ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ മുഴുവന്‍ കുട്ടികള്‍ക്കും വിദ്യാഭ്യാസം നിര്‍ബന്ധിതവും സൗജന്യവുമാക്കി. ഇതുസംബന്ധിച്ച ബില്‍ പാകിസ്താന് നാഷണല്‍ അസംബ്ലി ചൊവ്വാഴ്ച പാസാക്കി. അഞ്ചു മുതല്‍ പതിനാറു വയസു വരെയുള്ള കുട്ടികള്‍ക്കാണ് വിദ്യാഭ്യാസം സൗജന്യവും നിര്‍ബന്ധവുമാക്കിയത്.
വിദ്യാഭ്യാസം സൗജന്യവും നിര്ബന്ധവുമാക്കുന്നതിന് രാജ്യം മുന്തിയ പരിഗണനയാണ് നല്‍കുന്നതെന്ന് പാക് മന്ത്രി സയിദ് കര്ഷിദ് ഷാ പറഞ്ഞു. സാമ്പത്തികമായി പിന്നോക്കം നില്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി എല്ലാ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പത്ത് ശതമാനം സീറ്റുകള്‍ സംവരണം ചെയ്യാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്.
നിയമം ലംഘിക്കുന്നവര്‍ക്ക് 50,000 രൂപ പിഴയോ ആറുമാസം വരെ തടവോ ലഭിക്കും. വിദ്യാഭ്യാസ അവകാശം നിഷേധിക്കുന്നതിനെതിരെ പോരാടിയ വിദ്യാര്‍ത്ഥിനി മലാല യൂസഫ് സായിയ്ക്ക് വെടിയേറ്റതിനെ തുടര്‍ന്ന് ആഗോളതലത്തില്‍ രാജ്യത്തെ വിദ്യാഭ്യാസം സംബന്ധിച്ചും ചര്‍ച്ചകള്‍ നടന്നിരുന്നു.
വിദ്യാഭ്യാസം സൗജന്യവും നിര്‍ബന്ധിതവും ആക്കുന്ന നിയമം ഇന്ത്യന്‍ പാര്‍ലമെന്റ് 2009 ല്‍ പാസാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: