ഒന്നുമായിരുന്നില്ല. എന്നാല്‍ അടിമുടി ഒരു പ്രൊഫഷണല്‍ പത്രപ്രവര്‍ത്തകനായിരുന്ന അച്ഛന്റെ ആദരവും രാജേട്ടന് പിടിച്ചുപറ്റിയിരുന്നു. എന്റെ അച്ഛനിലൂടെ ആരംഭിച്ച അങ്ങേയറ്റം ഊഷ്മളമായ ആ ബന്ധം അണുവിട വ്യത്യാസമില്ലാതെ ഇന്നും അതേപടി തുടരുന്നു. രാജേട്ടന് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാവുന്ന അവസരങ്ങളില്‍ മാത്രമാണ് ഞാന്‍ അദ്ദേഹത്തെ കാണാന്‍ പോയിട്ടുള്ളത്. കേന്ദ്രമന്ത്രിയായി, കേരളത്തിന്റെ പ്രഖ്യാപിത അംബാസഡറായി വിരാജിക്കുന്നകാലത്ത് ഒരിക്കല്‍പ്പോലും ദല്‍ഹിയില്‍ വെച്ചോ കേരളത്തിലെവിടെയെങ്കിലും വെച്ചോ ഞാന്‍ അദ്ദേഹത്തെ പോയി കണ്ടിട്ടില്ല. അതേയവസരത്തില്‍ അന്ന് കേരള ഗവര്‍ണറായി വന്ന സിക്കന്തര്‍ ഭക്തിന് ഒരു പ്രസ് സെക്രട്ടറിയെ ആവശ്യമായി വന്നപ്പോള്‍, കേന്ദ്രമന്ത്രി ആയിരുന്ന രാജേട്ടന് രേഖാമൂലം ശുപാര്‍ശ ചെയ്തത് ഒരു സാധാരണ പത്രപ്രവര്‍ത്തകനായ എന്നെയായിരുന്നു എന്നത് ഞാന്‍ നന്ദിപൂര്‍വം സ്മരിക്കുന്നു. സജീവ പത്രപ്രവര്‍ത്തനത്തിനോട് താല്‍ക്കാലികമായെങ്കിലും വിട പറയേണ്ടിവരുമായിരുന്ന ആ പദവി ഞാന്‍ ഏറ്റെടുത്തില്ലെന്നത് വേറെ കാര്യം. അടുത്തകാലത്ത് വാഹനാപകടത്തെ തുടര്‍ന്ന് ആശുപത്രിയിലായ എന്നെ കാണാനെത്തിയവരുടെ ആദ്യനിരയിലും രാജേട്ടന് ഉണ്ടായിരുന്നു. എറണാകുളത്ത് എപ്പോള്‍ വന്നാലും ‘ജന്മഭൂമി’യിലെത്താനും അവിടെ എന്റെ സഹപ്രവര്‍ത്തകരുമായി കുശലം പറയാനും സമയം കണ്ടെത്തുന്ന ഏക ബിജെപി നേതാവ് രാജേട്ടനാണെന്നതും എടുത്ത് പറയേണ്ടതുണ്ട്. ഇത്രയൊക്കെയായിട്ടും രാജേട്ടന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ അമ്പതാണ്ട് ആഘോഷിക്കുന്നതിനായി അദ്ദേഹത്തിന്റെ സ്വന്തം നാടായ പാലക്കാട്ട് കഴിഞ്ഞ ദിവസം സംഘടിപ്പിച്ച സമ്മേളനത്തില്‍, പ്രത്യേക ക്ഷണമുണ്ടായിട്ടും, സംബന്ധിക്കാന്‍ എനിക്ക് കഴിഞ്ഞില്ല. കേരളമൊട്ടാകെ ആഘോഷിക്കേണ്ടതാണ് ഒ.രാജഗോപാലിന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ സുവര്‍ണജൂബിലി. കേരള രാഷ്ട്രീയ ചരിത്രത്തില്‍ സുവര്‍ണ ലിപികളിലാണ് രാജഗോപാലിനെ രേഖപ്പെടുത്തുക. യഥാര്‍ത്ഥത്തില്‍ കേരളരാഷ്ട്രീയത്തിലെ ഒരു രാജസൂയമാണിത്. കേരളത്തിന് അദ്ദേഹം നല്കിയ സംഭാവനകള്‍ അത്രയേറെ വലുതാണ്. ഇത്തരം നേതാക്കളെയാണ് കേരളവും കേരള രാഷ്ട്രീയവും ആവശ്യപ്പെടുന്നത്. രാജേട്ടനെ കേരളത്തിന് സംഭാവന ചെയ്യാനായി എന്നത് അദ്ദേഹത്തിന്റെ പ്രസ്ഥാനത്തിന്റെ അഭിമാനകരമായ നേട്ടമാണ്. ഒപ്പം, രാജഗോപാലിനെ ജനസംഘത്തിലേക്ക് ആകര്‍ഷിച്ച് അതിന്റെ മുഴുവന്‍ സമയപ്രവര്‍ത്തകനും നേതാവുമാക്കിയ കെ.രാമന്പിള്ളയ്ക്കും രാജേട്ടന്റെ രാഷ്ട്രീയപ്രവര്ത്തനത്തിലെ ഗുരു പി.പരമേശ്വരനും കൂടി അഭിമാനകരമായ മുഹൂര്‍ത്തമാണ് ഈ അമ്പതാം വാര്‍ഷികം.
ഹരി എസ.് കര്‍ത്താ
പ്രതികരിക്കാൻ ഇവിടെ എഴുതുക: