കൊച്ചി: പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന് ചെയര്മാന് എന്‍. ബാലഗോപാല്‍ നയിക്കുന്നത ഒമ്പതാമത് ജന്വിജ്ഞാന് യാത്രയ്ക്ക് ജില്ലയില്‍ വന്‍ വരവേല്‍പ്പ്. ഇന്നലെ രാവിലെ കൂത്താട്ടുകുളം ടൗണ്‍ഹാളില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളിയുടെ നേതൃത്വത്തില്‍ യാത്രയെ സ്വീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീന ജോണ്സണ് ജാഥാ ക്യാപ്റ്റനെ പൊന്നാടയണിച്ചു.
ഗ്രാമസഭ കൂടുന്ന നിശ്ചലദൃശ്യം, ദേശീയ ഗ്രാമീണ ആരോഗ്യദൗത്യത്തിന്റെ ആരോഗ്യസാക്ഷരത പദ്ധതിയുടെ വിവിധ വശങ്ങള് പ്രതിപാദിക്കുന്ന വാഹനം, ജനമൈത്രി പോലീസിന്റെ നാടകഗ്രൂപ്പ്, അനര്‍ട്ട് പ്രദര്‍ശന വാഹനം, ബുക്ക് മാര്‍ക്കിന്റെ പുസ്തക വാഹനം എന്നിവ യാത്രാ സംഘത്തോടൊപ്പം ജില്ലയിലെത്തിയിട്ടുണ്ട്.
ഇന്നത്തെ കാലഘട്ടം അറിവിന്റേതാണെന്നും അറിവാണ് സമ്പത്തെന്നും എന്‍. ബാലഗോപാല്‍ പറഞ്ഞു. ഗ്രാമസഭകളെ അറിവിന്റെ കേന്ദ്രമാക്കാനും അതുവഴി സമ്പത്ത് വര്‍ധിപ്പിക്കാനുമുള്ള നൂതന മാര്‍ഗങ്ങള്‍ അവലംബിക്കണം. ഇക്കാര്യത്തില്‍ വായന ഏറെ സഹായിക്കും. വിവിധ തൊഴില്‍ പരിശീലന പദ്ധതികള്‍ ആരംഭിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ സ്കില്‍ ഡവലപ്മെന്റ് കോര്പ്പറേഷന് മുഖേന ഗ്രാമസഭകള്‍ക്ക് തുക അനുവദിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തൊഴിലുറപ്പ് പദ്ധതിയില്‍ നൂറ് ശതമാനം പ്രവര്‍ത്തനം കാഴ്ചവച്ച വത്സമ്മ വര്‍ഗീസ്, സാഹിത്യ നിരൂപകന് വി.എം. വിനയകുമാര്‍, ജൈവ ഇന്ധനം വികസിപ്പിച്ചെടുത്ത കെ.കെ. രാമന് മാസ്റ്റര്‍ എന്നിവരെ ബാലഗോപാല്‍ ആദരിച്ചു. കൂത്താട്ടുകുളം ഗവ. സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി അജിത് വിനുവിനും അദ്ദേഹം സമ്മാനങ്ങള്‍ നല്കി. സ്വീകരണച്ചടങ്ങ് ജില്ല പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് ആദ്യമായി ബോര്‍സ്റ്റല്‍ സ്കൂളില്‍ സദ്ഗുണ സാക്ഷരത പദ്ധതി നടപ്പാക്കിയത് എറണാകുളം ജില്ല പഞ്ചായത്താണെന്ന് അദ്ദേഹം പറഞ്ഞു. മികച്ച പ്രതികരണമാണ് പദ്ധതിക്ക് ലഭിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് സീന ജോണ്സണ് അധ്യക്ഷത വഹിച്ചു. പാലക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷ ശ്രീകുമാര്‍, പഞ്ചായത്ത് ഉപഡയറക്ടര്‍ എസ്. ലത, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചന്ദ്രഹാസന്‍ വടുതല, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന് ജില്ല സെക്രട്ടറി സെലിന് ജോസഫ്, പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രിന്‍സ് പോള്‍ ജോണ്‍, സി.എന്‍. പ്രഭകുമാര്‍, പാലക്കുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനില്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ സാറക്കുട്ടി ബേബി, ലിസി ജോസ്, കെ.എം. പൗലോസ്, പി.എം. സ്കറിയ, പി.വി. സാജു തുടങ്ങിയവര്‍ പങ്കെടുത്തു. കൂത്താട്ടുകുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി എബ്രഹാം സ്വാഗതവും സെക്രട്ടറി ടി.വൈ. ജസ്ലറ്റ് നന്ദിയും പറഞ്ഞു.
സ്വീകരണ സമ്മേളനത്തിന് ശേഷം മാറാടി, പായിപ്ര, നെല്ലിക്കുഴി ഗ്രാമപഞ്ചായത്തുകളില്‍ യാത്ര പര്യടനം നടത്തി. ഇന്ന് രാവിലെ പത്തിന് വാഴക്കുളം ഗ്രാമപഞ്ചായത്തില്‍ നിന്നും യാത്ര ആരംഭിക്കും. ഉച്ചയ്ക്ക് ശേഷം രണ്ടിന് ചൂര്‍ണിക്കര, നാലിന് ചെങ്ങമനാട് എന്നിവിടങ്ങളില്‍ യാത്രയ്ക്ക് സ്വീകരണം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: