പെരുമ്പാവൂര്‍: വേങ്ങോല പ്രദേശം വിദ്ധ്വംസക പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി മാറുകയാണെന്ന് പ്രദേശവാസികള്‍ ഭയപ്പെടുന്നു. ഇവിടത്തെ വാടകകെട്ടിട സമുച്ചയങ്ങളില്‍ താമസിക്കുന്നവരില്‍ ഭൂരിഭാഗവും കുറ്റവാളികളാണെന്ന് നാട്ടുകാര്‍ പറയുന്നു. ഇത്തരക്കാരുടെ ഭീഷണിയും, പ്രവര്‍ത്തനങ്ങളും വേങ്ങോലയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നു. മോഷണമുതല്‍ ഒളിപ്പിക്കുക, കളവ് മുതലുകള്‍ വാങ്ങല്‍, അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിവിധ കേസുകളില്‍പ്പെട്ട പിടികിട്ടാപ്പുള്ളികള്‍ വരെ ഇവിടെ വാടക വീടുകളില്‍ താമസിക്കുന്നുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ഇവരില്‍ ഭൂരിഭാഗവും മറുനാട്ടുകാരാണ്. ഇവര്‍ക്ക് യാതൊരു തിരിച്ചറിയല്‍ രേഖകളും കൈവശമില്ല. അന്യനാട്ടുകാര്‍ക്കൊപ്പം ചേര്‍ന്ന് ഇവിടത്തുകാരും വിദ്ധ്വംസക ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പുറം കേന്ദ്രങ്ങളില്‍ നിന്ന് ധാരാളം പണമാണ് ഇവിടേക്ക് ഒഴുകിയെത്തുന്നത്. വാടക വീടുകളില്‍ ഒറ്റക്ക് താമസിക്കുന്ന ഇത്തരക്കാരില്‍ സ്ത്രീകളും ഉള്‍പ്പെടുന്നു. വെങ്ങോലയില്‍ ആശാരി അമ്പലത്തിന് സമീപത്ത് നിന്നും കഴിഞ്ഞദിവസം ഒരു മോഷ്ടാവിനെ പിടികൂടിയിരുന്നു. ഇയാളുടെ കയ്യില്‍ നിന്നും ലാപ്ടോപ്പ് അടക്കമുള്ള മോഷണ വസ്തുക്കള്‍ പിടിച്ചെടുത്തു.
വെങ്ങോല നിവാസികളുടെ സ്വൈര്യ ജീവിതത്തിന് തടസ്സമാകുന്ന അനധികൃത താമസക്കാരെ പൂര്‍ണമായി ഒഴിപ്പിക്കണമെന്ന് മൈത്രി റസിഡന്‍സ് അസോസിയേഷന് ആവശ്യപ്പെട്ടു. ഇതിനായി പോലീസ് സഹായത്തോടെ ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി അസോസിയേഷന് സെക്രട്ടറി ഇ.വി.നാരായണന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: